വീണ്ടും വരും, തല്‍ക്കാലം വിട, അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബി.ടി.എസ്.

ലോകം മുഴുവന്‍ ആരാധകരെ നിരാശയിലാക്കി ഒടുവില്‍ ആ പ്രഖ്യാപനമെത്തി. പ്രമുഖ സംഗീത ബാന്‍ഡ് ആയ ബിടിഎസ് അനിശ്ചിതകാല ഇടവേളയെടുക്കുന്നു. ബാന്‍ഡ് രൂപീകരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാന്‍ഡിലെ പ്രമുഖ താരം ജിന്‍ നിര്‍ബന്ധിത സൈനികസേവനത്തിനു പോകുന്നതിനാല്‍ ബാന്‍ഡിന്‍െ്‌റ ഭാവി പ്രവര്‍ത്തനം എങ്ങനെയാകും എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു.

തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങള്‍ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബാന്‍ഡ് അംഗം ജംഗൂക് ഉറപ്പു നല്‍കുന്നുണ്ട്. ബാങ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണ്ണരൂപം. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നിവരാണ് ഇതിലെ അംഗങ്ങള്‍. ഇതില്‍ ജിന്‍ന് ഡിസംബറില്‍ 30 വയസ് തികയുകയാണ്.

പുരുഷന്മാര്‍ 18-28 വയസ്സിനിടയില്‍ കുറഞ്ഞത് 18 മാസമെങ്കിലും സൈനിക സേവനം ചെയ്തിരിക്കണമെന്നതാണ് ദക്ഷിണ കൊറിയയിലെ നിയമം. ഇപ്പോഴും യുദ്ധവിരാമം പ്രഖ്യാപിക്കാത്ത ഉത്തരകൊറിയയുമായുള്ള ‘യുദ്ധത്തിലാണ്’ സാങ്കേതികമായി ദക്ഷിണ കൊറിയ. അതിനാല്‍ തന്നെ രാജ്യത്തെ പുരുഷന്മാര്‍ ഇത് പാലിക്കാറുണ്ട്. അതിനാല്‍ത്തന്നെ ജിന്‍ന് സൈനികസേവനം ഒഴിവാക്കാനാകാത്തതാണ് ബാന്‍ഡിന്‍െ്‌റ ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലെ കാരണം. 30 വയസ്സിനു മുന്‍പ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താല്‍ മതി എന്ന ഇളവ് ബിടിഎസ് സംഘത്തിന് ഇതിനകം കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ജിന്‍ന് 30 വയസ് പൂര്‍ത്തിയാകാന്‍ അധികനാള്‍ ശേഷിക്കാത്തതിനാല്‍ നിയമം ഇനി പാലിക്കേണ്ടി വരും.

ബിടിഎസിന്റെ പുതിയ വീഡിയോകള്‍ക്കായി ഏറെ ആകാംക്ഷയോടെ ലക്ഷക്കണക്കിന് ആരാധകരാണ് ലോകമെങ്ങും കാത്തിരിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഡൈനമൈറ്റ്’ എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ക്കാന്‍ ബിടിഎസിന് സാധിച്ചിരുന്നു. ഈ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍ റെക്കോര്‍ഡാണ് ബിടിഎസ് മറികടന്നത്.

കൊറിയയുടെ പേര് അന്താരാഷ്ട്ര വേദികളില്‍ ഒളിംപിക്‌സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങള്‍, ശാസ്ത്രീയസംഗീതജ്ഞര്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്. എന്നാല്‍ മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇളവില്ല, സിനിമ, പോപ്പ് സംഗീതമൊക്കെ അതില്‍ വരും. അടുത്തകാലത്തായി കൊറിയന്‍ സിനിമയ്ക്കും, സംഗീതത്തിനും ആഗോളതലത്തില്‍ ലഭിക്കുന്ന വന്‍ പ്രചാരത്തെ ഒരു സാംസ്‌കാരിക തരംഗമായാണ് കൊറിയക്കാര്‍ പറയുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version