ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പുറപ്പെട്ടു, ജോ ബൈഡനുമായും കൂടിക്കാഴ്ച

ദില്ലി: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഈ മാസം 24 ന് ടോക്കിയോയിലാണ് നാലാമത് ക്വാഡ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ തലവന്മാരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. ബൈഡനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നിതിനായി കൂടുതൽ ചർച്ച നടത്തുമെന്നാണ് മോദി അറിയിച്ചത്.

ഇന്ത്യ-ജപ്പാൻ പ്രത്യേക സ്ട്രാറ്റജിക്, ഗ്ലോബൽ പാർട്ണർഷിപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ പ്രധാനമന്ത്രിയുമായി സംസാരിക്കും. ക്വാഡ് ഉച്ചകോടിയിൽ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച നടത്തും.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം രാജ്യത്തിന് പ്രധാനമാണ്. കഴിഞ്ഞ കൂടിക്കാഴ്ചയിൽ ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ രം​ഗത്ത് വൻ നിക്ഷേപം നടത്താമെന്ന് ജപ്പാൻ അറിയിച്ചിരുന്നു. ഈ ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പുറമെ, ജപ്പാനിലെ 40,000ത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുമെന്നും മോദി അറി‌യിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version