NEWS

അവഗണനയുടെ പാളത്തിൽ ഓടുന്ന കേരളത്തിലെ ട്രെയിനുകൾ

കേരളം ഏറ്റവും വലിയ അവഗണന നേരിടുന്ന മേഖലകളിലൊന്ന് റെയില്‍വേയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ പിന്നീട് വേണ്ടെന്നുവച്ചും പുതുതായി നടപ്പിലാക്കപ്പെടുന്ന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സം നിന്നും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാതെ മാറ്റിനിര്‍ത്തിയും കേരളത്തിന്‍റെ റെയില്‍വേ വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ വിലങ്ങുതടിയാവുകയാണ്.
സംസ്ഥാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്ന റെയില്‍വേ സോണ്‍ പരിഗണിക്കാതിരിക്കുക, പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി എന്ന ബജറ്റിലെ വാഗ്ദാനം പാലിക്കാതിരിക്കുക, ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ആസ്ഥാനമായുള്ള റെയില്‍വേ റിക്രുട്ട്മെന്‍റ് ബോര്‍ഡും അടച്ചുപൂട്ടാന്‍ തീരുമാനിക്കുക, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അവശ്യമായ നിയമപരവും സാമ്പത്തികവുമായ പിന്തുണ നല്‍കാതിരിക്കുക, 50% ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു നല്‍കിയിട്ടും ശബരി റെയില്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോകാതെ ഇരിക്കുക തുടങ്ങിയ നയങ്ങളിലൂടെ സംസ്ഥാനത്തെ ഗതാഗത സൗകര്യവികസനത്തിനു മുതല്‍ക്കൂട്ടാകേണ്ട നിരവധി പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
തിരുവനന്തപുരം – ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേയ്ക്ക് പ്രോജക്ട് നടപ്പാക്കാന്‍ ആകില്ലെന്ന റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനവും ഈ നയത്തിന്‍റെ ഭാഗമാണ്. സമാനമായ നിഷേധാത്മക നിലപാടാണ് ഷൊർണൂരിൽ നിന്നും മൈസൂരിലേയ്ക്ക് റെയില്‍ മാര്‍ഗം എത്തിച്ചേരാനുള്ള പാതകളുടെ കാര്യത്തിലും സ്വീകരിച്ചു വരുന്നത്. കൊച്ചി മെട്രോയുടെ, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള എക്സ്റ്റന്‍ഷന്‍ പദ്ധതിയും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തു കിടക്കുകയാണ്. റെയില്‍വേ മെഡിക്കല്‍ കോളേജ് എന്ന പ്രഖ്യാപനവും പ്രാവര്‍ത്തികമായില്ല.
വിമാനത്താവള വികസനത്തിലും കേരളത്തിന്‍റെ പുരോഗതിക്ക് അനുകൂലമായ സമീപനമല്ല കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാര്‍ നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അദാനിക്ക് കൈമാറുകയാണ് ചെയ്തത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുവാദത്തിനും നമ്മള്‍ കാത്തിരിക്കുകയാണ്.
നൂറിനും അഞ്ഞൂറു കോടിക്കും ഇടയിൽ വരുമാനവും ഒന്നു മുതൽ രണ്ടു കോടി വരെ യാത്രക്കാരുമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ (എൻഎസ്ജി 2) കേരളത്തിൽ നിന്നു തിരുവനന്തപുരം, എറണാകുളം ജംക്‌ഷൻ (സൗത്ത്), കോഴിക്കോട്, തൃശൂർ എന്നിവ ഇടംപിടിച്ചിട്ടുള്ള സ്റ്റേഷനുകളാണ്. 20 മുതൽ 100 കോടി രൂപ വരെ വരുമാനമുള്ളതും 50 ലക്ഷം മുതൽ ഒരു കോടി വരെ യാത്രക്കാരുമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ (എൻഎസ്ജി 3) ആലുവ, പാലക്കാട്, എറണാകുളം ടൗൺ, കൊല്ലം, കണ്ണൂർ, കോട്ടയം, ചെങ്ങന്നൂർ,ഷൊർണൂർ, കായംകുളം, തലശേരി, തിരൂർ, കൊച്ചുവേളി, ആലപ്പുഴ, വടകര എന്നിവയുമുണ്ട്. 10 മുതൽ 20 കോടി വരെ വരുമാനവും 20 ലക്ഷം മുതൽ 50 ലക്ഷം വരെ യാത്രക്കാരുമുള്ള എൻഎസ്ജി നാലിലാണു കാസർകോട്, തിരുവല്ല, പയ്യന്നൂർ, കാഞ്ഞങ്ങാട് കൊയിലാണ്ടി, ഒറ്റപ്പാലം, ചങ്ങനാശേരി, കുറ്റിപ്പുറം, വർക്കല, അങ്കമാലി സ്റ്റേഷനുകൾ.എന്നിട്ടും കേരളം റെയിൽവേയുടെ ദാരിദ്ര്യ പട്ടികയിലാണ്.
ഇത്തവണത്തെ ബജറ്റിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു.സംസ്ഥാനത്തിന്‌ പുതിയ പാതകളോ സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികൾക്കുള്ള വിഹിതമോ ഇത്തവണയും കിട്ടിയില്ല. പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ടും ഇത്തവണ ലഭിച്ചില്ല.

തിരുവനന്തപുരം–-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്‌ 393.50 കോടി രൂപയും കുറുപ്പന്തറ–-ചിങ്ങവനം പാതയ്‌ക്കായി 50.94 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. വൈദ്യുതീകരണ ജോലികൾക്കായി മറ്റൊരു 100.66 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.അതേസമയം തമിഴ്‌നാട്ടിലെ വിവിധ റെയിൽവേ വികസന പദ്ധതികൾക്കായി  3,865 കോടി രൂപ ഇത്തവണത്തെ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.

Back to top button
error: