NEWS

ആത്മഹത്യ പ്രവണത ചിലരിൽ വളരെക്കൂടുതലാണ്.എന്താ കാരണമെന്ന് അറിയാമോ ?

ചില ആൾക്കാർക്ക് ഫീലിംഗ്സ് വളരെ കൂടുതലായിരിക്കും.സ്നേഹമാണെങ്കിലും ദേഷ്യമാണെങ്കിലും സങ്കടം ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ അവരത് പ്രകടിപ്പിക്കും.അവരെ സൂക്ഷിക്കണം.കാരണം അവരുടെ മൂട് എപ്പോഴാണ് മാറുന്നത് എന്ന് പറയാൻ പറ്റുകയില്ല.അതുപോലെ തന്നെ പിടിക്കാത്ത/ഇഷ്ടമില്ലാത്ത/സങ്കടം അനുഭവിക്കുന്ന സമയങ്ങളിൽ അവരുടെ വികാരപ്രകടനങ്ങൾ പലപ്പോഴും വളരെ ‘ഉയർന്ന’ രീതിയിലുമായിരിക്കും.ദേഷ്യമൊക്കെ ആ സമയത്ത് വല്ലാതെ കൂടുതലായിരിക്കും.അങ്ങിനെ ഉള്ള സമയത്ത് അവർ എന്താണ് ചെയ്യുക എന്താണ് പറയുക എന്നൊന്നും ഉണ്ടാവുകയില്ല.ഒന്നിനും ഒരു ക്ഷമ ഉണ്ടാവുകയില്ല.ഇത്തരം സമയങ്ങളിൽ പലപ്പോഴും ഇവർ ആത്മഹത്യക്ക് ശ്രമിക്കും.ഇവരുടെ ഉള്ളിൽ ആ സമയത്ത് ഭയങ്കര ഒറ്റപ്പെടൽ ആയിരിക്കും ഫീൽ ചെയ്യുക.വളരെ ക്ലോസ് ആയിട്ടുള്ള ആളുകളോടു പോലും ഇവർ തെറ്റും.
 ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത, വിഷാദം,ഒറ്റപ്പെടൽ…തുടങ്ങി  വലിയ തോതിൽ അത് മനസ്സിനെ ബാധിക്കുമ്പോഴാണ് ഇത് രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ എല്ലാം ഇതിന് കാരണമായി വരുന്നു.ഇതിന്റെ ഫലമായി ആളുകൾ നിരാശയിൽ ആണ്ടുപോകാനും അക്രമാസക്തരാകാനും ബന്ധങ്ങൾ തകരാനും ആത്മഹത്യാ പ്രവണത കാണിക്കാനും സാധ്യതയുണ്ട്.
ആത്മഹത്യകൾ എന്നും നമ്മെ വിഷമിപ്പിക്കുകയും, ചോദ്യങ്ങളെ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്… കേട്ട വിലാപങ്ങളെല്ലാം, ‘നീ എന്തിനിതു ചെയ്തു’ എന്നതാണ്… കടബാദ്ധ്യതകൾ, രോഗങ്ങൾ, പ്രണയ നൈരാശ്യങ്ങൾ, ഡിപ്രഷനുകൾ, ആഗ്രഹങ്ങളുടെ മുടക്കങ്ങൾ അങ്ങനെ പലകാരണങ്ങളും ചുറ്റുപാടുമുള്ളവർ കണ്ടെത്തുമെങ്കിലും യഥാർത്ഥ കാരണം എപ്പോഴും അകലെയായിരിക്കും.കരുതലോടെയുള്ള ഒരു വർത്തമാനം കൊണ്ട് മാത്രം രക്ഷപെടാൻ സാധ്യതയുണ്ടായിരുന്ന ഒരാളാണ് നമ്മുടെ മുന്നിൽ നിശ്ചലമായി കിടക്കുന്നതെന്ന് ഓർമ്മ വേണം.
     സ്വന്തം ജീവിതം സന്തോഷം കൊണ്ട് ഇല്ലാതാക്കിയവർ ഉണ്ടാകുമോ!? ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടി, ഇനി മരണത്തിനു കീഴടങ്ങുകയാണ് നല്ലതെന്ന് കരുതുന്നവരുണ്ടാകുമോ!?? ഇന്നത്തെ സന്തോഷം  എനിക്ക് നാളെ ഉണ്ടാകാൻ സാദ്ധ്യതയില്ല;അതിനാൽ തൻ്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതം അവസ്സാനിപ്പിക്കുന്നതാണ് ഉചിതം എന്ന് ചിന്തിക്കുന്നവർ ഉണ്ടാകുമോ!?? ജീവിതം തെരഞ്ഞെടുക്കുന്നതുപോലെ മരണവും ഒരു തെരഞ്ഞെടുപ്പാണ് എന്ന് കരുതി മരിക്കുന്നവർ ഉണ്ടാകുമോ!?? സ്വയം മരിക്കുക എന്നത് അവകാശമായി കണ്ട് ആരെങ്കിലും ഈ ലോകത്ത് മരിച്ചിട്ടുണ്ടാകുമോ!?? ഈശ്വരന്റെ സമർപ്പിക്കേണ്ടതാണ് തൻ്റെ ജന്മം എന്ന് കണ്ട് ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ!?? ഇങ്ങനെ വിചിത്രമായി തോന്നിയേക്കാവുന്ന ഒരുപാടു ചോദ്യങ്ങൾ നമ്മുടെ മുന്നിലുണ്ട് ഇതിലും എത്രയോ വിചിത്രമായ കാരണങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ജീവനെ ഇല്ലാതാക്കിയവർ തന്നെ ഈ ഭൂമുഖത്ത് എത്രയോ ഉണ്ട്.. സിനിമ നടന്റെയോ,നടിയുടെയോ മറ്റ് സെലിബ്രിറ്റികളുടെയോ വിയോഗത്തിൽ കൂടെ ചത്ത എത്രയോ പേരെ നമുക്ക് അറിയാം..!
    കേൾക്കുന്ന ആർക്കും ഇത് അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും
തന്റെ തോന്നലിനെ അതിജീവിക്കാൻ അയാൾക്ക് കഴിയാതെയായതോടെയാണ് അയാൾ ഇവിടെ മരണം തെരഞ്ഞെടുത്തിരിക്കുന്നത്.ഇവിടെ പലപ്പോഴും ആത്മഹത്യ ഒരു പ്രഹേളികയാക്കുന്നു.അതിനാൽ തന്നെ തൻ്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങളെ അവഗണിച്ചു കൊണ്ട് മരണത്തെ സ്വീകരിക്കാൻ തയ്യാറായവരുടെ  സാഹചര്യങ്ങളെക്കുറിച്ചു ആഴമേറിയ പഠനങ്ങൾ ആവശ്യമാണ്.
     ചിലരിൽ ആത്മഹത്യാ പ്രവണത ഒരു രോഗമായിത്തന്നെ വൈദ്യ ശാസ്ത്രം പറയുന്നു.. പക്ഷേ അത്തരത്തിലുള്ള രോഗികൾക്കു പോലും എന്തു കരുതലാണ് നമ്മൾ നൽകിയിട്ടുള്ളത്?? ആത്‍മഹത്യ ചെയ്തതിനു ശേഷം മാത്രമാണ് നമുക്ക് അതൊരു വലിയ കാര്യമായി തോന്നുന്നത്… ഞാൻ അങ്ങു ചത്തു കളയും,, ചത്താ മതിയാരുന്നു തുടങ്ങിയ നെഗറ്റീവ് വൈബ്രേഷൻ
വാക്കുകൾ നമുക്കിടയിൽ ഇന്ന് നിത്യ സംസ്സാര ഭാഗമായിരിക്കുന്നു… വാക്കുകൾകൊണ്ടുപോലും നമ്മളെന്തിനാണ് സ്വയം മരിക്കുന്നതിനെക്കുറിച്ചു എപ്പോഴും ഇങ്ങനെ മനസ്സിനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതു?? ആ വാക്കുകളുടെ യാഥാർഥ്യം എല്ലാത്തിന്റെയും അവസ്സാനമാണെന്ന് തിരിച്ചറിയണം… ആ രീതിയിലുള്ള സംസാരങ്ങൾ പറയുന്നവനിലും കേൾക്കുന്നവനിലും യാതൊരു ഗുണവും ചെയ്യില്ല എന്നും മനസ്സിലാക്കണം.
     ആത്മഹത്യകൾ പെരുകാതിരിക്കാൻ സാമൂഹികമായ ബോധവൽക്കരണവും, പ്രവർത്തനങ്ങളും വലിയതോതിൽ ഇന്ന് ആവശ്യമാണ്… അതിലൊന്നാണ് “സ്വയം ഇല്ലാതാകുന്നു” എന്ന അർഥം സ്പുരിക്കുന്നതെല്ലാം നമ്മൾ ഒഴിവാക്കുക എന്നത്… മറ്റൊന്നാണ് ‘ആത്മഹത്യ ചെയ്യുക’ എന്ന സമര മാർഗ്ഗത്തെ പൂർണ്ണമായും അവഗണിക്കുക എന്നത്… സർക്കാർ ഓഫീസുകൾക്കു മുൻപിൽ,, തനിക്കെതിർപ്പുള്ള ഒരു പ്രവർത്തി നടക്കുന്നിടത്ത്, അവിടെയെല്ലാം ‘ആത്മഹത്യാ ശ്രമം’ ഒരു വലിയ സമര മാർഗ്ഗമായി കാണുന്നു… സമരത്തിന്റെ ഒരു വഴിയായി ആത്മഹത്യയെ ആരും തന്നെ തെരഞ്ഞെടുക്കുവാനോ, പ്രോൽസ്സാഹിപ്പിക്കുവാനോ തയ്യാറാകരുത്‌… സമരത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയായി വാഴിക്കുന്ന രീതികളിൽ നിന്നും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും പിന്മാറുകയും വേണം… ചുരുക്കിപ്പറഞ്ഞാൽ “ആത്മഹത്യ” എന്ന ചിന്ത ഏത് ആശയ വിരുദ്ധതയുടെ പേരിലായാലും മഹത്വവൽക്കരിക്കില്ല എന്നും, സമൂഹത്തിൽ ഒരു പ്രകമ്പനവും കൊള്ളിക്കാൻ ആത്മഹത്യയ്ക്കു കഴിയില്ലെന്നും ജീവിച്ചിരിക്കുന്നവരുടെ മനസ്സുകളെ ബോധ്യപ്പെടുത്തി ക്കൊണ്ടേയിരിക്കണം എന്ന്. തൻ്റെ ഏതെങ്കിലും ഒരു ആവശ്യത്തിനായി മോഷണം നടത്തിയ ഒരാൾ  മറ്റൊരു ആവശ്യം ഉണ്ടാകുമ്പോളും ആദ്യം ചിന്തിക്കുക മോഷണത്തെ പറ്റി ആയിരിക്കും.അതുപോലെയാണ് ആത്മഹത്യയും… ജീവിതത്തിലെ ഒരു സന്നിദ്ധ ഘട്ടത്തിൽ മരണത്തെപ്പറ്റി ചിന്തിച്ചവൻ അത് ചെയ്യാൻ പരാജയപ്പെട്ടാലും പിന്നീട് ഏതൊരു ദുർഘട ഘട്ടത്തിലും മരണത്തെക്കുറിച്ചു ചിന്തിക്കും.. അതൊരു മാനസ്സിക അവസ്ഥയാണ്… ആ അവസ്ഥയാണ് ഇല്ലാതാകേണ്ടത്…!
     സ്വന്തമായി ഒരു ചിന്താ ധാര ഉറച്ചിട്ടില്ലാത്ത ചെറു ബാല്യങ്ങൾ പോലും ചെറിയ ചെറിയ ദുഖങ്ങളിലും സ്വയം ഇല്ലാതാകാൻ തീരുമാനിക്കുന്ന കാഴ്ചകളും നമ്മൾ കാണുന്നുണ്ട്… ചെറിയ കുട്ടികളും, വിദ്യാ സമ്പന്നരും, ശത കോടീശ്വരന്മാരും, പ്രഫഷണൽസും, സെലിബ്രിറ്റികളും, പുരുഷന്മാരും, സ്ത്രീകളും എല്ലാം ആത്‍മഹത്യ ചെയ്തവരുടെ പട്ടികയിലുണ്ട്… മരണം ഏതൊരുവനും തുല്യമാണെന്ന് പറയുന്നത് പോലെ ആത്മഹത്യക്കു പരമ സത്യത്തിന്റെ മഹത്വം ചാർത്തി കൊടുക്കാൻ കഴിയില്ല… അതൊരു തെറ്റായ തെരഞ്ഞെടുക്കലാണ്… പ്രായോഗികമായ രീതിയിൽ ചികിൽസയും, ബോധവൽക്കരണവും, മറ്റുള്ളവരുടെ സമീപനവും കൊണ്ട് തിരുത്താൻ കഴിയുന്ന ഒന്നാണ് മനസ്സിൽ എങ്ങനെയോ ഉറച്ചു പോയ ഇത്തരം തെറ്റായ തെരഞ്ഞെടുക്കൽ,ചിന്തകൾ എന്ന് മനസ്സിലാക്കുക.
     കുട്ടികളിലെയും, കൗമാരക്കാരിലെയും ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടു വരുന്നത് പിടിവാശിയും, സ്ട്രെസ്സും, നിരാശാ ബോധവുമാണ്.. ബൈക്ക് വാങ്ങിത്തരാനുള്ള ആവശ്യം നിരാകരിച്ച പിതാവിനോടുള്ള വാശി ആത്മഹത്യയിൽ അവസ്സാനിക്കുന്നു.. ബൈക്ക് എന്ന ആവശ്യം നിരാകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കാർ എന്ന രണ്ടാമത്തെ ആവശ്യം നിരാകരിക്കുമ്പോൾ ആത്മഹത്യയിൽ എല്ലാം തീരുന്നു… രണ്ടു ദിവസ്സം ചിരിച്ചു കാണിച്ച പെണ്ണ് അടുത്ത ദിവസ്സം ചിരിക്കാതെ പോയാൽ പരിഹാരം കയർ!?? കാമുകൻ അവഗണിച്ചാൽ കാമുകിക്ക് വിഷം അഭയം.. അങ്ങനെ നമുക്ക് ചുറ്റും എന്തെല്ലാം കാരണങ്ങൾ ആത്മഹത്യക്കു പിന്നിൽ കേൾക്കുന്നു.ഒന്നു നേരിട്ട് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ ഇതെല്ലാം.
     ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ വിശാലമായ രീതിയിൽ പഠനങ്ങൾക്ക് വിധേയമായാക്കി സമൂഹത്തിൽ വേണ്ട ബോധവൽക്കരണം നടത്തണം. ആത്മഹത്യാ പ്രവണത എന്ന രോഗം ‘പ്രകടിപ്പിച്ചിട്ടില്ലാത്ത’ ആളുകൾ നടത്തിയ ആത്മഹത്യകളാണ് കൂടുതൽ പഠന വിഷയങ്ങളാക്കേണ്ടത്…. മരിക്കാൻ തീരുമാനമെടുത്തു നടപ്പിലാക്കിയതിനു തൊട്ടു മുൻപുള്ള നിമിഷം വരെ അവരിൽ ചിലരെങ്കിലും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഉണ്ടാകുകയില്ല… ആ മനുഷ്യർക്ക് എന്തു കൊണ്ട്  നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല… അങ്ങനെയെങ്കിൽ എന്നിലും എനിക്കു ചുറ്റിനുമുള്ളവരിലും ആ ചിന്തയുടെയും,, അവസ്ഥയുടെയും അണുക്കൾ ഉറങ്ങിക്കിടപ്പുണ്ടാകില്ലേ!!?? അതാണ് സമൂഹത്തിന് ഒന്നടങ്കമായ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണെന്ന് പറയുന്നത്.
     ആത്മഹത്യയുടെ പിന്നിലെ കൂടുതൽ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ കൂടുതൽ വിഷയങ്ങളിലേക്ക് വാതിലുകൾ തുറക്കും എങ്കിലും പിടിവാശിയും,, സ്ട്രെസ്സും,, നിരാശാ ബോധവും,, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗവും,, കുടുംബ ബന്ധങ്ങളിലെ ശിഥിലതയും,, തുറന്നു സംസാരിക്കാനും, വിഷയങ്ങൾ പങ്കുവെയ്ക്കുന്നതിലെ വിമുഘതയും,, ദുരഭിമാനവും അങ്ങനെ പലതും കാരണങ്ങളായി തെളിഞ്ഞു തന്നെ നിൽക്കുന്നു… മരണം എന്ന പരിഹാരവും,, ജീവിതം എന്ന പോരാട്ടവും മനസ്സിൽ മുഖാമുഖം നിൽക്കുമ്പോൾ പോരാട്ടത്തിന് പടച്ചട്ടയിലേക്ക് കൈകൾ അറിയാതെ നീളണം… അതിനു മനസ്സിനെ സജ്ജമാക്കുന്ന വിദ്യാഭ്യാസം ഇവിടെ ലഭിക്കണം.
     ആത്മഹത്യ ചെയ്തു ഇവിടം വിട്ടു പോയവരിൽ പലരും നമ്മുടെ പരിചയക്കാരും, സ്വന്തക്കാരും അങ്ങനെ പലതും ആയിരുന്നു… അവർ സ്വയം മരണത്തെ പുൽകി കടന്നു പോകാൻ തീരുമാനിച്ചതിനു പിറകിൽ തീർച്ചയായും ഒരു കാരണമുണ്ടാകും.. ആ കാരണത്തിന് മറ്റൊരുവന്റെ ഒരു വാക്കിൽ പരിഹാരവും ഉണ്ടായിരുന്നിരിക്കാം..  ആ വാക്ക് എന്നത് പരിഹാരത്തിൻ്റെ ആകെത്തുകയായ വിശാല അർത്ഥത്തെ ഉൾക്കൊള്ളണം.. ആ വാക്ക് പറയാൻ കഴിയാതെ പോയതാണോ,, കേൾക്കാൻ കഴിയാതെ പോയതാണോ പോരായ്മയെന്ന് പഠിക്കണം… അവനവനിൽ നിന്നു തന്നെ അവനവനെ രക്ഷിച്ചു നിർത്തേണ്ട വലിയ ഒരു ടാസ്ക് ആയി മാറിയിരിക്കുകയാണ് ഇന്ന് ആത്മഹത്യ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

Back to top button
error: