
കാസർകോട്:
മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത്തവണ മതന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയോട് വിദ്വേഷ നിലപാട് സ്വീകരിക്കില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കഴിഞ്ഞ തവണ വെറും 89 വോട്ടുകള്‍ക്കാണ് ബി.ജെ.പിയ്ക്ക് മഞ്ചേശ്വരം മണ്ഡലം നഷ്ടമായത്. ഇത്തവണ മഞ്ചേശ്വരത്തും കോന്നിയിലും താന്‍ സ്ഥാനാര്‍ഥിയായത് രണ്ടിടത്തും ജയിക്കാന്‍ തന്നെയാണെന്ന് സുരേന്ദ്രന് തറപ്പിച്ചു പറഞ്ഞു.
താന്‍ രണ്ട് മണ്ഡലങ്ങളിലും ജയിച്ചുകഴിഞ്ഞാല്‍ ഏത് മണ്ഡലം ഒഴിയണം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. രണ്ട് മണ്ഡലങ്ങളും നന്നായി പരിചയമുള്ളതിനാല്‍ പ്രചരണരംഗത്ത് തനിക്ക് ബുദ്ധിമുട്ടില്ലെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മഞ്ചേശ്വരത്ത് വ്യാപകമായി ഇരട്ടവോട്ടുള്ളതായി കഴിഞ്ഞ ദിവസം സുരേന്ദ്രന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയോട് പരാതിപ്പെട്ടിരുന്നു. മണ്ഡലത്തില്‍ 1120ല്‍പ്പരം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്നായിരുന്നു സുരേന്ദ്രന്റെ പരാതി.