ദൃശ്യം 2 ന്റെ ട്രെയിലർ ഫെബ്രുവരി എട്ടിന്

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലോകവ്യാപകമായി വലിയ സ്വീകാര്യത നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ മലയാളികളെപ്പോലെ മറ്റ് സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർത്തിയാക്കി ചിത്രീകരിച്ച ദൃശ്യം 2 ആദ്യം തിയേറ്ററിൽ എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോഴാണ് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങുക എന്ന വാർത്ത പ്രേക്ഷകര്‍ അറിയുന്നത്. പ്രിയപ്പെട്ട ജോർജ്ജ് കുട്ടിയേയും കുടുംബത്തെയും തീയേറ്ററിൽ കാണാൻ സാധിക്കില്ല എന്ന വിഷമം പ്രേക്ഷകര്‍ക്കുണ്ടെങ്കിലും ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കുന്നത്

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ഫെബ്രുവരി എട്ടാം തീയതി പുറത്തു വരുമെന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. ഫാമിലി ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ദൃശ്യത്തിന്റെ രണ്ടാംഭാഗം തികച്ചും ഒരു ഫാമിലി ഡ്രാമയാണെന്നാണ് സംവിധായകൻ ജിത്തു ജോസഫ് പലപ്പോഴായി തുറന്നുപറഞ്ഞത്. എന്തായാലും പുതിയ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിലൂടെ എന്ന് പ്രേക്ഷകരിലെത്തുമെന്ന കാര്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല എങ്കിലും ഈ മാസം തന്നെ ചിത്രത്തിന്റെ പ്രദർശനം നടക്കാൻ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version