NEWS

ലൈഫ് മിഷന്‍ പദ്ധതി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് കളളം പറഞ്ഞ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലും സാന്നിധ്യവുമുണ്ടായിരുന്നു. യൂണിടാക്കുമായി സര്‍ക്കാര്‍ നേരിട്ടു ഇടപെട്ടതിന്റെ തെളിവുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. പദ്ധതി രൂപരേഖ യൂണിടാക് 2019 ഓഗസ്റ്റ് 22ന് സമര്‍പ്പിച്ചത് ലൈഫ് മിഷനാണ്. ആ രൂപരേഖ ലൈഫ് മിഷന്‍ അംഗീകരിച്ചു. ഓഗസ്റ്റ് 26നു ലൈഫ് മിഷന്‍ സിഇഒ റെഡ്ക്രസന്റിനു നല്‍കിയ കത്തില്‍ യൂണിടാകിന്റെ പ്ലാന്‍ അംഗീകരിച്ചതായി പറയുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കിനു റെഡ്ക്രസന്റ് കരാര്‍ നല്‍കിയതെന്നു ചെന്നിത്തല ആരോപിച്ചു.

അതേസമയം, കരാര്‍ ലഭിക്കാന്‍ കോടികളുടെ കോഴ ഇടപാടു നടന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നു വ്യക്തമാണ്. പദ്ധതി ലഭിക്കാന്‍ യൂണിടാക് കോഴകൊടുത്ത കാര്യം അറിയാമായിരുന്നു എന്നാണ് പാര്‍ട്ടി ചാനലില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടത്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നത്. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. കോഴ ഇടപാട് നടന്നിട്ട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് യൂണിടാകിനു കരാര്‍ ലഭിച്ചത്. ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രി പരിശോധനയ്ക്കായി വിളിച്ചെന്നു പറയുന്നത് ജനത്തെ കബളിപ്പിക്കാനാണ്. താന്‍ ഒന്നും അറിഞ്ഞില്ലെന്നു പറയാനുള്ള വിഫലശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്.

ധനമന്ത്രി, നിയമമന്ത്രി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്നിവര്‍ പറയുന്നതു പദ്ധതിക്കായി യൂണിടാക് 4.25 കോടിരൂപ കോഴ നല്‍കിയെന്നാണ്. ആപ്പോള്‍ ഈ വിവരം മുഖ്യമന്ത്രിയും അറിയണ്ടേതാണ്.
ധാരണാപത്രം ഒപ്പിട്ട ചര്‍ച്ചയുടെ മിനിട്‌സ് ഇല്ലെന്നാണു ലൈഫ് മിഷന്‍ സിഇഒ പറയുന്നത്. ഇത്തരമൊരു കോഴ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും, മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭവനപദ്ധതിക്ക് ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷികള്‍ ആരും ഈ വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രോക്‌സി, പോസ്റ്റല്‍ വോട്ടിനെ സംബന്ധിച്ച് പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ട്. കോവിഡ് രോഗികളെ കണ്ടെത്താന്‍ ഫോണിന്റെ സിഡിആര്‍ എടുക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നതിനാണ് കോടതിയെ സമീപിച്ചതെന്നു ചോദ്യത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. സിഡിആര്‍ പരിശോധിക്കണമെന്നായിരുന്നു ഡിജിപിയുടെ സര്‍ക്കുലര്‍. സിഡിആര്‍ പരിശോധിക്കുന്നില്ല ടവര്‍ ലൊക്കേഷന്‍ മാത്രമേ പരിശോധിക്കുന്നുള്ളൂ എന്നാണ് ഹൈക്കോടതിയെ അവര്‍ അറിയിച്ചത്. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധിയാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

ഇത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കോഴയിടപാടാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രി ഇപ്പോഴാണോ ഫയല്‍ കാണേണ്ടത്. ഇപ്പോള്‍ ഫയല്‍ വിളിപ്പിച്ചത് വെറും തട്ടിപ്പാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മിനിട്‌സ് പോലുമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അതെങ്ങനെ വിശ്വസിക്കും. മിനിട്‌സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: