NEWS

പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോടെങ്കിലും സോഷ്യൽ മീഡിയയിൽ മാന്യമായി ഇടപെടാൻ പറയണം :മുഖ്യമന്ത്രി

മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സി.പി.ഐ.എം  സ്വീകരിച്ചു. ഇപ്പോള്‍ സൈബര്‍ സ്പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത് എന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് –

എതിരാളികളെ കൊല്ലുന്ന കാര്യം പറയുമ്പോള്‍ മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് പറയാന്‍ ചെറിയ സമയമൊന്നും പോരാ. അടുത്ത കാലത്ത് നടന്ന മൂന്നു കൊലപാതകങ്ങള്‍ ഞാന്‍ ഓര്‍മിപ്പിക്കാം. തൃശ്ശൂരിലെ മധു, ലാല്‍ജി, ഹനീഫ. ആ മൂന്നു പേരും കോണ്‍ഗ്രസുകാരാണ്. പ്രതിപക്ഷ നേതാവ് ആ പേരുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ പറയുന്നുണ്ടോ? എന്താണ് അത് മറന്നുപോയതാണോ?  അത് എങ്ങനെ നടന്ന കൊലകളാണ് എന്നതിന്‍റെ ചരിത്രത്തിലേക്കൊന്നും ഞാനിപ്പോള്‍ പോകുന്നില്ല.

ഇപ്പോള്‍ പറയുന്നു സി.പി.ഐ.എം ഗുണ്ടകളുടെ സൈബര്‍ വധമെന്ന്. ഇതില്‍ നേരത്തെ തന്നെ ഞാന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍ സ്പെയിസിലായാലും മീഡിയാ സ്പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളത്.

ഈയടുത്തു നടന്ന ചില സൈബര്‍ ആക്രമണങ്ങള്‍ എടുക്കുമ്പോള്‍ ഒരു വശം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാ വശവും നാം കാണണ്ടേ. ശൈലജ ടീച്ചറെ ഡാന്‍സറെന്ന് വിളിച്ചത് കെപിസിസി പ്രസിഡന്‍റാണ്. ടീച്ചര്‍ക്ക് മീഡിയ മാനിയ ആണ് എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവും. സോഷ്യല്‍ മീഡിയയില്‍ ശൈലജ ടീച്ചറെ അപമാനിക്കാനും മോര്‍ഫ് ചെയ്യാനുമായി യുഡിഎഫ് സൈബര്‍ ടീമുകള്‍ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. അത്യന്തം മോശമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസമാണ് മേഴ്സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും ഭീകരമായ സൈബര്‍ തെറിവിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടാണ് മേഴ്സിക്കുട്ടിയമ്മയെ നേരിട്ടത്.

ഈ കൊറോണക്കാലത്താണ് ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്. അസഭ്യമായ വാക്കുകള്‍ ആ എഴുത്തുകാരനെതിരെയും പ്രയോഗിക്കപ്പെട്ടു. അതിനു നേതൃത്വം നല്‍കിയത് ഒരു കോണ്‍ഗ്രസ്സ് യുവ എംഎല്‍എ ആയിരുന്നു.

കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് എഴുത്തുകാരി കെ.ആര്‍. മീരയെ സോഷ്യല്‍ മീഡിയയില്‍ ഒരു യുവ കോണ്‍ഗ്രസ്സ് എംഎല്‍എ അധിക്ഷേപിച്ചത്. അതിനു ശേഷം തന്‍റെ കീഴിലുള്ള സൈബര്‍ ടീമിന് തെറിവിളിക്കാന്‍ പ്രോത്സാഹനവും നല്‍കി. അങ്ങേയറ്റം നിലവാരമില്ലാതെയാണ് ആ എംഎല്‍എ അന്ന് മീരയെ ആക്ഷേപിച്ചത്. അധിക്ഷേപം നടത്തിയ എംഎല്‍എ ഇതിനു മുന്‍പും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ലേ. ലോകം ആദരിക്കുന്ന എകെജിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുകയും തന്‍റെ സംഘങ്ങള്‍ക്ക് എകെജിയെ ആക്രമിക്കാന്‍ ഇട്ടു കൊടുക്കയും ചെയ്തു. ഇപ്പോഴും ആ ആക്രമണം തുടരുന്നില്ലേ. ആ നടപടിയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്‍റിനു തന്‍റെ അണികളില്‍ നിന്നു തന്നെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം എങ്ങനെ ആയിരുന്നു.

ഫെയ്സ്ബുക്കില്‍ കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ ഒരു വനിത ഈയടുത്തു കേസ് നല്‍കിയത്. ഈ തെറിയഭിഷേകം നടത്തിയ അതേ ദിവസം തന്നെ മറ്റൊരു യുവ കോണ്‍ഗ്രസ്സ് എംഎല്‍എ  ന്യായീകരിക്കാനിറങ്ങി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് അസഭ്യം പറഞ്ഞത് നമ്മള്‍ കണ്ടില്ലേ. പോസ്റ്റില്‍ കമന്‍റിട്ട സ്ത്രീകളെയടക്കം മറുപടിയായി അസഭ്യം പറഞ്ഞു.

അതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മേഴ്സിക്കുട്ടിയമ്മയും മീരയുമൊക്കെ നേരിട്ടതിനേക്കാള്‍ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികള്‍ക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. ‘പ്രതിപക്ഷ നേതാവ് പണിതുതന്ന വീട്ടിലിരുന്ന് അതേയാളെ വിമര്‍ശിക്കാന്‍ നാണമില്ലേ’ എന്നതിലായിരുന്നു തുടക്കം. അതു പുരോഗമിച്ച് അശ്ലീലതയിലേക്ക് നീണ്ടു. പിന്നെ അതിന്‍റെ പ്രവാഹമായിരുന്നു.

നിപ്പയെ തുരത്തുന്നതിനിടയില്‍ നാടിനു വേണ്ടി ജീവന്‍ ത്യജിച്ച ലിനി  സിസ്റ്ററുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നു. ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് നാം കണ്ടു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തതായിരുന്നു കാരണം.

മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ

ന്യൂസ് 18ലെ ഒരു അവതാരകയെ എന്തുമാത്രം കേട്ടാല്‍ അറക്കുന്ന അധിക്ഷേപമാണ് ഇവര്‍ നടത്തിയത്? ഒടുവില്‍ ചാനലിന് എതിരെയും ഭീഷണി വന്നപ്പോള്‍ ആ അവതാരകയെ പ്രൈം ടൈം ന്യൂസില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അവസ്ഥ ഉണ്ടായില്ലേ.

ഏഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു. ഒരു കോണ്‍ഗ്രസ്സ് പേജില്‍ തന്നെ അവര്‍ക്കെതിരെ വാര്‍ത്ത വന്നില്ലേ. ഭീഷണി മുഴക്കിയില്ലേ. ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലില്‍ പോയി സ്വീകരിച്ചതും നമ്മള്‍ കണ്ടില്ലേ?

മനോരമയിലെ ഒരു അവതാരികക്ക് എതിരെയും ഉണ്ടായില്ലേ കേട്ടാല്‍ അറക്കുന്ന രീതിയിലുള്ള ലൈംഗീക ചുവയുള്ള അധിക്ഷേപങ്ങള്‍.

എത്ര മാധ്യമങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു? എത്ര പേര്‍ ചര്‍ച്ച നടത്തി? ഈ ഇരട്ടത്താപ്പിനെയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

ഇങ്ങനെ അസഭ്യവര്‍ഷത്തില്‍ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ അണികള്‍. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളോട് എങ്കിലും മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ പറയണം.

ഏതെല്ലാം തരത്തിലുള്ള വാര്‍ത്തകള്‍

വാര്‍ത്തകളുടെ കാര്യങ്ങളിലേക്ക് പോയാല്‍ ഏതെല്ലാം തരത്തിലുള്ള വാര്‍ത്തകളാണ്?

സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്ദീപ് സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന് ആദ്യമായി വാര്‍ത്ത നല്‍കിയത് ഒരു പ്രമുഖ മാധ്യമമല്ലേ? അയാള്‍ ഏതു പാര്‍ടിയിലാണ് നില്‍ക്കുന്നത് എന്ന് എല്ലാവരും കണ്ടില്ലേ.

കോടിയേരി ബാലകൃഷ്ണന്‍റെ കക്ഷത്തിലേക്ക് കാമറ സൂം ചെയ്ത്  ‘ഏലസ് കണ്ടുപിടിച്ചതും’ മാധ്യമങ്ങളാണ്. എന്തായിരുന്നു അതിന്‍റെ സത്യാവസ്ഥ? ഒരു മെഡിക്കല്‍ എക്യുപ്മെന്‍റ് ശരീരത്തിലുള്ളതിനെ ചൂണ്ടികാണിച്ചുകൊണ്ടാണ് ഏലസ് എന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നത്.

ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ഒരു കോണ്‍ഗ്രസ്സ് വനിതാ നേതാവിന്‍റെ മുടി  സിപിഎം പ്രവര്‍ത്തകര്‍ മുറിച്ചു എന്ന വാര്‍ത്ത ഒന്നാം പേജില്‍ ഇട്ടത്. അവര്‍ സ്വയം മുടി മുറിച്ചതാണെന്നു പിന്നീട് ബോധ്യപ്പെട്ടില്ലേ? തിരുത്തിയോ? മാപ്പുപറഞ്ഞോ?

കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ അന്നല്ലേ കെവിന്‍ വധക്കേസില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിളിച്ചുപറഞ്ഞത് ഒടുക്കം എന്തായി?

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് മത്സരത്തിന്‍റെ ഭാഗമായി ഉടലെടുത്ത ഐ.എസ് ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണ്‍ എന്ന പ്രമുഖ ശാസ്ത്രജ്ഞനെ വേട്ടയാടി, കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ട കോടതി സര്‍ക്കാരിനോട് നഷ്ടപരിഹാരം കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹം ഇന്നലെ ഒരു മാധ്യമത്തില്‍ പറഞ്ഞത് നിങ്ങളും കേട്ട് കാണുമല്ലോ.

ഈ കാര്യം കൂടുതലായി നീട്ടിക്കൊണ്ടു പോകുന്നതല്ല നല്ലത്. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് നമുക്ക് ഇന്നത്തെ ഘട്ടത്തില്‍ യോജിച്ചു ചെയ്യാനുള്ള കാര്യങ്ങള്‍ എന്താണ് എന്നത് പൊതുവില്‍ പറഞ്ഞുകൊണ്ട് നിര്‍ത്താം. അതുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങള്‍ ചോദിക്കുന്ന നിലയും സ്വീകരിക്കാം. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നല്‍കാം. അതായിരിക്കും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: