KeralaNEWS

ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോറിഡ്രൈവര്‍ പിടിയിൽ

കൊല്ലം:ലോറിയിൽ കടത്തുകയായിരുന്ന ഒന്നരക്കോടി രൂപ വിലവരുന്ന രണ്ടേകാല്‍ ലക്ഷം  പാന്‍മസാല പായ്ക്കറ്റുകൾ പൊലീസ് പിടികൂടി.സംഭവത്തിൽ ലോറിഡ്രൈവര്‍ തൃശൂര്‍ വേലൂപ്പാടം വരന്തരപ്പള്ളി കണ്ണൂര്‍കാടന്‍ പ്രമോദി(37)നെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലം ബൈപാസില്‍ കല്ലുംതാഴത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാന്‍മസാല പിടികൂടിയത്.കൊല്ലം നഗരത്തിലും തിരുവനന്തപുരം ജില്ലയിലും വിതരണം ചെയ്യാന്‍ ചാലക്കുടിയില്‍നിന്ന് കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങളായിരുന്നു ഇത്.
രണ്ടുലോറികളിലായി 90 ചാക്കിലാണ് പാന്‍മസാല സൂക്ഷിച്ചിരുന്നത്. ആദ്യത്തെ ലോറി പൊലീസ് പിടികൂടുന്നതു കണ്ടതോടെ പിന്നിലെ ലോറി ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്. കൊടുത്തുവിട്ട മൊത്തവ്യാപാരിയുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ അടുത്തിടെ പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ പാന്‍മസാല വേട്ടയാണിത്.
സംസ്ഥാനത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സംഘമാണ് ഇതെന്ന് പോലീസ് പറഞ്ഞു ഗണേഷ്, ശംഭു, ഹാന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. കിളികൊല്ലൂര്‍ എസ്‌എച്ച്‌ഒ കെ വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐ എ പി അനീഷ്, എസ്‌ഐ താഹാകോയ, പിആര്‍ഒ ജയന്‍ സക്കറിയ, എഎസ്‌ഐമാരായ സി സന്തോഷ് കുമാര്‍, എസ് സന്തോഷ്, ജിജു, ദിലീപ്, അജോ ജോസഫ്, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പാന്‍മസാല പിടികൂടിയത്.

Back to top button
error: