പംക്തി: നല്ല നടപ്പ്
പ്രവീൺ ഇറവങ്കര
ഒരാകാശത്ത് ഒരുപാടു സൂര്യന്മാരുണ്ടായാൽ പ്രപഞ്ചം വിഷമവൃത്തത്തിൽ പെട്ടുപോകും.
പൊട്ടിത്തെറികളുടെ പൂരക്കമ്പത്തിനേ നേരമുണ്ടാകൂ.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അങ്ങനെ ഒരുപാട് സൂര്യന്മാരുള്ള ഒരു തറവാടുണ്ട്.
പുത്തൂർ തറവാട്.
ഗരുഡോപാസകരും
ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ വിഷചികിത്സ നടത്തിയവരുമായ പൂർവ്വികരുടെ പുണ്യം കൊണ്ട് സരസ്വതീ കടാക്ഷമുളള മൂന്നു മക്കൾ അവിടെ ജനിച്ചു.
പി.വി തമ്പി, പി.ജി തമ്പി, ശ്രീകുമാരൻ തമ്പി.
മൂവരും ഒന്നിനൊന്നു കേമന്മാർ.
പക്ഷേ സാഹിത്യത്തിലെ മത്സരം സാഹോദര്യം മറന്ന് ജീവിതത്തിൽ വൈരത്തിൻ്റെ അഗ്നി പടർത്തുന്നത് അവർ ഗൗനിച്ചില്ല.
ആത്മകഥയിൽ പോലും പകയുടെ തീനാമ്പുകൾ ഒളിച്ചു വെച്ച ശ്രീകുമാരൻ തമ്പി എന്ന എഴുത്തുകാരനെ ചോദ്യം ചെയ്യുകയാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രവീൺ ഇറവങ്കര
സർവ്വാദരണീയനായ ശ്രീകുമാരൻ തമ്പി സാർ വായിച്ചറിയാൻ പ്രവീൺ ഇറവങ്കര എഴുതുന്നത്,
കഴിഞ്ഞ ദിവസം അങ്ങ് 83- മത് ജന്മദിനം ആഘോഷിച്ചപ്പോൾ ഞാനും അങ്ങയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിച്ചിരുന്നു.
ഇനിയുമേറെക്കാലം ഉന്മേഷവാനായി അങ്ങ് നമ്മുടെ മാതൃകൈരളിയെ സാഹിത്യ സപര്യയാൽ പുളകിതയാക്കണമെന്നു തന്നെയാണ് എന്റെയും മോഹം.
എന്നു കരുതി തെറ്റ് തെറ്റല്ലാതാവുന്നില്ലെല്ലോ.
ദൈവം തെറ്റു ചെയ്താലും വിളിച്ചു പറയണമെന്ന് പഠിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാട്ടുകാരാണെല്ലോ ഞാനും അങ്ങയും!
ആകയാൽ ആദരവൊട്ടും ചോരാതെ ഇങ്ങനെ കുറിക്കേണ്ടി വരുന്നു.
കൃതഹസ്തനായ കവിയും ഗാനരചയിതാവും നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമൊക്കെയായ അങ്ങയ്ക്ക് സംഭവിച്ചു എന്നു ഞാൻ കരുതുന്ന ചില കൈപ്പിഴകൾ ചൂണ്ടിക്കാണിക്കാനാണ് ഈ കത്ത്.
വിനയപൂർവ്വം ഇനി വിഷയത്തിലേക്കു വരാം.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അങ്ങ് എഴുതിയ വിസ്താരഭാരഭരിതമായ ആത്മകഥ ‘ജീവിതം ഒരു പെൻഡുല’ത്തിൽ അങ്ങയുടെ ജേഷ്ഠപത്നിയും, പ്രശസ്ത നോവലിസ്റ്റും അഭിഭാഷകനുമായ പി.വി തമ്പിയുടെ ഭാര്യയുമായ വിജയലക്ഷ്മി എന്ന തങ്കമണി എന്ന മണിയെക്കുറിച്ചുളള ചില പരാമർശങ്ങൾ അതിക്രൂരവും വാസ്തവ വിരുദ്ധവും സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് ആദ്യം തന്നെ പറയട്ടെ.
‘അതൊക്കെ കഴിഞ്ഞിട്ട് കാലം കുറെയായില്ലേ !
പശൂംചത്തു മോരിലെ പുളീം പോയി ! ഇപ്പൊപ്പിന്നെ തനിക്കിതെന്തിന്റെ സൂക്കേടാ…?’ എന്നാണ് ചോദ്യമെങ്കിൽ
‘അന്ന് അത് വായിക്കുമ്പോൾ എനിക്ക് അവരെ നേരിൽ അറിയില്ലായിരുന്നു’ എന്നാണ് ഉത്തരം.
കഴിഞ്ഞ മൂന്നു മാസം മുമ്പ് വരെ വിജയലക്ഷ്മി എന്ന ‘വില്ലത്തി’യെ ദുസ്വപ്നം കണ്ട് ഉറക്കത്തിൽ ഞെട്ടിയുണർന്ന ശരാശരി മലയാളി വായനക്കാരനായിരുന്നു സാർ ഞാനും!
അങ്ങനെയിരിക്കെയാണ് എന്റെ ഹൃദയതാളം അക്ഷരാർത്ഥത്തിൽ തകർത്ത ആ സംഭവമുണ്ടായത്.
തലസ്ഥാനത്തെ ഒരു സൗഹൃദക്കൂട്ടായ്മയിൽ അന്തിച്ചർച്ചയ്ക്ക് മേമ്പൊടി കൂട്ടാൻ ഞാൻ അങ്ങയുടെ വല്ല്യേട്ടൻ പി.വി തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ എന്ന ഇതിഹാസ സമാനമായ നോവലിനെക്കുറിച്ച് പറയുന്നു.
കേട്ടവർ കേട്ടവർ ത്രില്ലടിച്ചു.
അക്ഷരവിരോധികൾ പോലും ‘ശ്രീകൃഷ്ണപ്പരുന്ത്’ എന്ന പഴയ മോഹൻലാൽ സിനിമ ഓർമ്മയിൽ ചികഞ്ഞെടുത്ത് ആവേശഭരിതരായി.
ഒരു പ്രമുഖ ചാനലിനു വേണ്ടി അത് സീരിയലാക്കിയാലോ എന്ന ചർച്ച തകർത്തു കയറുന്നു.
മുമ്പ് ചിലരൊക്കെ ശ്രമിച്ചു പരാജയപ്പെട്ടതാണ്.
എന്നാലും ഞാൻ കൊളുത്തിയ തീ പെട്ടെന്നവിടെ പടർന്നു പിടിച്ചു.
‘കൃഷ്ണപ്പരുന്ത്’ ചെയ്തേ പറ്റൂ എന്നായി ഇന്നോളം ഒരുസാദാ പരുന്തിനെപ്പോലും നേരിൽ കണ്ടിട്ടില്ലാത്തവന്മാർ വരെ…!
അടുത്ത നിമിഷം പുസ്തകത്തിന്റെ റൈറ്റ് വാങ്ങാനുള്ള ചുമതല എന്റെ ചുമലിൽ വന്നു വീണു.
പറഞ്ഞത് അബദ്ധമായിപ്പോയെന്ന് അപ്പൊഴാണ് ബോദ്ധ്യപ്പെട്ടത് !
കാരണം അങ്ങയുടെ ആത്മകഥയിലെ ‘വില്ലത്തി’യിൽ നിന്നു വേണം ഞാൻ അത് അതിസാഹസികമായി കരസ്ഥമാക്കാൻ.
ഇതിലും ഭേദം വധശിക്ഷയ്ക്കു വിധിക്കുന്നതായിരുന്നു…!
പലതും പറഞ്ഞ് ഞാൻ ഒഴിയാൻ ശ്രമിച്ചു.
പക്ഷേ പരുന്തു കമ്മിറ്റിക്കാർ ഒന്നടങ്കം എന്നെ ആ ഭീകര ദൗത്യത്തിന്റെ ചെയർമാനായി അവരോധിച്ചു കഴിഞ്ഞിരുന്നു.
“ശ്രീകൃഷ്ണപ്പരുന്ത് !
കഥ: പി.വി തമ്പി
തിരക്കഥ,സംഭാഷണം: പ്രവീൺ ഇറവങ്കര.”
സംഗതിയൊക്കെ കൊള്ളാം. ഒരു പത്തായിരം എപ്പിസോഡ് ലാവിഷായി കൊണ്ടു പോകാനുളള വകുപ്പുണ്ട്.
പക്ഷേ ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും !
25 ൽ അധികം ജനപ്രിയ സീരിയലുകൾ ചെയ്ത ഞാൻ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ആത്മ സംഘർഷങ്ങളാൽ വീർപ്പുമുട്ടി.
കഥ അവിടം കൊണ്ടും തീർന്നില്ല. ഞാൻ അന്വേഷിച്ചവരൊക്കെ പറഞ്ഞു:
“സൂക്ഷിക്കണം. അവരുമായി ഒരു ഇടപാടിനും പോകാതിരിക്കുന്നതാണ് നല്ലത് !”
വിജയലക്ഷ്മിയമ്മ കേട്ടതിലും ഭയാനകരൂപിണിയാണെന്ന് ഒരു കൂട്ടർ.
അവരുടെ കുടുംബം തന്നെ ഭീകരരാണെന്ന് മറ്റൊരു കൂട്ടർ.
കൃഷ്ണപ്പരുന്ത് ചെയ്താൽ അപകടം വരുമെന്ന് വേറൊരു കൂട്ടർ.
തമ്പി കുടുംബവുമായി അടുപ്പമുള്ള എന്റെ സുഹൃത്ത് വക്കീലിനെ കണ്ട് ഒടുക്കം ഞാൻ കാര്യം പറഞ്ഞു.
കേട്ടതും അയാൾ പൂക്കുല പോലെ വിറച്ചു തുളളി:
“അളിയാ, അളിയൻ പറഞ്ഞാ ആകാശത്തെ അമ്പിളി മാമനെ വരെ ഞാൻ പിടിച്ചു തരും. പക്ഷേ ആ വീട്ടിലേക്ക് പറഞ്ഞയച്ച് എന്നെ കൊലയ്ക്കു കൊടുക്കരുത്…!”
പ്രിയ ശ്രീകുമാരൻ തമ്പി സാർ, അങ്ങയ്ക്ക് അഭിമാനിക്കാം. ഞാൻ ഈ പറഞ്ഞവരൊക്കെ എന്നെപൊലെ അങ്ങയുടെ ആത്മകഥ വായിച്ചും കേട്ടും പേടിച്ചു പോയവരാണ്…!
അവരുടെയും നിദ്രാവിഹീന സ്വപ്നങ്ങളിൽ അങ്ങയുടെ ഏട്ടത്തിയമ്മ നിർദ്ദയം വരുത്തുപോക്കു നടത്താറുണ്ട് !
ഇനിയാണ് സാർ യഥാർത്ഥ കഥ.
ഇതുവരെ നമ്മൾ കണ്ടത് ട്രെയ്ലർ ആണ്.
ഈ ധർമ്മസങ്കടവും ഭയവും കണ്ട് ഒടുക്കം എന്റെ ഭാര്യ പറഞ്ഞു:
“വരുന്നിടത്തു വെച്ച് കാണാം ചേട്ടാ.
ഞാൻ കൂടി വരാം കൂട്ടിന്. ഏതായാലും അവർ ഒരു സ്ത്രീയാണല്ലോ…!
നമുക്ക് സംസാരിച്ചു നോക്കാം.”
അതു കൊള്ളാവുന്ന ഐഡിയ ആണെന്ന് എനിക്കും തോന്നി.
ചാവാനായാലും ജീവിക്കാനായാലും ഒരു സാക്ഷിയുളളത് നല്ലതാണല്ലോ സാർ…?
അങ്ങനെ ഞങ്ങൾ ചോദിച്ചും പറഞ്ഞും കാലത്ത് 8 മണിയോടെ ആ ‘വില്ലത്തി’യുടെ വീട്ടിലെത്തി.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുളള ആ പഴയ ഇരുനില വീട്ടിൽ.
പേടിച്ചരണ്ടാണ് ഗേറ്റു തുറന്ന് ഓരോ ചുവടും മുന്നോട്ടു വെച്ചത്.
അങ്ങയുടെ ആത്മകഥയിലെ അക്ഷരങ്ങൾ ആ നേരം കാട്ടുകടന്നലുകളെപ്പോലെ എന്റെ ചെവിക്കു ചുറ്റും വട്ടമിട്ടു പറന്നു.
അവർ എന്നോടു പറഞ്ഞു, ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാമെന്ന്…!
ചുറ്റും മൂകത.
‘സ്വപ്നം’ എന്ന ബോർഡ്.
അടഞ്ഞ ജനാലകളും മുൻവാതിലും.
ഒരു മാന്ത്രിക നോവലിസ്റ്റ് പറയാൻ ബാക്കി വെച്ചു പോയ അപസർപ്പക കഥയിലെ അന്തംവിട്ട അന്തരീക്ഷം.
“അമ്മ 10 മണിക്കേ ഉണരൂ…”
ഒച്ച കേട്ട് ഞെട്ടി നോക്കുമ്പോൾ പിന്നിൽ കോടാലിയുമായി ഒരു പരുക്കൻ മുഖക്കാരൻ.
പേടിച്ചു പോയെങ്കിലും പേടികാട്ടാതെ നിന്നു.
കൂടുതലൊന്നും പറയാതെ അയാൾ പറമ്പിലേക്ക് നടന്നു മറഞ്ഞു.
ഉള്ളം കാൽ മുതൽ ഉച്ചി വരെ വിറച്ചു.
ശരവേഗം തിരിച്ചിറങ്ങി ഗേറ്റടച്ച് കാറെടുത്തു പായുമ്പോൾ ഞാനും ഭാര്യയും ഒരക്ഷരം മിണ്ടിയില്ല.
കേട്ട കഥകളേക്കാൾ എത്രയോ ഭയാനകമാണ് കണ്ട കാഴ്ചകൾ…!
വണ്ടി നേരെ ചെന്നു നിന്നത് മണ്ണാറശ്ശാല നാഗരാജാവിന്റെ തിരുനടയിലാണ്.
മണ്ണിൽ ഉടലുരഞ്ഞു നീങ്ങുന്ന പ്രത്യക്ഷ ദൈവത്തെ ചങ്കു പൊട്ടി പ്രാർത്ഥിച്ചു.
അതുവരെ ഇല്ലാത്ത ഒരു ധൈര്യം അപ്പൂപ്പൻ കാവിലെ കാട്ടുമരം കടന്ന് കാറ്റിനൊപ്പം ആ നേരം എന്നിൽ വന്നു കയറി.
രണ്ടും കല്പിച്ച് കൃത്യം 10 മണിക്ക് ‘സ്വപ്ന’ത്തിന്റെ ഗേറ്റു കടന്ന് വീണ്ടും ചെന്നു.
കോടാലിക്കാരനെ കണ്ടില്ല.
അടഞ്ഞ വാതിലിനു മുന്നിൽ ഞാനും ഭാര്യയും നിന്നു.
പരസ്പരം സംസാരിക്കാൻ പോലും ഞങ്ങൾ മറന്നു പോയിരുന്നു.
സമയം ഇഴഞ്ഞും ഇഴയാതെയും നീങ്ങി.
“വാതിലല്ല, ആദ്യം ഈ ജനാലയാവും തുറക്കുക.”
പേടി വിഴുങ്ങിയ പതിഞ്ഞ ഒച്ചയിൽ പ്രവചനം പോലെ ഭാര്യ പറഞ്ഞു.
ജനാലയെ ഞാൻ ഒളികണ്ണിട്ടു നോക്കി.
അടുത്ത നിമിഷം അത് മലർക്കെ തുറന്നു.
ഭൂമിയിലെ മുഴുവൻ ഐശ്വര്യവും ആവാഹിച്ചെടുത്തതുപോലെ ഒരു അമ്മമുഖം അവിടെ തെളിഞ്ഞു.
ആ മുഖം അതി സുന്ദരമായി ചിരിച്ചു.
അവർ ഒന്നും ചോദിക്കാതെ പോയി വാതിൽ തുറന്നു.
“അകത്തേക്കു വാ” എന്നു ക്ഷണിച്ചു.
അന്തം വിട്ടു ഞങ്ങൾ നിന്നു.
പിന്നെ ഒന്നും മിണ്ടാതെ ആ അമ്മച്ചിരിയിൽ മയങ്ങി അകത്തേക്കു കയറി.
എന്റെ ശ്രീകുമാരൻ തമ്പി സാറേ, ആ നേരത്തെ ആന്തലും അങ്കലാപ്പും കാവ്യഭാവന കൊണ്ട് അമ്മാനമാടുന്ന അങ്ങയ്ക്കു പോലും പറഞ്ഞു ഫലിപ്പിക്കാൻ പറ്റില്ല.
വന്ന കാര്യം ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
അമ്മ അത് കേൾക്കാത്തതുപോലെ എന്നോട് ഇരിക്കാൻ പറഞ്ഞ് എന്റെ ഭാര്യയെയും കൂട്ടി അകത്തേക്കു പോയി.
അവളാനേരം എന്നെ തിരിഞ്ഞൊരു നോട്ടം നോക്കി. ഭാഗ്യമുണ്ടെങ്കിൽ ഇനി വീണ്ടും കാണാമെന്നായിരുന്നു അതിന്റെ അർത്ഥമെന്ന് അവളുടെ രണ്ടു കുട്ടികളുടെ അച്ഛനായ എനിക്ക് അതിവേഗം പിടികിട്ടി.
ആദ്യ ഷോക്ക് അല്പം അയഞ്ഞപ്പോൾ ഞാൻ ചുവരിൽ നോക്കി.
അടുക്കി വെച്ച അനേകം പുസ്തകങ്ങളും അരികത്തായി കൊളുത്തി വെച്ച വിളക്കിനു മുന്നിൽ ആ വശ്യമന്ദഹാസവും.
അതെ, ഇത് അദ്ദേഹം തന്നെ.
ഞാനൊരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത, അക്ഷരം കൊണ്ട് ആയിരംവട്ടം കണ്ടിട്ടുളള ആ എഴുത്തു രാജകുമാരൻ.
പി.വി തമ്പി എന്ന പുത്തൂർ വാസുദേവൻ തമ്പി !
ആ കണ്ണുകളിൽ ഇനിയും മരിക്കാത്ത നക്ഷത്രദീപ്തി തത്തിക്കളിക്കുന്നു.
ഞാൻ രണ്ടു കയ്യുമെടുത്ത് തൊഴുതു നമസ്കരിച്ചു.
കൃഷ്ണപ്പരുന്തും സൂര്യകാലടിയും പള്ളിവേട്ടയും മണക്കുന്ന മുറിയിൽ ഒറ്റയ്ക്കു നിന്നപ്പോൾ, ഇന്ത്യയിലെ ആദ്യ 3D ഹൊറർ നോവൽ ‘ഗംഗ’ എഴുതാൻ കാണിച്ച എന്റെ ധൈര്യം ചോർന്നു പോയി.
അമ്മയ്ക്കൊപ്പം പോയ ഭാര്യയുടെ അവസാന നോട്ടം വീണ്ടുമെന്നെ വേട്ടയാടിയപ്പോൾ ഔചിത്യം മറന്ന് ഞാൻ അകത്തേക്ക് ചെന്നു.
അവിടെ അടുക്കളയിൽ ചിരപരിചിതരെപ്പോലെ ചിരിച്ചും കഥപറഞ്ഞും അവളും അമ്മയും ചായയുണ്ടാക്കുന്നതു കണ്ട് വായ പൊളിച്ചു ഞാൻ നിന്നു.
അടുത്ത ഷോക്കായിരുന്നു അത്.
ഈ ദൃശ്യത്തിന് ഒരു ആന്റീ ക്ലൈമാക്സ് ഉണ്ടാകുമെന്നുതന്നെ ഞാൻ തീർച്ചയാക്കി.
ഓർക്കാപ്പുറത്ത് ഒരു ചെയിഞ്ച് ഓവർ.
കറിക്കത്തി കൊണ്ടോ ചായപ്പാത്രം കൊണ്ടോ മിനിമം പപ്പടംകുത്തി കൊണ്ടെങ്കിലും ഒരു സഡൻ അറ്റാക്ക്.
അതിർത്തിയിലെ പട്ടാളക്കാരനെപ്പോലെ എന്തും നേരിടാൻ ഞാൻ കരുതി നിന്നു.
പക്ഷേ ഒന്നും സംഭവിച്ചില്ല.
ചായ തിളച്ചു.
ഭാര്യ പകർന്നു.
അമ്മ പഞ്ചസാരയിട്ടു.
ഞങ്ങൾ കുടിച്ചു.
അത് ഒരു ആജീവനാന്ത ബന്ധത്തിന്റെ തുടക്കം പോലെയായിരുന്നു.
അതോ ഏതേതോ ബന്ധങ്ങളുടെ ബാക്കി പത്രമോ ?
പറയാത്ത കഥകളില്ല.
പങ്കുവെയ്ക്കാത്ത നൊമ്പരങ്ങളില്ല.
അമ്മ ഞങ്ങളെ മകളും മരുമകനുമായി സ്വീകരിച്ചു.
ഞാൻ പരിഭവിച്ചു കൊഞ്ചിയപ്പോൾ മകനെന്നും മരുമകളെന്നും അമ്മ തിരുത്തി.
ആറു മാസം മുൻപ് അമ്മയെ നഷ്ടപ്പെട്ട ഞാനും ഒരു വർഷം മുമ്പ് അമ്മ വിട്ടു പോയ ഭാര്യയും കൊതി തീരെ ആ അമ്മവസന്തം അനുഭവിച്ചു.
എത്രയോ മണിക്കൂറുകൾക്കു ശേഷം യാത്ര ചോദിക്കുമ്പോൾ അമ്മ അനുവാദം തരാതെ വഴിമുടക്കി നിന്നു.
പോയ കാര്യം മറന്നു പോയ ഞങ്ങളോട് അമ്മ അത് ചോദിച്ചറിഞ്ഞു.
പിരിയുമ്പോൾ ഞങ്ങൾ കാൽ തൊട്ടു വണങ്ങി. പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു.
ആദരണീയനായ ശ്രീകുമാരൻതമ്പി സാർ, ഈ അമ്മയെക്കുറിച്ചാണോ അങ്ങ്…?
അമ്മ കഴിഞ്ഞ ദിവസം മൂത്ത മകൾ ലത ജോൺസനൊപ്പം അമേരിക്കയിലേക്കു പോകുന്നതിനു മുമ്പും ഞങ്ങൾ കണ്ടിരുന്നു.
ആദ്യാനുഭവത്തിന്റെ മാർജിനൽ യൂട്ടിലിറ്റി അല്പം പോലും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല കുറച്ചധികം കൂടുകയും ചെയ്തു.
ഈ അമ്മയെക്കുറിച്ചാണോ
അങ്ങ്…?
(കഥാരംഭത്തിൽ കോടാലിയുമായി കടന്നു വന്ന ഭീകരൻ പുറംപണിക്കാരൻ പാവം സുനിലാണെന്നുകൂടി ഇത്തരുണ ത്തിൽ രേഖപ്പെടുത്തട്ടെ !)
ഇതൊക്കെ എന്റെ മുരിങ്ങച്ചോട്ടിൽ നിന്നുള്ള മൂന്നു മാസത്തെ ബാലിശവും അതി വൈകാരികവുമായ കാഴ്ചകളാണെന്ന് അങ്ങയ്ക്കു വേണമെങ്കിൽ പുച്ഛിച്ചു തള്ളാം.
പക്ഷേ സാർ, എന്തൊക്കെപ്പറഞ്ഞാലും അത് അങ്ങയുടെ ഏട്ടത്തിയമ്മയാണ്.
ഏട്ടത്തി എന്ന പദത്തിനൊപ്പം അമ്മ എന്ന ശബ്ദം ചേർത്തു വെയ്ക്കുമ്പോൾ അതിനൊരു വല്ലാത്ത ലയതാളഭംഗിയുണ്ടെന്നാദ്യം പറഞ്ഞത് ഞാനല്ല,
ആദി കവി രാമായണകാരൻ വാത്മീകിയാണ്.
ഇരുപത്തിനാലായിരം ശ്ലോകങ്ങളാൽ സമൃദ്ധമായ രാമായണത്തിന്റെ മർമ്മം’മാം വിദ്ധി ജനകാത്മജാം’എന്ന ഒറ്റ വാക്യമാണെന്ന് എന്നെക്കാൾ നന്നായി അങ്ങെയ്ക്ക് അറിയാം !
ശ്രീരാമനും സീതക്കുമൊപ്പം വനവാസത്തിനിറങ്ങിപ്പുറപ്പെട്ട ലക്ഷമണനോട് അമ്മ സുമിത്ര, സീതയെ ചൂണ്ടിക്കാട്ടി പറയുന്നു:
“മോനേ,നിന്റെ ഏട്ടത്തി ഈ ജനകപുത്രി സീതയുണ്ടെല്ലോ, ഇവൾ നിനക്ക് അമ്മയാണ് !”
അങ്ങനെ വരുമ്പോൾ അങ്ങയുടെ അമ്മ കരിമ്പാലേത്ത് ഭവാനിയമ്മത്തങ്കച്ചിക്ക് തത്തുല്യയല്ലേ ഈ ഏട്ടത്തിയമ്മ വിജയലക്ഷ്മിയും…?
പതിനാലാം വയസ്സിൽ നിങ്ങൾ അനുജന്മാരെക്കാളെല്ലാം ഇളയവളായി ഋതുമതി പോലുമാകാത്തൊരോമന പെൺകിടാവായല്ലേ അവൾ നിങ്ങൾടെ വാവുത്തത്തന്റെ കയ്യും പിടിച്ച് വലതുകാൽ വെച്ചാ തറവാട്ടിലേക്ക് കയറി വന്നത് ?
കൗതുകം വിട്ടൊഴിയാത്ത കൗമാരം മറന്ന് എത്ര പെട്ടെന്നാണാ പാവം നിങ്ങളുടെ ഏട്ടത്തിയമ്മയായി പരിണാമപ്പെട്ടത്…?
പെറ്റമ്മയെപ്പൊലെ പോറ്റമ്മയെപ്പോലൊരമ്മ !
എന്നിട്ടും.. എന്നിട്ടുമെന്തേ സാർ അങ്ങ് ആ അമ്മയോട്,
ഏട്ടത്തിയമ്മയോട് ഈ അരുതായ്മകളൊക്കെ ചെയ്തു ?
“നിലാവു പോലൊരമ്മ
കിനാവു കാണുമമ്മ
ഉണ്ണാതുറങ്ങാതെ
പൊന്നോമനയുടെ
മന്ദസ്മിതം മാത്രമോർത്തു..”
എന്നൊക്കെ അമ്മമനസ്സുകൾ ആവാഹിച്ചെഴുതിയ മലയാളിയുടെ പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി തന്നെയാണോ ഇത് ?
കാലം മറുപടിക്കായി കാത്തു നിൽക്കുന്നുണ്ട് സാർ.
തല്ക്കാലം ചുരുക്കുന്നു.
ശേഷം അടുത്ത ആഴ്ച.
അടുത്ത കത്തിൽ.
സ്നേഹാദരങ്ങളോടെ
പ്രവീൺ ഇറവങ്കര