പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസി വിരുദ്ധ പ്രവർത്തകനും ആയിരുന്ന നീമൊളെറുടെ വരികളുടെ അവസാനം ഇങ്ങനെ പറയുന്നു, ” ഒടുവിൽ അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.. ” കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഉപയോഗിക്കുന്ന വരികളാണിത്. ബംഗാളിന്റെ യാഥാർത്ഥ്യം ഇന്ന് ഈ വരികളോട് ചേർന്ന് നിൽക്കുന്നു. എന്നാൽ ഈ വരികൾ എപ്പോഴും ഉരുവിടുന്ന കമ്മ്യൂണിസ്റ്റുകാർ ആ യാഥാർത്ഥ്യത്തോട് ബംഗാളിൽ പുറം തിരിഞ്ഞു നിൽക്കുന്നു.
ബംഗാൾ പിടിക്കാൻ ബിജെപി എല്ലാ തരത്തിലും ഒരുങ്ങിയിരിക്കുകയാണ്. 2021 പകുതിയോടെ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കായി കരുക്കൾ നീക്കുന്നത് സാക്ഷാൽ അമിത് ഷാ തന്നെ. ബംഗാളിനായി പ്രത്യേക ഐ ടി സെൽ കേന്ദ്ര മേൽനോട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. റിപ്പബ്ലിക് ടിവി അതിന്റെ പ്രത്യേക ഡിവിഷൻ തന്നെ ബംഗാളിൽ ആരംഭിച്ചുകഴിഞ്ഞു.
ആളൊരുങ്ങി അരങ്ങൊരുങ്ങി. മമതാ ബാനർജിയും അമിത് ഷായും ബംഗാളിൽ നേരിട്ട് ഏറ്റുമുട്ടാൻ പോവുകയാണ്. പത്തു വർഷം കൊണ്ടാണ് ബംഗാളിൽ ബിജെപി പടർന്നുപന്തലിച്ചത്. പത്തു കൊല്ലം മുമ്പുള്ള നിയമസഭാതിരഞ്ഞെടുപ്പിൽ ബംഗാളിലെ 294 സീറ്റുകളിൽ 289 എണ്ണത്തിലാണ് ബിജെപി മത്സരിച്ചത്. എന്നാൽ ഒരിടത്തും ജയിക്കാനായില്ല. വെറും 4.6 ശതമാനം വോട്ടാണ് അന്ന് ബിജെപി നേടിയത്. 2016ൽ വോട്ടോഹരി ബിജെപി വർധിപ്പിച്ചു. 10.6 ശതമാനം വോട്ട് ലഭിച്ചെങ്കിലും വിജയിക്കാനായത് മൂന്നു സീറ്റിൽ മാത്രം.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബംഗാളിൽ വലിയ തേരോട്ടം നടത്തി. 40 ശതമാനം വോട്ടും 18 സീറ്റും നേടി. ഇന്നിപ്പോൾ 2021ൽ ബംഗാൾ പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. ബംഗാളിൽ ബിജെപിക്കും അധികാരത്തിനും ഇടയിലുള്ള ദൂരം ഒന്നുമാത്രം, ദീദി എന്ന മമതാ ബാനർജി.
അങ്ങനെ പറയാൻ കാരണം എന്താണ്? ബിജെപി വളർന്നത് ആരുടെ വോട്ട് വിഹിതം തട്ടി എടുത്താണ്?മുഖ്യ എതിരാളി തൃണമൂൽ കോൺഗ്രസ് ആയതിനാൽ ആ പാർട്ടിയുടെ വോട്ട് വിഹിതത്തിന്റെ കണക്കുകൾ നോക്കാം. 2011-ൽ കോൺഗ്രസിനൊപ്പം ആയിരുന്നു ടിഎംസി മത്സരിച്ചത്. അന്ന് ടിഎംസി നേടിയത് 38.9 ശതമാനം വോട്ട്. 2016ൽ ടിഎംസി തനിച്ച് മത്സരിച്ചു. അപ്പോൾ ടിഎംസി നേടിയത് 45.5 ശതമാനം വോട്ട്. 2019ൽ ബിജെപി കുതിച്ചുയർന്നു വന്നപ്പോഴും ടിഎംസി പിടിച്ചുനിന്നു. വോട്ട് വിഹിതം 43.3 ശതമാനം. അതായത് പത്തുവർഷം കൊണ്ട് ബിജെപി വൻകുതിപ്പ് നടത്തിയെങ്കിലും അത് ടിഎംസിയ്ക്ക് കോട്ടം തട്ടിയില്ല എന്നർത്ഥം.
പിന്നെ എങ്ങനെയാണ് ബിജെപി വളർന്നത്? ഏറെക്കാലം ബംഗാൾ ഭരിച്ചത് ഇടതുപക്ഷമാണ്. പിന്നീട് തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടു എന്നത് യാഥാർത്ഥ്യം. അതുവരെ കോൺഗ്രസ് ആയിരുന്നു മുഖ്യ പ്രതിപക്ഷം. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ആ വലിയ വോട്ട് വിഹിതത്തിലേക്ക് കടക്കുന്നില്ല. 2016ൽ സിപിഎമ്മും സിപിഐയും ഉൾപ്പെട്ട ഇടതുമുന്നണിക്ക് 26.6 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ 2019ൽ അത് 7.5% ആയി. 2016 ൽ കോൺഗ്രസിന് ലഭിച്ചത് 12.4 ശതമാനം വോട്ടാണ്. 2019ൽ അത് 5.6 ശതമാനമായി. അതായത് 10 വർഷത്തിനിടയിൽ ഇടതുപക്ഷത്തു നിന്നും കോൺഗ്രസിൽ നിന്നും ഒരു കോടി വോട്ടെങ്കിലും ബിജെപി ക്യാമ്പിലേക്ക് പോയിട്ടുണ്ട് എന്നർത്ഥം.
ഇന്ന് ബിജെപി എന്ന കക്ഷിയെ നേരിടുന്ന തൃണമൂൽ കോൺഗ്രസ് വലിയൊരു പ്രതിസന്ധി നേരിടുകയാണ്. വാഗ്ദാനപ്പെരുമഴയിൽ തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ നേതാക്കളൊക്കെ ബിജെപിയിലേക്ക് ഒഴുകുന്നു. അതൊന്നും കാര്യമാക്കാതെ തന്റെ പ്രഖ്യാപനങ്ങളും പ്രചാരണങ്ങളുമായി മമതാ ബാനർജി മുന്നോട്ടുനീങ്ങുന്നു. രണ്ടു കക്ഷികളും നേരിട്ടുള്ള ഏറ്റുമുട്ടൽ ആണെങ്കിൽ മമത ബനർജി വളരെ എളുപ്പം കടന്നു കയറാവുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.
അതിനു പ്രത്യേകമായി ഒരു കാരണം ഉണ്ട്. സംസ്ഥാനത്ത് 10 കോടിയോളം ആണ് ജനസംഖ്യ. ഇതിൽ 29 ശതമാനം മുസ്‌ലിംകളാണ്. അതായത് ഏതാണ്ട് മൂന്നു കോടിയോളം വരുന്ന ജനത ബിജെപിക്കൊപ്പം നിൽക്കില്ലെന്ന് ഉറപ്പ്. 125 മണ്ഡലങ്ങളിൽ ആണ് ഇവർക്ക് നിർണായകമായ സ്വാധീനം. ഒവൈസിയുടെ പാർട്ടി ഇക്കുറി ബംഗാളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അത് മമതയ്ക്ക് ഒരു ഭീഷണിയല്ല. കാരണം ഉറുദു സംസാരിക്കുന്ന മുസ്ലിംകളുടെ അംഗബലം ബംഗാളിൽ താരതമ്യേന കുറവാണ്.
മമതാ ബാനർജി ഏകാധിപതിയാണെന്നത് സത്യമാണ്. ബംഗാളിൽ ഇടതു സർക്കാരിന്റെ അന്ത്യം കുറിച്ചതും ഇവരാണ്. പക്ഷേ കഴിഞ്ഞ പത്തുവർഷമായി അധികാരത്തിൽ ഇരുന്നിട്ടും ജനങ്ങളുടെ മനസ്സിൽ നിന്ന് അവർ മാഞ്ഞിട്ടില്ല. ഭരണവിരുദ്ധവികാരം ആകട്ടെ ബംഗാളിൽ ഏശില്ലെന്ന് അവസാനം നടത്തിയ സർവ്വേ പോലും പറയുന്നു.
ബംഗാളിൽ ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിരാളികളായി കാണുന്നുവെന്നാണ് കോൺഗ്രസ്- ഇടതുപക്ഷ സഖ്യം പറയുന്നത്. ഇത് ഒരുമാതിരി പൂച്ചയെ പിടിപ്പിക്കാൻ ചെന്നായുടെ ചുമലിൽ ഇരിക്കുന്ന അണ്ണാൻറെ അവസ്ഥയാണ് . പൂച്ച ഒരു പക്ഷെ രക്ഷപ്പെട്ടേക്കാം, എന്നാൽ അണ്ണാൻ ഒരിക്കലും രക്ഷപ്പെടില്ല.
പ്രത്യക്ഷത്തിലോ പരോക്ഷമായോ ബിജെപിക്ക് അനുകൂലമായ ഒരു നീക്കം പോലും ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും എന്നെന്നേക്കുമായി ഇല്ലാതാക്കും. മമതയുടെ ജനസമ്മതിയും മറികടന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന ഒരു വലിയ ജനവിഭാഗം ഇപ്പോഴും ബംഗാളിൽ ഉണ്ട്. അത് ചുരുങ്ങി ചുരുങ്ങി വരികയാണ്. എങ്കിലും പഴയ ആശയ കെട്ടുറപ്പിന്റെ 25 ശതമാനമെങ്കിലും അവരിൽ നിലവിലുണ്ട്. പ്രാദേശികതലത്തിൽ കോൺഗ്രസിനും ഉണ്ട് ചില നേതാക്കളെ മുൻനിർത്തിയുള്ള വോട്ട് ബാങ്ക്.
ത്രികോണ മത്സരമാണ് കോൺഗ്രസും ഇടതുപക്ഷവും ലക്ഷ്യമിടുന്നത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഇതൊരു ത്രികോണമത്സരം ആവില്ല എന്ന് തീർച്ച. പകരം കോൺഗ്രസ്- ഇടതുസഖ്യം തൃണമൂൽ വോട്ടിൽ വിള്ളൽ വീഴ്ത്തി ബിജെപി വിജയത്തിന് വഴിയൊരുക്കും. മഹാരാഷ്ട്രയിൽ തന്ത്രപരമായ സഖ്യം ആണ് ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിയത്. തോറ്റെങ്കിലും ധീരോദാത്തമായ പോരാട്ടമാണ് ബിഹാറിൽ മഹാസഖ്യം നടത്തിയത്. പരസ്പര പല്ലും നഖവും കൂർപ്പിച്ചിരുന്ന ഫ്രാൻസും ബ്രിട്ടനും രണ്ട് ലോകമഹായുദ്ധങ്ങളിലും ജർമ്മനി ക്കെതിരെ ഒന്നിച്ചുനിന്നു എന്നത് ഒരു പാഠമാണ്.
ഇനി ഇടതുപക്ഷം മുന്നിൽ കാണുന്നത് പറയാം. ഇത്തവണ മമതാബാനർജി തോൽപ്പിക്കപ്പെട്ടാൽ 2026ൽ ബിജെപിക്കെതിരെ ശക്തമായ ഒരു എതിർപക്ഷം ആകാൻ ഇടതുപക്ഷത്തിന് കഴിയുമെന്നാണ് ആ കണക്കുകൂട്ടൽ. എന്നാൽ ആ കണക്കുകൂട്ടൽ നേരെ തിരിച്ചിട്ടാലോ? ബംഗാൾ ബിജെപി പിടിച്ചാൽ കേന്ദ്ര-സംസ്ഥാന ഘടകങ്ങൾ മറ്റൊരു പാർട്ടികൾക്കും സ്ഥലം ഒരുക്കുകയില്ല. മറിച്ച് തൃണമൂൽ കോൺഗ്രസ് ജയിക്കുക ആണെങ്കിലോ? മമതാ ബാനർജിക്ക് ശേഷം ആ പാർട്ടിയെ നയിക്കാൻ ആരുണ്ട്? ഇടതുപക്ഷത്തിന് കൂടുതൽ എളുപ്പവഴി ഏതാവും?
1960-കൾ മുതൽ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം എന്നു പറയുന്നത് കോൺഗ്രസ്- സിപിഐഎം രക്തച്ചൊരിച്ചിലിന്റേതാണ്. അതിപ്പോൾ സൗകര്യപൂർവ്വം മറക്കാം എങ്കിൽ എന്തുകൊണ്ട് പത്തുവർഷത്തെ അനുഭവങ്ങൾ താൽക്കാലികമായി മറന്നുകൂടാ? ഇനി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഒരു സഖ്യ സർക്കാരാണ് നിലവിൽ വരുന്നതെങ്കിൽ അവരുടെ ഏകാധിപത്യ പ്രവണതകൾക്ക് കൂച്ചുവിലങ് ഇടാൻ ആകില്ലേ ?
ഇനി ഈ തെരഞ്ഞെടുപ്പിലും പരാജയം തന്നെയാണ് ഗതിയെങ്കിൽ കോൺഗ്രസിന്റെ ഇടതുപക്ഷത്തെയും ബംഗാളിലെ സ്ഥിതിയെന്താകും? സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ ഒഴുകുക എന്നത് തൽക്കാലം കേരളത്തിൽ ചിന്തിക്കാനാവില്ല. എന്നാൽ ബംഗാളിൽ അത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി പാർലമെന്ററി വിജയങ്ങൾ അണികളെ കൂട്ടും എന്ന സാധാരണ രാഷ്ട്ര തന്ത്രം സിപിഎം തിരിച്ചറിയാത്തത് എന്ത് ? ഒറ്റയക്കത്തിൽ നിന്ന് പൂജ്യത്തിലേക്ക് പോകുന്ന കോൺഗ്രസ് ഇനിയെങ്കിലും ഉറക്കത്തിൽ ഉണരുമോ?