NEWSWorld

വീണ്ടും താലിബാന്‍ ‘വിസ്മയം’; അഫ്ഗാനിസ്താനില്‍ കറുപ്പ് കൃഷിയില്‍ 95 ശതമാനത്തിന്റെ കുറവ്

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരമേറ്റ ശേഷം മാരക ലഹരിമരുന്നായ കറുപ്പ് കൃഷിയില്‍ 90 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച യു.എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2022 ഏപ്രിലിലാണ് താലിബാന്‍ പോപ്പി(കറുപ്പ്) കൃഷി ഔദ്യോഗികമായി നിരോധിച്ചത്. 2022 അവസാനത്തോടെ 233,000 ഹെക്ടറില്‍ നിന്ന് 2023ല്‍ 10,800 ആയി കറുപ്പ് കൃഷി കുറഞ്ഞു. ഏകദേശം 95 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് മയക്കുമരുന്നും കുറ്റകൃത്യവും സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ടില്‍(യു.എന്‍.ഒ.ഡി.സി) പറയുന്നു.

Signature-ad

കറുപ്പിന്റെ ഉല്‍പ്പാദനത്തിലും ഇതേകാലയളവില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 6,200 ടണ്ണില്‍ നിന്ന് 333 ടണ്ണായി കുറഞ്ഞു. കൃഷിയിലേര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ക്ക് 1 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അനധികൃത കറുപ്പ് വ്യവസായത്തിനെതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്താനിലെ പുതിയ നീക്കം സഹായകമാകുമെങ്കിലും ഉപജീവനത്തിനായി ദീര്‍ഘകാലമായി കറുപ്പ് കൃഷിയെ ആശ്രയിക്കുന്ന ജനതയ്ക്ക് തിരിച്ചടിയാകുമെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

2021 ഓഗസ്റ്റില്‍ യു.എസ് നേതൃത്വത്തിലുള്ള വിദേശ സേനയുടെ പിന്‍വാങ്ങലിനെത്തുടര്‍ന്നാണ് അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലെത്തിയത്. അന്താരാഷ്ട്ര ഉപരോധങ്ങളും സാമ്പത്തികവും നയതന്ത്രപരവുമായ ഒറ്റപ്പെടല്‍ കാരണം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. അഫ്ഗാനിസ്താന്റെ തെക്കന്‍ മേഖലയിലാണ വ്യാപകമായ കറുപ്പ് കൃഷി. മയക്കുമരുന്നായ ഹെറോയില്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പില്‍ നിന്നാണ്.

ലോകത്തിലെ ഏറ്റവും മികച്ച കറുപ്പ് നിര്‍മ്മാണം അഫ്ഗാനിസ്താനിലായിരുന്നു. ആഗോള വിതരണത്തിന്റെ 80 ശതമാനത്തിലധികം ഇവിടെ നിന്നായിരുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും ഹെറോയിന്റെ പ്രധാന ഉറവിടവും അഫ്ഗാനിസ്‌നായിരുന്നു. താലിബാന്‍ നേരത്തെ ഈ വ്യവസായത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും 2018നും 2019നും ഇടയില്‍ കൃഷിയിലൂടെ ഏകദേശം 400 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Back to top button
error: