ജയ്പൂർ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന ഒരു കുട്ടി കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ 18 വയസ്സുള്ള വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. മൂന്ന് ദിവസത്തിനിടെ സിക്കാറിൽ രണ്ടാമത്തെ വിദ്യാർത്ഥിയാണ് ജീവിതം അവസാനിപ്പിച്ചത്. നിതിൻ ഫൗജ്‍ദാർ എന്ന വിദ്യാർത്ഥി ജൂൺ മാസത്തിലാണ് നീറ്റിന് തയ്യാറെടുക്കാൻ സിക്കാറിൽ എത്തിയത്. കോച്ചിംഗ് സെന്ററിൽ പരിശീലനം നേടുന്നതിനിടെ ശനിയാഴ്ച കുട്ടി ക്ലാസിൽ എത്തിയില്ലെന്ന് ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര ഡെഗ്ര പറഞ്ഞു.
നിതിൻറെ കൂടെ താമസിച്ചിരുന്ന കുട്ടി തിരികെ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഒക്ടോബർ അഞ്ചിന് 16 വയസ്സുള്ള കൗശൽ മീണ എന്ന വിദ്യാർത്ഥിയും ജീവനൊടുക്കിയിരുന്നു. രാജ്യത്തെ എൻട്രൻസ് കോച്ചിംഗ് ഹബ്ബ് എന്ന് അറിയപ്പെടുന്ന കോട്ടയിൽ ഈ വർഷം ഇതുവരെ 23 വിദ്യാർത്ഥികൾ ജീവനൊടുക്കി. കഴിഞ്ഞ വർഷം 15 പേരാണ് ഇവിടെ ജീവിതം അവസാനിപ്പിച്ചത്. കോച്ചിംഗ് സെൻററുകളിലെ പ്രതിവാര ടെസ്റ്റുകൾ വിദ്യാർഥികളെ സമ്മർദത്തിലും നിരാശയിലുമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്ത രണ്ട് മാസത്തേക്ക് ടെസ്റ്റുകൾ നടത്തരുതെന്ന് കോട്ടയിലെ കോച്ചിംഗ് സെൻററുകൾക്ക് കലക്ടർ ഒ പി ബങ്കർ കർശന നിർദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും നിരീക്ഷണം വേണമെന്നും കലക്ടർ നിർദേശിച്ചു.
കുട്ടികൾ ജീവനൊടുക്കുന്നത് തടയാൻ വിചിത്രമായ വഴികളാണ് അധികൃതർ ആവിഷ്കരിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യ ചെറുക്കാൻ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുകയാണ് കോട്ട ഭരണകൂടം. കൂടുതൽ പേരും ഫാനിൽ തൂങ്ങിമരിക്കുന്നതിനാലാണ് ഹോസ്റ്റലുകളിൽ സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാൻ കലക്ടർ നിർദേശം നൽകിയത്. ഇത്തരം ഫാനുകളിൽ കുരുക്കിട്ട് തൂങ്ങാൻ ശ്രമിച്ചാൽ സ്പ്രിങ് ഫാനിനെ താഴേക്ക് വലിക്കും. കെട്ടിടങ്ങളിൽ നിന്ന് ചാടി ആത്മഹത്യചെയ്യുന്നത് തടയാൻ ഹോസ്റ്റലുകളുടെ ബാൽക്കണികളിൽ ഉരുക്കു വലകൾ സ്ഥാപിക്കാനും നടപടിയെടുത്തു. താഴേക്ക് ചാടുന്നവരെ പരിക്കേൽക്കാതെ രക്ഷിക്കാൻ രക്ഷാകവചമായി 150 കിലോഗ്രാം വരെ ഭാരം താങ്ങുന്ന കൂറ്റൻ വലകളും സ്ഥാപിക്കുന്നുണ്ട്. പഠന ഭാരത്തെ തുടർന്നുള്ള മാനസിക സമ്മർദത്താലാണ് വിദ്യാർഥികൾ ജീവനൊടുക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രതി വർഷം 2 ലക്ഷത്തോളം വിദ്യാർഥികളാണ് കോട്ടയിലെത്തുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)