ദില്ലി: ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ തയ്യാറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി 2 ലക്ഷം കോടി ഡോളറായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
രൂപയിലുള്ള പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ തന്നെ വ്യാപാരം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സബ്സിഡിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു വ്യവസായവും വിജയിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്ത് കയറ്റുമതി എന്ന ആശയം മാറുമെന്നും സുനിൽ ബർത്ത്വാൾ പറഞ്ഞു.