KeralaNEWS

ജയസൂര്യയുടെ ‘കത്തനാരി’ൽ മലയാളത്തിൻ്റെ ‘ഗന്ധർവൻ’ നിതീഷ് ഭരദ്വാജും

     റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കത്താനാരി’ൽ അഭിനയിക്കാൻ ‘ഗന്ധര്‍വ’നായി വന്ന് മലയാളികളുടെ മനം കവർന്ന നിതീഷ് ഭരദ്വാജ് എത്തുന്നു. പത്മരാജന്റെ ‘ഞാൻ ഗന്ധര്‍വൻ’ കഴിഞ്ഞ് 33 വർഷങ്ങൾക്കു ശേഷമാണ് നിതീഷ് ഭരദ്വാജ്   മലയാളത്തിൽ തിരിച്ചെത്തുന്നത്.

അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് ‘കത്തനാരി’ൽ അണിനിരക്കുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷ് ഭരദ്വാജിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ‘ഞാന്‍ ഗന്ധർവ’നിലേത്. അതിനുശേഷം ഹിന്ദിയിൽ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും മലയാളത്തിൽ തിരിച്ചെത്തിയില്ല. 2018ൽ റിലീസ് ചെയ്ത ‘കേദാർനാഥ്’ എന്ന ബോളിവുഡ് സിനിമയിലാണ് നിതീഷ് ഭരദ്വാജ്  അവസാനമായി അഭിനയിച്ചത്.

Signature-ad

മലയാളത്തിൽ നിന്നും സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരും കത്തനാരിൽ അഭിനയിക്കുന്നുണ്ട്.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ​ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്.

വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലിംപ്സ് വിഡിയോയ്ക്ക് ലഭിച്ചത്.  45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ചിത്രീകരണ ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. 30ൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.

രചന: ആർ. രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി.

Back to top button
error: