KeralaNEWS

നവകേരള ബസിൻ്റെ ഡോർ തകർന്നെന്ന് വാർത്ത, അടിസ്ഥാന രഹിതമെന്ന് കോർപ്പറേഷൻ: സമയക്രമത്തെയും നിരക്കിനെയും കുറിച്ച് ആക്ഷേപം

    നവകേരള ബസ് പുനർനാമകരണം ചെയ്ത് ഗരുഡ പ്രീമിയം എന്ന പേരിൽ ആരംഭിച്ച ആദ്യയാത്രയിൽ ഡോർ തകർന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. പുലർച്ചെ 4 മണിക്ക് കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം സർവീസ് ബസിൻ്റെ ഡോറിന് യാതൊരു മെക്കാനിക്കൽ തകരാറും ഇല്ലായിരുന്നുവത്രേ.

ബസിൻ്റെ ഡോറിലെ എമർജൻസി സ്വിച്ചിൽ ആരോ അബദ്ധത്തിൽ പ്രസ് ചെയ്തതോടെ ഡോർ മാന്വൽ മോഡിലാകുകയായിരുന്നു എന്ന് കെഎസ്ആർടിസി പറയുന്നു. ഇത് റീസെറ്റ് ചെയ്യാതിരുന്നതാണ് തകരാറ് എന്ന രീതിയിൽ പുറത്തുവന്ന വാർത്ത. ബസ് സുൽത്താൻ ബത്തേരിയിൽ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയായിരുന്നു..

Signature-ad

ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി അടിയന്തര ഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. ബസിൻ്റെ തകരാർ എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി അറിയിച്ചു.

അതേസമയം ഗരുഡ പ്രീമിയത്തിൻ്റെ ആദ്യ ദിവസത്തെ ട്രിപ്പ് വിജയകരമായി. രാവിലെ 4 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരുവിൽ എത്തി. കണ്ടക്ടറുടെ സീറ്റടക്കം 26 സീറ്റാണ് ബസിലുള്ളത്. മുഴുവൻ സീറ്റിലും യാത്രക്കാർ ഉണ്ടായിരുന്നു. 1240 രൂപയാണ് ടിക്കറ്റ് നിരക്ക്. താമരശേരിയിൽ വച്ച് ബസിന് പൗരാവലിയുടെ സ്വീകരണം ലഭിച്ചു.

ഇതിനിടെ ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാത്രമല്ല കോഴിക്കോട്ടുനിന്നും കൽപറ്റയിൽനിന്നും ഒരേ ചാർജ് എന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. 700 രൂപയ്ക്കു കൽപറ്റയിൽ നിന്നും എസി ബസിൽ ബെംഗളൂരുവിൽ എത്താമെന്നിരിക്കെ 1240 രൂപ മുടക്കുന്നത് നഷ്ടമാണ്. അതിനാൽ ടിക്കറ്റ്, സ്റ്റേജ് അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Back to top button
error: