KeralaNEWS

പേട്ടയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് സ്ഥിരം കുറ്റവാളി, വായ പൊത്തിയപ്പോൾ കുഞ്ഞിൻ്റെ ബോധം മറഞ്ഞു; അതോടെ ഭയന്ന് ഉപേക്ഷിച്ചു

    തിരുവനന്തപുരം പേട്ടയിൽ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായത് ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍. 50വയസ്സു തോന്നിക്കുന്ന പ്രതിയെ കൊല്ലം ചിന്നക്കടയില്‍ നിന്നാണ് പിടികൂടിയതെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു. ഇയാൾ സ്ഥിരം കുറ്റവാളിയാണ്. മുമ്പ് എട്ടോളം കേസുകളില്‍ പ്രതി ആയിരുന്നു. 2022ല്‍ അയിരൂരിലെ 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് ജനുവരി 12നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും കമ്മിഷണർ അറിയിച്ചു. ഓട്ടോറിക്ഷ മോഷണം, വീട് മോഷണം, ക്ഷേത്രങ്ങളിലെ മോഷണം, തുടങ്ങിയ കേസുകളിലും  പ്രതിയാണിയാള്‍.

ലൈഗീംക കുറ്റകൃത്യങ്ങള്‍ ഇയാളുടെ പതിവാണ്. പല ഇടങ്ങളില്‍ സഞ്ചരിച്ച് ജോലി ചെയ്ത് പണം സമ്പാദിച്ച് അവിടെ തങ്ങും. ഇയാള്‍ക്ക് സ്ഥിരമായി ഒരു താമസസ്ഥലമില്ല എന്നും പൊലീസ് പറഞ്ഞു.

100 ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയിലേക്ക് എത്തിയതെന്ന് കമ്മിഷണര്‍ വിശദമാക്കി.

രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും കുട്ടിയെ പ്രതി തട്ടിയെടുത്തതെന്നാണു പൊലീസ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും പ്രതി പറഞ്ഞു.

‘‘പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ട്രെയിനിൽനിന്ന് ഇറങ്ങി ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു, കുട്ടിയുടെ അനക്കമില്ലാതായതോടെ പേടിച്ച് ഉപേക്ഷിച്ചു എന്നാണ് പൊലീസിന് നൽകിയ മൊഴി. ചാക്കയിൽനിന്നും പ്രതിക്ക് ഒരാൾ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്.”
കമ്മിഷണർ പറഞ്ഞു:

കഴിഞ്ഞ മാസം 18ന് അർധരാതി ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള
ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തേൻവിൽപനയ്ക്കായി കേരളത്തിലെത്തിയ ബിഹാർ സ്വദേശികളുടെ കുട്ടിയാണിത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.

Back to top button
error: