KeralaNEWS

ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും? സാധ്യത തള്ളാതെ എല്‍ഡിഎഫ്

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ കടന്നു. കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി.

ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചന നടക്കുന്നതായി സൂചനയുണ്ട്. നേരത്തെ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബഹനാന്‍ ആണ് നിലവില്‍ ചാലക്കുടിയുടെ എംപി.

Signature-ad

2014 ല്‍ അപ്രതീക്ഷിതമായി ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതുപോലെ, അവസാന നിമിഷം മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും, ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി സൂചിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജു വാര്യരെ കൂടാതെ, മുന്‍ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്, ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇടതു സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിനെ 1,32,274 വോട്ടുകള്‍ക്കാണ് ബെന്നി ബഹനാന്‍ തോല്‍പ്പിച്ചത്. ബെന്നി ബെഹനാന്‍ തന്നെ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് മുകുന്ദപുരം മണ്ഡലം ഇല്ലാതായതോടെ, 2008 ലാണ് ചാലക്കുടി മണ്ഡലം രൂപീകരിക്കപ്പെടുന്നത്.

 

Back to top button
error: