ഗാന്ധിമാർഗം ജീവിതചര്യയാക്കി സാമൂഹിക, സാംസ്‌കാരിക മണ്ഡലത്തിൽ സജീവമായ പത്മശ്രീ വി.പി അപ്പുക്കുട്ട പൊതുവാൾ 100 ന്റെ നിറവിൽ. തന്റെ 11-ാം വയസ്സിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് തീഷ്ണമായ നിരവധി സമരങ്ങളിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ആടരാടിയ സ്വാതന്ത്ര്യ സമര പോരാളിയായ അപ്പുക്കുട്ട പൊതുവാൾ പൊതുജീവിതത്തിൽ ഈ പ്രായത്തിലും സജീവമാണ്.
എഴുത്തുകാരൻ, ഖാദി പ്രചാരകൻ, മദ്യനിരോധന സമിതി പ്രവർത്തകൻ തുടങ്ങിയ മേഖലയിൽ ഇന്നും സജീവമാണ് ഈ സ്വാതന്ത്ര്യ സമര സേനാനി. മതേതരത്വത്തിലാണ് ഇന്ത്യയുടെ നിലനിൽപ്പെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന് എന്നും ഇന്ധനം ഗാന്ധിയും ഗീതയുമാണ്. 1934 ജനുവരി 12ലെ ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനമാണ് ഈ വിപ്ലവകാരിയുടെ മനസ്സിൽ ദേശസ്നേഹത്തിന്റെ ഊർജം വിതച്ചത്. സ്വാമി ആനന്ദതീർഥർ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം സന്ദർശിക്കാനാണ് ഗാന്ധിജി അന്ന് എത്തിയത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിനു കിഴക്കുള്ള വയലിൽ അന്ന് ഗാന്ധിജി പൊതുയോഗത്തിനെത്തിയപ്പോൾ പ്രസംഗം കേൾക്കാൻ 11 വയസ്സുകാരനായ അപ്പുക്കുട്ട പൊതുവാളും ഉണ്ടായിരുന്നു. സഹപാഠിയും ബന്ധുവുമായിരുന്ന വി.പി ബാലകൃഷ്ണ പൊതുവാളുമൊന്നിച്ചാണ് ക്ലാസിൽനിന്ന് മുങ്ങി ഗാന്ധിജിയെ കാണാൻ പോയത്. ആ വകയിൽ ഹെഡ്മാസ്റ്ററുടെ അടിയും കിട്ടി എന്ന് അപ്പുക്കുട്ടപ്പൊതുവാൾ ഇന്നും പറയാറുണ്ട്.
ഉപ്പുസത്യഗ്രഹ ജാഥയും ജവഹർലാൽ നെഹറുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം സംസ്ഥാന കോൺഗ്രസ് സമ്മേളനവും അപ്പുക്കുട്ടൻ എന്ന ബാലന്റെ മനസ്സിൽ പോരാട്ടത്തിന്റെ വിത്തിട്ടിരുന്നു.
സ്വാതന്ത്ര്യസമര രംഗത്ത് അപ്പുക്കുട്ട പൊതുവാൾ സജീവമായത് 1942ലാണ്. വിദ്യാർത്ഥി വിഭാഗം നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തെ 1943ൽ അറസ്റ്റുചെയ്ത് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായി. എന്നാൽ തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു. ഏതാനും നാളുകൾ പയ്യന്നൂരിൽ പത്രലേഖകനായി പ്രവർത്തിച്ചു.
1947 മുതൽ മദിരാശി സർക്കാരിന്റെ കീഴിൽ പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ മുഖ്യചുമതലക്കാരനായി. 1962 മുതൽ ഖാദി ഗ്രാമോദ്യോഗ കമീഷൻ സീനിയർ ഓഡിറ്ററായി. ഈ സന്ദർഭത്തിൽ ജയപ്രകാശ് നാരായണനും വിനോഭ ഭാവയ്ക്കും ഒപ്പം ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി. 1957ൽ കെ. കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാൾ സജീവരാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി.
പൊളിറ്റിക്കൽ സയൻസിൽ എം.എ ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവത്ഗീത ആത്മവികാസത്തിന്റെ ശാസ്ത്രം എന്നീ കൃതികൾ രചിച്ചു.
നാടിന്റെ സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക മേഖലകളിലെല്ലാം വെളുത്ത ഖാദി ധരിച്ച ഈ മനുഷ്യൻ എന്നും നിറസാന്നിധ്യമാണ്. പ്രായത്തിന്റെ അവശതകളൊന്നും അദ്ദേഹത്തിന് കർമ്മവഴിയിൽ പ്രതിബന്ധങ്ങളല്ല.
സംസ്‌കൃത പണ്ഡിതനും ജ്യോതിഷ ആചാര്യനുമായിരുന്ന കരിപ്പത്ത് കമ്മാര പൊതുവാളുടെയും വി.പി. സുഭദ്ര അമ്മയുടെയും മകനായി 1923 ഒക്ടോബർ 9നാണ് ജനനം. ഭാര്യ: അത്തായി ഭാരതിയമ്മ. മക്കൾ: യോഗേഷ്, ഗായത്രി, മഹേഷ്. മരുമക്കൾ: ജയശ്രീ, കെ.എ ബാലഗോപാലൻ, പി എം യമുന.
”ചെറപ്പത്തിലേ ചർക്ക എന്നെ ആകർഷിച്ചു. ആ ആയുധം പയ്യന്നൂരിലെ ജനങ്ങളെ പരിചയപ്പെടുത്തിയത് ഗാന്ധിജിയുടെ പ്രധാന ശിഷ്യരിൽ ഒരാളായ എൻ.പി. രാഘവ പൊതുവാളായായിരുന്നു. ചർക്കയിലൂടെയുള്ള നൂൽനൂൽപ്പ് ആദ്യമായി പരിശീലിപ്പിച്ചത് എന്റെ തറവാട്ടിലായിരുന്നു. തുടർന്ന് ഞാൻ ചർക്കയുടെയും നൂൽനൂൽപ്പിന്റെയും ശാസ്ത്രവും മാനവിക വികസന പ്രാധാന്യവും മനസ്സിലാക്കി. അഖിലേന്ത്യാ ചർക്കസംഘത്തിന്റെ സജീവ പ്രവർത്തകനായി ”
പദ്മശ്രീ അപ്പുക്കുട്ടപ്പൊതുവാൾ പറയുന്നു.
കുടുംബത്തോടൊപ്പം പയ്യന്നൂർ തായിനേരിയിൽ ബൈപ്പാസ് റോഡിലാണ് ഇപ്പോൾ താമസം. രാഷ്ട്രം കഴിഞ്ഞ വർഷം പത്മശ്രീ നൽകി ആദരിച്ച അപ്പുക്കുട്ട പൊതുവാളിനെ തേടി മറ്റ് നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.