
വയനാട്: കല്‍പ്പറ്റ കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. കുറ്റക്കാര്‍ക്ക് എതിരായ നിയമനടപടി വൈകുന്നതിലും അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രതിഷേധമുണ്ട്. ഒമ്പത് സ്ത്രീകളുടെ ജീവനെടുത്ത അപകടത്തിലാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്. ഓഗസ്റ്റ് 25ന് വൈകിട്ട് 3 മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ 30 മീറ്റര്‍ താഴ്ചയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് പതിക്കുകയായിരുന്നു.
ഒന്‍പത് സ്ത്രീകളുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാം വെറും വാഗ്ദാനം മാത്രമെന്ന് ആശ്രിതര്‍ പറയുന്നു. കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ ഭാര്യയേയും മകളേയും നഷ്ടപ്പെട്ട പത്മനാഭന്റെ ഒറ്റമുറിക്കൂരയില്‍ ഇനിയും കണ്ണീര്‍ തോര്‍ന്നിട്ടില്ല. സര്‍ക്കാര്‍ സഹായം ഇനിയും എത്താത്തില്‍ പരിഭവമുണ്ടെങ്കിലും ഉറ്റവരുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും പത്മനാഭവന്‍ ഇനിയും കരകേറിയിട്ടില്ല.
അമ്മയേയും പെങ്ങളേയും നഷ്ടപ്പെ രവിചന്ദ്രനും സഹോദരിയെ നഷ്ടപ്പെട്ട രോഹിണിയുമെല്ലാം സര്‍ക്കാരിന്റെ അനാസ്ഥയില്‍ നിരാശരാണ്. ആശ്രിതര്‍ക്കുള്ള ധനസഹായം അടിയന്തര പ്രാധാന്യത്തോടെ നല്‍കേണ്ട കാര്യമായിട്ടും ഉദ്യോഗസ്ഥരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഓണാവധി മൂലം വൈകിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. അപകടം സംഭവിച്ച് കഴിഞ്ഞ ദിവസമാണ് മാനന്തവാടി തഹസില്‍ദാര്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയത് പോലും. പാവങ്ങളുടെ പിന്നാക്കക്കാരുമായത് കൊണ്ടാകാം ഈ താമസമെന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ പറയുന്നു. അടുത്ത മന്ത്രിസഭാ യോഗത്തിലെങ്കിലും തീരുമാനമുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.