NEWSWorld

സെലെന്‍സ്‌കിയെ വധിക്കാന്‍ പദ്ധതി; റഷ്യന്‍ ചാരവനിത യുക്രെയ്‌നില്‍ പിടിയില്‍

കീവ്: പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് റഷ്യന്‍ ചാരയെ പിടികൂടി യുക്രെയ്ന്‍. ഇന്റലിജന്‍സ് ഏജന്‍സിയാണു തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്‌തെന്ന് അറിയിച്ചത്. റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണു പുതിയ സംഭവവികാസം.

സെലെന്‍സ്‌കിയുടെ യാത്രാവിവരങ്ങളും സൈനിക രഹസ്യങ്ങളും മറ്റും ചോര്‍ത്തി റഷ്യയ്ക്കു നല്‍കിയെന്നാണു യുവതിക്കെതിരായ ആരോപണം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ യുക്രെയ്ന്‍ സുരക്ഷാ ഏജന്‍സി (എസ്ബിയു) തയാറായില്ല. എന്നാല്‍ മുഖംമറച്ച ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കറുപ്പും വെളുപ്പും നിറമുള്ള ഉടപ്പിട്ട്, കറുത്ത തലമുടിയുള്ള സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുക്കു നില്‍ക്കുന്ന ചിത്രമാണു പുറത്തുവന്നത്.

തെക്കന്‍ യുക്രെയ്‌നില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നാണു വിവരം. മിഖോലെയ്വ് പ്രവിശ്യയില്‍ സെലെന്‍സ്‌കി സന്ദര്‍ശനം നടത്തുമ്പോള്‍ വ്യോമാക്രമണം നടത്താനുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ശേഖരിക്കാന്‍ ശ്രമിച്ചു. നേരത്തേ സൈനിക സ്റ്റോറില്‍ യുവതി ജോലി ചെയ്തിട്ടുണ്ടെന്നും യുക്രെയ്ന്‍ സൈനികര്‍ക്കു സാധനങ്ങള്‍ വിറ്റിട്ടുണ്ടെന്നും എസ്ബിയു പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടിലേറെ കൊലപാതക ശ്രമങ്ങളെ സെലെന്‍സ്‌കി അതിജീവിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

 

Back to top button
error: