മത്സരബുദ്ധിയുടെ മാറ്റുരയ്ക്കുന്ന പരീക്ഷകൾ, പരീക്ഷാപ്പേടിയുടെ മാനസിക പീഡനങ്ങളിൽ ഭാവിതകർന്നു പോകുന്ന വിദ്യാർത്ഥികൾ
ഡോ.വേണു തോന്നയ്ക്കൽ
സി.ബി.എസ്.സി പരീക്ഷകൾ ആരംഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 9നാണ്. പരീക്ഷ കാലത്ത് കുട്ടികളിൽ പലരും കടുത്ത മാനസിക പിരിമുറുക്കവും മനോ:സംഘർഷവും അനുഭവിക്കുന്നുണ്ട്. പരീക്ഷ കാലം എന്നു മാത്രം പറയണ്ട, സന്തോഷപ്രദമാക്കേണ്ട സ്കൂൾ വിദ്യാഭ്യാസം പലപ്പോഴും കുട്ടികൾക്ക് മാനസിക പിരിമുറുക്കം പ്രധാനം ചെയ്യുന്നു.
തൽഫലമായി കുട്ടികൾ ശാരീരികമായും മാനസികമായും വലിയ പീഡകൾ അനുഭവിക്കുന്നു. അതിൽ നിന്നും അവരെ രക്ഷിക്കാനായി മാതാപിതാക്കൾ പരക്കം പായുന്നത് കാണാം.
ഇതിൽ ചില സ്കൂളുകൾ കുട്ടികൾക്കായി സൈക്കോളജിക്കൽ കൗൺസിലിംഗ് ഏർപ്പെടുത്തുന്നു. മാതാപിതാക്കൾ നേരിട്ടോ കുട്ടികളുമായോ സൈക്കോളജിസ്റ്റുകളെ കാണുന്ന കേസുകളും കുറവല്ല.
അത് എത്ര കണ്ട് ഫലപ്രദമാകും…? വളരെ കുറവ് എന്ന് പറയേണ്ടിവരും. അതെന്തുകൊണ്ട്…? കൗൺസിലിംഗ് നടത്തേണ്ടത് കുട്ടികൾക്കല്ല മറിച്ച് മാതാപിതാക്കൾക്കാണ്. ചില അധ്യാപകരെയും അക്കൂട്ടത്തിൽ കൂട്ടാം.
ഒരർത്ഥത്തിൽ സമൂഹത്തിനാണ് ചികിത്സ നൽകേണ്ടത്. നമ്മുടെ സമൂഹം അത്തരത്തിൽ മാറിപ്പോയി.
മത്സരബുദ്ധി നല്ലതാണ് എന്നൊക്കെ വിദ്യാർത്ഥികളോട് അധ്യാപകരും ഗുരുസ്ഥാനീയരും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. അത് എപ്പോൾ എവിടെ എപ്രകാരം എത്രകണ്ട് എന്ന് പറഞ്ഞു കേട്ടിട്ടില്ല.
പഠിക്കുന്ന കാര്യത്തിൽ മത്സരബുദ്ധി നല്ലതാവാം. ഒപ്പം പഠിക്കുന്ന കുട്ടിയെ ബുദ്ധിപരമായിട്ടും മാനസികമായും തകർത്തു തനിക്ക് മുന്നേറണം എന്ന ബുദ്ധി കുറച്ച് കടന്നതാണ്. അതിലേക്ക് അധ്യാപകരും രക്ഷിതാക്കളും എത്ര കണ്ട് അവരെ സ്വാധീനിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പലപ്പോഴും തോന്നിയ ഒരു സംശയമാണ്, മത്സരബുദ്ധി കുട്ടികൾക്കോ മാതാപിതാക്കൾക്കോ ?
സ്വന്തം കുട്ടി നന്നായി പഠിക്കണം മെച്ചപ്പെട്ട മാർക്ക് വാങ്ങണം എന്നല്ല തൻ്റെ കുട്ടിയോടൊപ്പം പഠിക്കുന്നവനേക്കാൾ കൂടുതൽ മാർക്ക് വാങ്ങണം എന്നതിനാണ് സാധാരണ മാതാപിതാക്കൾ ശ്രമിക്കുന്നത്. അതാണ് ഏറെ കൗതുകകരം.
നമ്മുടെ കുഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ അത്തരമൊരു മത്സരം കുറവാണെന്ന് തോന്നിയിട്ടുണ്ട്. ഒരു നേരത്തെ അന്നത്തിനു വക തേടാനുള്ള തത്രപ്പാടിൽ മക്കളോട് മത്സരം ഉപദേശിക്കാൻ വേണ്ടത്ര സമയമോ മാനസികാവസ്ഥയോ എന്തിന് വിദ്യാഭ്യാസമോ മത്സരബുദ്ധിയോ അവരുടെ മാതാപിതാക്കൾക്ക് ഉണ്ടായി എന്ന് വരില്ല.
ഇത്തരം മനോ:സംഘർഷങ്ങൾ നിറഞ്ഞ ഒരു സ്കൂൾ കാലം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഞങ്ങൾ സ്കൂളിൽ പഠിച്ച കാലത്ത് പരീക്ഷകൾ പോലും ഓണം പോലെ ആഘോഷമായിരുന്നു. ഇന്ന് കുട്ടികളെ മാതാപിതാക്കളുടെ ആശകൾ നിറവേറ്റാനായി അവരുടെ കഴിവുകൾ മനസ്സിലാക്കാതെ ശാരീരികമായും മാനസികമായും തല്ലി പഠിപ്പിക്കുകയാണ്.
കുട്ടികളെ കൂടുതൽ മാർക്ക് വാങ്ങി ജയിപ്പിച്ച് സ്കൂളിൻ്റെ യശസ്സുയർത്തി പിള്ളേരെ പിടിക്കാൻ സ്വകാര്യ മാനേജ്മെൻറ് നെട്ടോട്ടത്തിലാണ്. ഇവിടെയും ഇര കുട്ടികൾ തന്നെ.
ഇങ്ങനെയൊക്കെ പഠിപ്പിക്കുമ്പോഴും ശാസ്ത്രവും സാങ്കേതിക ജ്ഞാനവും വിവരസാങ്കേതികവിദ്യയും വളരെ ഉയർന്ന ഈ കാലത്ത് കുട്ടികളിൽ ചുറ്റുപാടിനെ അതിജീവിച്ച് ജീവനം ഉറപ്പാക്കാനുള്ള മാനസിക പക്വത വളരെ കുറവാണ്. മാത്രവുമല്ല വ്യക്തിബന്ധവും പരസ്പര വിശ്വാസവും സംഘടനാ ബോധവും നേതൃഗുണവും പ്രായോഗിക ബുദ്ധിയും നമ്മുടെ കുട്ടികൾക്ക് നഷ്ടമാവുന്നു. ഇതിനുത്തരം നൽകേണ്ടത് അധ്യാപകരും രക്ഷിതാക്കളും വിശിഷ്യാ സമൂഹവുമാണ്.
ലോകമെമ്പാടുമുള്ള വിദ്യാർത്ഥി സമൂഹം ഇത്തരം ദുരന്തങ്ങളുടെ ഭാഗമായി വിദ്യാഭ്യാസകാലം ചെലവഴിക്കുന്നു എന്ന് കരുതുക വയ്യ. നമ്മുടെ കുട്ടികളാണ് ഇത്തരമൊരു മത്സരബുദ്ധി ഏറെ പ്രകടിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. വിദേശത്തായാലും മലയാളികൾ പഠിക്കുന്ന സ്കൂളുകളിൽ ഇത്തരം മത്സരബുദ്ധി ഏറെ പ്രകടമാണ്. മലയാളികളുടെ ജനിതക സ്വാധീനം ആകാം ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് നയിക്കാൻ കാരണമാകുന്നത് എന്ന് ചിന്തിക്കുകയാവും കരണീയം.
നമ്മുടെ കുട്ടികളെ കുറച്ചുകൂടി സമാധാനത്തോടെ സന്തോഷത്തോടെ വിദ്യാഭ്യാസകാലം ചെലവിടാൻ പ്രേരിപ്പിക്കണം. അതിനുള്ള വിദ്യാഭ്യാസ മാതൃകകൾ സ്വായത്തമാക്കണം. അത് അധ്യാപകരോ രക്ഷിതാക്കളോ വിചാരിക്കേണ്ട സംഗതി അല്ല. വിദ്യാഭ്യാസ വിദഗ്ധരും മനശാസ്ത്രജ്ഞരും രാഷ്ട്രീയ നേതൃത്വം ഒപ്പം ഇരുന്ന് ചിന്തിക്കേണ്ടതാണ്.
കുറച്ചു പേർ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടാനും വേറെ ചിലർ പഠിക്കാനും പിന്നെ കുറച്ചു പേർ വിദ്യാഭ്യാസകാലം ഒന്നിനും ചെലവഴിക്കാതെ സമയം നശിപ്പിക്കാനാണ് എന്ന രീതിയും നമ്മുടെ ക്യാമ്പസുകളിൽ നിന്നും മാറണം.
മാർക്ക് വാങ്ങാനുള്ളതല്ല മറിച്ച് അവരെ ബുദ്ധിപരമായും മാനസികമായും ശാരീരികമായും സാമൂഹ്യമായും ഉത്തമ പൗരന്മാരായി വാർത്തെടുക്കാനുള്ള ഒരു യജ്ഞമാണ് വിദ്യാഭ്യാസം. പ്രാകൃതകാലത്തെ ഗുരുകുല വിദ്യാഭ്യാസ മാതൃകകളിൽ പോലും ഈ ബോധ്യം ഉണ്ടായിരുന്നു.
നാളത്തെ ഇന്ത്യ ഇവരുടെ കൈകളിലാണ് ഭദ്രമായിരിക്കേണ്ടത് എന്ന ഉത്തമ ബോധ്യം ഏവർക്കും ഉണ്ടായിരിക്കട്ടേ!