NEWSWorld

കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി, ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍!

തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കാതെ വിമാന യാത്രയ്ക്ക് എത്തിയ ദമ്പതികള്‍, വിമാനക്കമ്പനി ജീവനക്കാര്‍ ചോദ്യം ചെയ്‍തപ്പോള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ചെന്ന് പരാതി. ഇസ്രയേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് അന്താരാഷ്‍ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് റയാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ദമ്പതികള്‍ കൈക്കുഞ്ഞുമായെത്തിയത്.

കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുത്തിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കൊണ്ടുപോകണമെങ്കില്‍ പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഒരു വിധത്തിലും അധിക ടിക്കറ്റെടുക്കില്ലെന്ന് നിര്‍ബന്ധം പിടിച്ച ദമ്പതികള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ച ശേഷം സെക്യൂരിറ്റി പരിശോധനയ്ക്കായി മുന്നോട്ട് നീങ്ങി. അല്‍പം വൈകിയാണ് ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നതിനാല്‍ തിടുക്കത്തില്‍ തന്നെ അടുത്ത നടപടികളിലേക്ക് ഇരുവരും കടക്കുകയും ചെയ്‍തു. ഇതോടെ വിമാനക്കമ്പനി ജീവനക്കാര്‍ വെട്ടിലായി.

ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും റയാന്‍ എയര്‍ ചെക്ക് ഇന്‍ കൗണ്ടറിലെ ഒരു ജീവനക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ദമ്പതികളെ തടഞ്ഞ്, കുഞ്ഞിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു. വിമാനക്കമ്പനി ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പിന്നീട് സ്ഥലത്തെത്തി. തങ്ങള്‍ എത്തിയപ്പോള്‍ കുഞ്ഞ്, മാതാപിതാക്കളുടെ അടുത്ത് തന്നെയായിരുന്നുവെന്നും അതുകൊണ്ടു തന്നെ സംഭവത്തില്‍ കൂടുതലായി അന്വേഷിക്കാന്‍ ഒന്നുമില്ലെന്നുമാണ് ഇസ്രയേല്‍ പൊലീസ് വക്താവ് സി.എന്‍.എന്നിനോട് പ്രതികരിച്ചത്.

Back to top button
error: