CrimeNEWS

ജ്യൂസ് കുടിച്ച് വിദ്യാർഥി മരിച്ച സംഭവം: 11 വർങ്ങൾക്ക് ശേഷം കേസ് അന്വേഷിക്കാൻ സിബിഐ

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പുനലൂര്‍ മേലേപ്പറമ്പില്‍ റാണാ പ്രതാപ് (14), 2011 മാര്‍ച്ച് 26-ന് പരീക്ഷയുടെ അവസാന ദിവസം വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. ഹര്‍ജി നിലനില്‍ക്കെ പിതാവ് സുധീന്ദ്ര പ്രസാദ് മരിച്ചതിനെത്തുടര്‍ന്ന് മറ്റൊരു മകനായ ഛത്രപതി ശിവജിയാണ് കേസ് തുടര്‍ന്നു നടത്തിയത്.

2011-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയുടെ അവസാന ദിവസം കൂട്ടുകാര്‍ക്കൊപ്പം സ്‌കൂളിനു സമീപത്തെ ബേക്കറിയില്‍ ജ്യൂസ് കുടിക്കാനെത്തിയ റാണാ പ്രതാപ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വിഷാംശം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പിതാവു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി 2012-ല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് പിതാവ് വീണ്ടും ഹൈക്കോടതിയിലെത്തി.

Signature-ad

സീനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയെ അന്വേഷണം ഏല്‍പ്പിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വീണ്ടും നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് റാണയും സുഹൃത്തുക്കളും നേരേ ബേക്കറിയിലേക്കാണ് പോയതെന്നും വേറെ ആരെയും ഇവര്‍ കണ്ടിരുന്നില്ലെന്നും വ്യക്തമായ തെളിവുകളുണ്ട്. റാണയ്ക്ക് ഒപ്പമുണ്ടായിരുന്ന നാലു സുഹൃത്തുക്കളെ സംശയമുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഇവരുടെ യൂണിഫോമിലും ബാഗുകളിലും വിഷാംശം കണ്ടെത്തിയിരുന്നു.

പോലീസ് സര്‍ജന്‍ ഡോ. കെ. ശശികല ഫോമിക് ആസിഡ് വിഷമാണ് മരണകാരണമെന്നു വ്യക്തമാക്കിയിരുന്നു. 11 വര്‍ഷമായ കേസാണിതെന്നും സി.ബി.ഐ. അന്വേഷിക്കേണ്ട അപൂര്‍വത ഈ കേസിലില്ലെന്നും സി.ബി.ഐ.യുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഏറെക്കുറേ നരഹത്യയാണെന്ന് വ്യക്തമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Back to top button
error: