NEWS

മലയാളിയെ ഹിന്ദി പഠിപ്പിക്കാനെത്തി, ഒടുവിൽ മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ ഉത്തർപ്രദേശുകാരൻ

ർഷങ്ങൾക്കു മുൻപാണ്.ഹിന്ദി ദേശീയഭാഷയാക്കണമെന്ന അപേക്ഷയുമായി ഒരു
യു പിക്കാരൻ പയ്യൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ സമീപിച്ചു.മുഴുവൻ ദക്ഷിണേന്ത്യക്കാരേയും ഹിന്ദി പഠിപ്പിക്കണം എന്നതാണ് പയ്യൻ്റെ മറ്റൊരു ആവശ്യം.
“നീയിപ്പോൾ വെറുമൊരു വിദ്യാർത്ഥി മാത്രമാണ്.
നിനക്ക് അങ്ങനെയൊക്കെ പറയാം.എനിക്ക് ഭാരതത്തിലെ മുഴുവൻ ജനങ്ങളേയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്.ദക്ഷിണേന്ത്യക്കാർ, അവർ സ്വമനസ്സാലെ പഠിക്കാൻ തയ്യാറാകുന്നതുവരെ അവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കമല്ല.ഉത്തരേന്ത്യക്കാർ ഒരു ജന്മം മുഴുവൻ തലയുംകുത്തി നിന്നാൽ ഏതെങ്കിലും ദ്രാവിഡഭാഷ പഠിക്കാൻ കഴിയുമോ ?
പറ്റുമെങ്കിൽ നീയൊരു കാര്യം ചെയ്യ്-,അങ്ങ് തെക്ക് കേരളത്തിൽ മലയാളം എന്നൊരു ഭാഷയുണ്ട്.കഴിയുമെങ്കിൽ അതൊന്ന് പഠിച്ചെടുക്കാൻ നോക്ക്.ആ ഭാഷ കുറച്ച് പ്രയാസമാണെങ്കിലും നിനക്കതിന് സാധിച്ചേക്കും.നീ മലയാളം വെറുതെ പഠിച്ചാൽ മാത്രം പോര.ആ ഭാഷയിൽ നിൻ്റെ കൈയ്യൊപ്പ് പതിയണം.നിൻ്റെതായ സംഭാവനകൾ ഉണ്ടാകണം.
മികച്ചൊരു മലയാള സാഹിത്യകാരനായി നീ വളരുകയും പേരെടുക്കുകയും വേണം”
അന്നത്തെ ആ പയ്യനാണ് ഡോ.സുധാംശു ചതുർവേദി.
നെഹ്റുവിൻ്റെ ‘വെല്ലുവിളി’ സധൈര്യം ഏറ്റെടുത്ത് മലയാളം പഠിച്ച മഹാൻ.മലയാളത്തിൽ ഡോക്ടറേറ്റ് എടുത്ത ആദ്യ ഉത്തരേന്ത്യക്കാരൻ.തീർന്നില്ല, സംസ്കൃതത്തിലും,ഹിന്ദിയിലും ഡോക്ട്രേറ്റ്.
ദില്ലി തീൻമൂർത്തി ഭവനിൽ വച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും,ബുദ്ധിജീവിയും,
സാഹിത്യകാരനുമായ നെഹ്റുവുമായി നടത്തിയ കൂടിക്കാഴ്ചയാണ് സുധാംശു ചതുർവേദിയെ കേരളത്തിലെത്തിച്ചത്.
അമ്മാവനും ഹിന്ദി സാഹിത്യകാരനുമായ ബനാറസി ദാസ് ചതുർവേദിയാണ് ഹിന്ദി ചോരത്തിളപ്പോടെ നിന്ന ആ പത്തൊൻപതുകാരന് നെഹ്റുവുമായി സംവദിക്കാനുള്ള അവസരമുണ്ടാക്കിയത്.
ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാൻ്റെ 2021 ലെ വിദ്യാഭൂഷൺ സമ്മാനം മലയാളിയല്ലാത്ത മലയാളം സാഹിത്യകാരൻ ഡോ.സുധാംശു ചതുർവേദിക്കാണ്.ഇത് വാർത്തയായി വന്നപ്പോഴാണ് മലയാളികളിൽ ചിലരെങ്കിലും ഡോ.സുധാംശു ചതുർവേദിയെ അറിയുന്നതുതന്നെ.
ഭാഷാസാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.
ഡോ.സുധാംശു മലയാളം,ഹിന്ദി,സംസ്കൃതം,
ഇംഗ്ലീഷ് ഭാഷകളിലായി 125 ലധികം പുസ്തകങ്ങളുടെ കർത്താവാണ്.
അതിൽ 40 ലധികം മലയാളത്തിലാണ്.ഒരർത്ഥത്തിൽ നെഹ്റുവിന്റെ ‘വെല്ലുവിളി’യ്ക്കുള്ള മറുപടി പ്രവൃത്തിയിലൂടെ തെളിയിക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.
മലയാളമുൾപ്പടെ ഇന്ത്യൻ സാഹിത്യ മണ്ഡലത്തിലെ വിവിധ ഭാഷകളിലും ഇംഗ്ലീഷിലും ഡോ.സുധാംശുവിൻ്റേത് സമാനതകളില്ലാത്ത പരിശ്രമങ്ങളായിരുന്നു. ഹിന്ദി-മലയാളം ഭാഷകള്‍ക്കു ഇടയില്‍ ഒരു സുദൃഢമായ പാലം പോലെയായിരുന്നു അദ്ദേഹം.
ഒരു തീവ്രഹിന്ദി ഭാഷാ പ്രചാരകന്‍ മലയാളത്തെയും,മലയാളികളേയും സ്നേഹിച്ച  അത്യപൂര്‍വ കഥ. ഉത്തര്‍പ്രദേശുകാരനായ ഡോ. സുധാംശു ചതുര്‍വേദിയുടെ ജീവിതം ഭാഷാപ്രേമികളെ സംബന്ധിച്ചിടത്തോളം സംഭവബഹുലമാണ്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പടെ അദ്ദേഹത്തെ തേടിയെത്തിയ നേട്ടങ്ങള്‍ ഒട്ടേറെയാണ്.
നെഹ്റുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 1960ല്‍ ചതുര്‍വേദി ഡല്‍ഹി സര്‍വകലാശാലയിലെ മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജ് വിഭാഗത്തില്‍ മലയാള പഠനത്തിന് ചേര്‍ന്നു.ഒന്‍പത് പെണ്‍കുട്ടികള്‍ക്കൊപ്പം പഠനം ആരംഭിച്ച ചതുര്‍വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ലാസിലെ ഏക വിദ്യാര്‍ഥിയായി മാറി.മറ്റുള്ളവര്‍ പിന്‍വാങ്ങിയിട്ടും പഠനം തുടര്‍ന്ന ചതുര്‍വേദിയ്ക്ക് ഒ.എം അനുജന്‍, ഏവൂര്‍ പരമേശ്വരന്‍ എന്നീ പ്രഗത്ഭരായ അധ്യാപകരെ ലഭിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ പി. കേശവദേവിന്റെ  മലയാള നോവലായ ഓടയില്‍ നിന്ന്,കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനം എന്നിവ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ രചനകള്‍ സംസ്‌കൃതം ബി.എ, ബി.എ ഹോണേഴ്സ്, എം.എ വിദ്യാര്‍ഥികള്‍ക്ക് പാഠ്യപുസ്തകമായിരുന്നു.
മലയാളം പഠിച്ചെങ്കിലും ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചരിപ്പിക്കണമെന്ന ആഗ്രഹം സുധാംശുവിനെ പിന്തുടര്‍ന്നു.
1964ല്‍ നെഹ്‌റുവിന്റെ മരണ ശേഷം അദ്ദേഹത്തിന് നല്‍കിയ വാക്കു പാലിക്കാന്‍ സുധാംശു കേരളത്തിലേക്ക് ട്രെയിന്‍ കയറി. കൊല്ലം ഹിന്ദി ട്രെയിനിങ് കോളേജിലെത്തിയ സുധാംശു ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയില്‍ നിയമിതനായി. എഴുത്തുകാരന്‍ പി കേശവദേവുമായുള്ള പരിചയം മലയാള സാഹിത്യ ലോകത്തേക്കുള്ള വാതില്‍ തുറന്നു.ഇതിനിടെ കേരള സര്‍വകലാശാലയില്‍ നിന്നും അദ്ദേഹത്തിന് മലയാളത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
അടുത്ത വര്‍ഷം തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ ഹിന്ദി അധ്യാപകനായി ചുമതലയേറ്റു.
20 വര്‍ഷത്തിന് ശേഷം അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച് മുഴുവന്‍ സമയം എഴുത്തിലേക്ക് കടക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം.എന്നാൽ സഹപ്രവർത്തകരുടേയും,
അഭ്യുദയകാംക്ഷികളുടേയും സ്നേഹപൂർവമായ നിർബന്ധങ്ങൾക്ക് വഴങ്ങി ഒടുവിൽ കേരള വര്‍മ്മ കോളേജിന്റെ പ്രിന്‍സിപ്പലായാണ് അദ്ദേഹം വിരമിച്ചത്.
കേരളത്തിലുണ്ടായിരുന്ന നാല് പതിറ്റാണ്ടുകള്‍ പകരം വെയ്ക്കാനാകാത്ത സംഭാവനയാണ് അദ്ദേഹം ഹിന്ദി-മലയാള സാഹിത്യ മണ്ഡലങ്ങള്‍ക്ക് നല്‍കിയത്.
കേരള വര്‍മ്മ കോളേജിലെ ഔദ്യോഗികജീവിതത്തിനു ശേഷം കേരളം വിട്ട സുധാംശു ചതുര്‍വേദി കുറെനാൾ  ഡൽഹിയിൽ താമസിച്ചു.ഇപ്പോൾ യു പി, നോയ്ഡയിലെ സ്വന്തം ഗ്രാമത്തില്‍ വിശ്രമത്തിലാണെങ്കിലും സാഹിത്യ പരിശ്രമങ്ങള്‍ക്ക് അവധി നൽകാതെ ആ രംഗത്തെ തളരാത്ത തികഞ്ഞ പോരാളിയായി ഇന്നും നിലകൊള്ളുന്നു.അന്തരിച്ച ഹിന്ദി എഴുത്തുകാരി സുധ ചതുർവേദിയാണ് ഡോ സുധാംശുവിൻ്റെ ഭാര്യ.

Back to top button
error: