ഓഹരി സൂചികകള്‍ കരുത്താര്‍ജിച്ചു; നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടം കൈവരിച്ചു മുന്നേറി. വ്യാപാരത്തിനിടെ ഒരുവേള 500 പോയന്റിലേറെ കുതിച്ച സെന്‍സെക്സ് 465 പോയിന്റ് നേട്ടത്തില്‍ 58,853ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 128 പോയിന്റ് ഉയര്‍ന്ന് 17,525ലെത്തി.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കര്‍ശന പണനയവുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിനൊപ്പം യുഎസിലെ തൊഴില്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായാണ് പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഹാങ്സെക് സൂചിക നഷ്ടംനേരിട്ടു. ഷാങ് ഹായ് കോമ്പോസിറ്റാകട്ടെ 0.31ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

എന്നാല്‍ ഇന്ത്യന്‍ രൂപ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 19 പൈസ ഇടിഞ്ഞ് 79.65 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 79.24 ആയിരുന്നു വെള്ളിയാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയത്

കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, എസ്ബിഐ, അള്‍ട്രടെക് സിമെന്റ്സ്, ബ്രിട്ടാനിയ, അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അരശതമാനത്തോളം നേട്ടമുണ്ടാക്കി. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, ഐടി ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ഡോളറിനെതിരെ രൂപ 19 പൈസയുടെ നഷ്ടത്തില്‍ 79.65 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

 

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version