എന്തിനാണ് ജൈനമതക്കാർ പുറത്തു പോകുമ്പോൾ വായ്മൂടുന്ന ആവരണം ധരിക്കുന്നത്?എന്തുകൊണ്ട് അവർ ഉള്ളിയും വെളുത്തുള്ളിയും മറ്റ് കിഴങ്ങു വർഗ്ഗങ്ങളും ഭക്ഷണമാക്കാത്തത്?ജൈന സന്യാസിമാർ തുണി ധരിക്കാതെ നഗ്നരായി നടക്കുന്നതും പകൽ വെളിച്ചത്തിൽ ആഹാരം കഴിക്കുന്നതും എന്തുകൊണ്ട്? ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ എവിടെയാണ്?
ജൈനമതം ലോകത്തിലെ ഏറ്റവും പഴയ സന്യാസ മതപാരമ്പര്യമായി കണക്കാക്കപ്പെടുന്നു. ബുദ്ധമതം പോലെ അതിന്റെ ഉത്ഭവം ബിസി ആറാം നൂറ്റാണ്ടിൽ ആധുനിക ബീഹാറിലും , നേപ്പാളിലും നടന്ന ശ്രമണ പ്രസ്ഥാനങ്ങളിൽ നിന്നാണ്.മിക്കവാറും ജൈന സന്യാസിമാരും വെളുത്ത വസ്ത്രം ധരിച്ചവരാണ്.ചിലർ പൂർണ്ണമായും വസ്ത്രം ഉപേക്ഷിച്ചു ജീവിക്കുന്നു.ജൈന സന്യാസിമാർ മൃഗബലിക്കെതിരെ പ്രസംഗിക്കുകയും, കർശനമായ സസ്യാഹാരം പിന്തുടരുകയും ചെയ്യുന്നു .
ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ് .അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന് ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. ഇതിനെ മുഹപതി എന്നറിയപ്പെടുന്നു.
ആത്‌മവിൽ വിശ്വസിക്കുന്ന ജെയ്നർ, മനുഷ്യാത്മാവ് ഒരു മൃഗമായോ , പ്രാണിയായോ പുനർജനിക്കാമെന്നു വിശ്വസിക്കുന്നു. വിശ്വാസപ്രകാരം എല്ലാ ജീവജാലങ്ങൾക്കും ആത്മാക്കൾ ഉള്ളതിനാൽ ഏറ്റവും ചെറിയ ജീവിയെപ്പോലും ഉപദ്രവിക്കാൻ പാടില്ല എന്ന് പറയുന്നു .ഇങ്ങനെ അബദ്ധത്തിൽ പ്രാണികളെ ശ്വസിക്കുന്നത് ഒഴിവാക്കാനാണ് ഭക്തരായ ജൈനന്മാർ പുറത്തുപോകുമ്പോൾ മുഖംമൂടി ധരിക്കുന്നത്.ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ് ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കാറില്ല. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. സസ്യങ്ങളുടെ ജീവൻ അപഹരിക്കും എന്നതിനാലാണ് ഉള്ളിയും , വെളുത്തുള്ളിയും മറ്റ് കിഴങ്ങുകളും കഴിക്കുന്നത് ജൈനർ ഒഴിവാക്കുന്നത്.
തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിത രീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ഠിക്കേണ്ടതുണ്ട്.
ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്.
⚡ശ്വേതംബരർ – പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു.
⚡ദിഗംബരർ – വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം – ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്നരായി ജീവിക്കുകയും ചെയ്യുന്നു
പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നഗ്നരായ സന്യാസികൾ ധാരാളം കാണപ്പെടുന്ന ഒരു വിഭാഗമാണ് ജൈനമതം. ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമാണ്.
മഹാവീരൻ ആണ് ജൈനമത സ്ഥാപകൻ.
ചൈനയിലെ കൺഫ്യൂഷ്യസിന്റെയും , ഇസ്രായേലിലെ ജെറമിയ, എസെക്കിയേൽ, യെശയ്യ, ഗ്രീസിലെ അരിസ്റ്റോട്ടിൽ, പ്ലേറ്റോ എന്നിവരുടെ സമകാലികനായി പറയപ്പെടുന്നു .
ബുദ്ധനെപ്പോലെ, ആത്മീയ ജീവിതത്തിനായി അദ്ദേഹം തന്റെ സമ്പത്തും പദവികളും ഉപേക്ഷിച്ചു.
ഇന്ത്യയിൽ സസ്യാഹാരം എന്ന രീതിയും,ഗാന്ധി ഉയർത്തിയ അഹിംസയുടെ ആശയവും ജൈനന്മാരിൽ നിന്നും കടം കൊണ്ടതാണ്. ബുദ്ധമതത്തിൽ നിന്ന് വ്യത്യസ്തമായി, ജൈനമതം ഒരിക്കലും ഇന്ത്യക്കപ്പുറത്തേക്ക് വ്യാപിച്ചിട്ടില്ല.ജൈനമത പുരോഹിതൻ അലഞ്ഞുതിരിയുന്ന പൂച്ചകളെയും , നായ്ക്കളെയും പരിപാലിക്കാറുണ്ട്.
രോഗികളും , പരിക്കേറ്റതുമായ മൃഗങ്ങൾക്കും പക്ഷികൾക്കും ആശുപത്രികൾ നടത്തുന്നു.
ജൈനരും വാരണാസിയിലേക്ക് തീർത്ഥാടനം നടത്തുന്നു.
പല ജൈനമതക്കാരും കച്ചവടക്കാരായിത്തീർന്നത് അവരുടെ മതം കൃഷിക്കാരും,പട്ടാളക്കാരുമാകുന് നത് വിലക്കിയതുകൊണ്ടാണ്.ഇന്ത്യയിൽ ഇന്ന് ഏകദേശം 20 ലക്ഷം ജൈനർ ഉണ്ട്.ഇന്ത്യയിലെ ജനസംഖ്യയുടെ 0.4% മാത്രമാണ്,പ്രത്യേകിച്ച് രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ.
എന്നാൽ അവർ ഇന്ത്യൻ വ്യവസായങ്ങളിലും , മാധ്യമസ്ഥാപനങ്ങളിലും ആധിപത്യം പുലർത്തുന്നു.
ഇന്ത്യയിലെ സമ്പന്നരും , വിദ്യാസമ്പന്നരുമായ സമൂഹങ്ങളിലൊന്നായതിനാൽ, അത് ഇന്ത്യയുടെ രാഷ്ട്രീയത്തിലും , ബിസിനസ്സിലും അതിന്റെ സ്വാധീനം നിലനിർത്തുന്നു.ദേശീയ ആരോഗ്യ സർവേ പ്രകാരം 70.6% ജൈനമതക്കാരും സമ്പന്നരാണ്. ഇന്ത്യയിൽ 1.5% ജൈനമതക്കാർ മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്.ഇന്ത്യയിലെ ആളോഹരി വരുമാനത്തിൽ ജൈനർക്ക് രണ്ടാം സ്ഥാനമുണ്ട്.
പണം സമ്പാദിക്കുക മാത്രമല്ല, അവർക്കും സമൂഹത്തിനും വേണ്ടി വലിയ തോതിൽ ചെലവഴിക്കുകയും ചെയ്യുന്നു.ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് ജൈനർക്കാണ് അതായത് 94.1.% .
ചില പൊതുവായ ജൈന കുടുംബപ്പേരുകൾ ഇവയൊക്കെയാണ്:ബൻസാലി, മേത്ത, ഓസ്വാൾ, ദോഷി, സാരക്, സവേരി, രൂപാണി, ഗദ തുടങ്ങിയവ.
ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും , മോടിപിടിപ്പിക്കുന്നതിനും , സന്യാസിമാർക്കും , പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്.
മഹാവീരന്റെ കാലത്തിനു ശേഷം നൂറുകണക്കിനു വർഷങ്ങൾ കൊണ്ട് ജൈനമതം ഉത്തരേന്ത്യയുടെ മിക്കഭാഗങ്ങളിലേക്കും ഇന്നത്തെ ഗുജറാത്ത്, തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു.മഹാവീരന് റേയും അനുചരരുടേയും ഭാഷണങ്ങൾ നൂറ്റാണ്ടുകളോളം വായ്‌മൊഴിയായാണ് കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. ഇന്ന് ലഭ്യമായ രീതിയിൽ അവ എഴുതപ്പെട്ടത് അഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വല്ലഭി എന്ന സ്ഥലത്തുവച്ചാണ് .ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ആരവല്ലി മലനിരകളിലെ മൗണ്ട് അബു. മനോഹരമായ അലങ്കാരപ്പണികളോടുകൂടിയുള്ള വെണ്ണക്കൽ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള ശത്രുഞ്ജയ കുന്ന് മറ്റൊരു പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമാണ്.
കർണാടകയിലെ ഹാസൻ ജില്ലയിലെ ചെറിയൊരു പട്ടണമായ ശ്രാവണബലഗോള പുരാതന ജൈന തീർഥാടന കേന്ദ്രമാണ്. ജൈനരുടെ ആദ്യ തീർത്ഥങ്കരനായ ഋഷഭന്‍റെ നൂറു പുത്രന്മാരിൽ രണ്ടാമനായിരുന്നു ഗോമതേശ്വരൻ. ഇദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് ഗംഗാസാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് പത്താം നൂറ്റാണ്ടിൽ ഗോമതേശ്വര പ്രതിമ നിർമിച്ചത്. ബാഹുബലി എന്നും അറിയപ്പെടുന്ന ഈ ഗോമതേശ്വര പ്രതിമ പൂർണനഗ്നനാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയായ ഇതിന് 18 മീറ്റർ നീളമുണ്ട്.
കർണാടക ജൈനമതത്തിന് എന്നും വളക്കൂറുള്ള മണ്ണായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. എട്ടാം നൂറ്റാണ്ടിലായിരുന്നു കർണാടകയിലെ ജൈനമതത്തിന്‍റെ സുവർണകാലം. ഇക്കാലയളവിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ജൈന ബസതികൾ നിർമ്മിക്കപ്പെട്ടു. പത്താം നൂറ്റാണ്ടിൽ, മൗര്യ സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ശ്രാവണ ബലഗോളയിൽ വെച്ച് ജൈനഗുരുവായിരുന്ന ഭദ്രബാഹുവിന്‍റെ ശിഷ്യനായിയെന്നും ചരിത്രം പറയുന്നു.
ബാംഗ്ലൂരിൽ നിന്ന് 149 കിലോമീറ്റർ അകലെയാണ് ശ്രാവണബലഗോള. ചന്ദ്രഗിരി, വിന്ധ്യാഗിരി എന്നീ കുന്നുകളും അതിനിടയിലുള്ള വിശാലമായ കുളവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. വിന്ധ്യാഗിരിയുടെ മുകളിലാണ് ഗോമതേശ്വരന്‍റെ പ്രതിമ. കന്നഡയിൽ ബെലഗോള എന്ന പദത്തിനർഥം വെളുത്തകുളം എന്നാണ്. ശ്രാവണബെലഗോളയെന്നാൽ സന്യാസിയുടെ വെളുത്ത കുളം എന്നാണത്രെ അർഥം. ചന്ദ്രഗുപ്ത മൗര്യൻ അദ്ദേഹത്തിന്‍റെ അവസാന നാളുകൾ ചെലവഴിച്ച സ്ഥലമായതിനാലാണ് ഈ കുന്നിന് ചന്ദ്രഗിരി എന്ന പേര് വന്നതെന്നും പറയപ്പെടുന്നു.
സ്തൂപങ്ങളായിരുന്നു ജൈന വാസ്തു ശില്പകലയുടെ പ്രധാന ആകർഷണം. സങ്കീർണമായ എഴുത്ത് കുത്തുകളും ഉയരം കൂടിയ ഒറ്റക്കൽശിൽപ്പങ്ങളും അന്നത്തെ വാസ്തുശിൽപകലയുടെ പ്രൗഢി വിളിച്ചോതുന്നു. കല്ലുകളിൽ രചിച്ച കവിത പോലെ അനേകം രൂപങ്ങൾ പലയിടങ്ങളിലും കൊത്തിവെച്ചിരിക്കുന്നു. പൂർണ നഗ്നനായ ഒറ്റക്കലിൽ തീർത്ത ഗംഭീരനായ ബാഹുബലി. പണ്ട് ഭരതനെന്ന സഹോദരനെ എതിർത്ത് തപസ്സുചെയ്ത നിലയിലാണ് ഗോമതേശ്വരന്‍റെ പ്രതിമ.
ചില പ്രശസ്ത ജൈന വ്യക്തികളെക്കൂടി പരിചയപ്പെടാം.
⚡നരേന്ദ്ര പട്‌നി – പട്‌നി കമ്പ്യൂട്ടറിന്റെ സ്ഥാപകൻ
⚡വിനീത് ജെയിൻ- ബെന്നറ്റ്, കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ. (ടൈംസ് ഓഫ് ഇന്ത്യ )
⚡ഗൗതം അദാനി – അദാനി ഗ്രൂപ്പിന്റെ ചെയർമാൻ
⚡മംഗൾ പ്രഭാത് ലോധ – ലോധ ഗ്രൂപ്പിന്റെ ഉടമ
⚡രസിക്ലാൽ മണിക്ചന്ദ് ധാരിവാൾ – മണിക്ചന്ദ് ഗ്രൂപ്പിന്റെ ഉടമ.