രണ്ടു കള്ളന്മാർ
അജീഷ് മാത്യു കറുകയില്‍
വര: നിപുകമാർ
സുഗന്ധതൈല വ്യാപാരി ഇഥിമോസിന്റെ മണിമാളികയുടെ രഹസ്യ നിലവറയിൽ കടന്നതും ക്ലെപയോസ് അത്ഭുതം കൊണ്ടു വാ പൊളിച്ചു . രാജകൊട്ടാരത്തിന്റെ നിലവറയിൽ പോലുമില്ലാത്ത വിചിത്രവും അപൂർവവുമായ രത്ന ശേഖരം കണ്ട് അന്തം വിട്ടു നിൽന്ന ക്ലെയോപാസിനെ തോളിൽത്തട്ടി യാഥാർത്ഥ്യത്തിലേക്ക് മടക്കി കൊണ്ട് വന്നു സക്കറിയ.
ഇഥിമോസ് വെറുമൊരു സുഗന്ധ വ്യാപാരി മാത്രമല്ലെന്നും രാജ്യധികാരികളുടെ കങ്കാണിയാണെന്നും അവർക്കു വേണ്ടി സൂക്ഷിക്കപ്പെടുന്ന നിധി ശേഖരത്തിന്റെ വെറും കാവൽക്കാരൻ മാത്രമാണ് അയാളെന്നും സക്കറിയാ പറഞ്ഞു:
“ക്ലെപയോസ് നമുക്ക് രണ്ടാൾക്കും ആവശ്യമുള്ളത് മാത്രം എടുത്തുകൊണ്ട് പുറത്തു കടക്കാം. അല്ലാത്ത പക്ഷം നമ്മൾ പിടിക്കപ്പെടും. വീട്ടിൽ നമ്മെ കാത്തിരിക്കുന്ന ചിലരുണ്ട് അവർക്കു അന്നം മുട്ടാതിരിക്കാൻ വേണ്ടുന്ന അളവിൽ നമുക്കിരുവർക്കും ഈ മോഷണ മുതലുകൾ സഞ്ചിയിൽ കടത്തി ഇവിടുന്നു രക്ഷപെടാം. ഊഹിച്ചതിലും വലിയ മത്സ്യമാണ് ഇഥിമോസ്. അവന്റെ വായ്ക്കുള്ളിൽ അകപ്പെട്ടാൽ മരണശിക്ഷ തീർച്ച. ആയതിനാൽ സൂക്ഷിച്ചു മുന്നേറുക. നിന്റെ അത്യാർത്തി കാണിക്കേണ്ട സമയമല്ലിത്…”
“നിങ്ങളെന്നും ഇങ്ങനെയാ സക്കറിയാ, മോഷണമെന്ന തൊഴിലിൽ വഴിതെറ്റി വന്ന കള്ളനാണ് നിങ്ങൾ. വെറുതെ ജീവിക്കാൻ വേണ്ടി മാത്രമല്ല ഈ ക്ലെപയോസ് കള്ളനായത്. കൂടും തോറും ലഹരി പോലെ ആസ്വദിക്കുന്ന ദനാറകൾ തരുന്ന വലിയ സ്വീകാര്യത ഞാൻ സ്വപ്നം കാണുന്നു . ഗലീലിയായിലെ പടുകൂറ്റൻ മണിമാളികകളിൽ ഒന്നിൽ സകല സൗഭാഗ്യത്തോടും കൂടെ റോമൻ ഭരണാധികാരിയെപ്പോലെ ജീവിക്കാൻ വേണ്ടിയാണ് ഞാൻ മോഷണം നടത്തുന്നത് അല്ലാതെ നിന്നെ പോലെ വേദ വേലയുടെ പ്രചാരകനാകാനല്ല. നിനക്ക് ചേരുന്നത് വള്ളവും വലയുമായി കടലിൽ പോകുന്ന പണി തന്നെയാ…”
“മതിയാക്കൂ ക്ലെപയോസ്, ഗലീലിയായുടെ പകുതിയിൽ അധികം നേടാൻ കഴിയുന്ന മുതലുകൾ നിന്റെ സഞ്ചിയിൽ ഇപ്പോൾ തന്നെ നീ നിറച്ചു കഴിഞ്ഞു. ഇനിയിവിടെ നിന്നാൽ ഇഥിമോസിന്റെ കിങ്കരന്മാർ നമ്മെ പിടികൂടും. ഒരു പക്ഷെ വേഷം മാറിയ രാജ കിങ്കരന്മാർ തന്നെയാവും അവർ, വരൂ വേഗം നമുക്കു പുറത്തു കടക്കണം…”
“ബാക്കി ഇത്രയും സ്വർണ്ണ നാണയങ്ങൾ ഇവിടെ ഉപേക്ഷിച്ചു കടന്നു കളയാൻ നിനക്കെങ്ങനെ മനസു വരുന്നു സക്കറിയാ. ഒരിക്കലും അടങ്ങാത്ത ധനാസക്തിയല്ലേ നമ്മെ കള്ളന്മാരാക്കിയത്. അൽപ്പ സമയം കൂടി നീ ഇവിടെ എന്നയുംകാത്തു നിൽക്കൂക. ഒരു സഞ്ചിയിൽ കൂടി സ്വർണ്ണ നാണയങ്ങൾ നിറച്ചു കഴിഞ്ഞാൽ നമ്മൾ ഈ നിലവറ വിടും.”
ആ നിമിഷംനിലവറ വാതിൽ തുറന്ന് ഇഥിമോസിന്റെ കിങ്കരന്മാർ അകത്തു കടന്നു. രക്ഷപെടാനൊരു പഴുതു പോലുമില്ലാത്തവിധം ക്ലെപയോസും സക്കറിയയും പകച്ചു നിന്നു.
രാജ്യാധികാരിയുടെ രഹസ്യ നിലവറയിൽ കടന്ന അഹങ്കാരികൾ മരണശിക്ഷയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല എന്ന ഇഥിമോസിന്റെ വാറോലകൾക്കു കീഴിൽ അധികാരി ഭംഗംവിനാ ഒപ്പു ചാർത്തി.
അവരെ ഇരുവരെയും ക്രൂശിച്ച മലയിലേയ്ക്കു ജനക്കൂട്ടം ആഹ്ലാദരാവത്തോടെ ഒരു മനുഷ്യനെ കുരിശുമായി നടത്തി കൊണ്ടു വരുന്നതു കണ്ടു ക്ലെപയോസ് കുരിശിൽ കിടന്നു കൊണ്ട്, ഇതാ പുതിയൊരു കള്ളനും കൂടി എന്നാർത്തു വിളിച്ചു .
സക്കറിയാ അയാളെ ശാസിച്ചു:
“നീയറിയുന്നില്ലേ അയാളെ…! ഗലീലിയായിലെ പുൽ തകിടികളെ പ്രകമ്പനം കൊള്ളിച്ചു കടന്നു പോയ നീതിമാനാന്നവൻ. അവന്റെ പ്രസംഗം കേൾക്കാൻ ഒരിക്കലെങ്കിലും എനിക്ക് സാധിച്ചിരുന്നെങ്കിൽ ഇന്നു ഞാനീ കുരിശേറേണ്ടി വരില്ലായിരുന്നു. ദൈവപുത്രാ നിന്നോടൊപ്പം കുരിശിലേറാൻ വേണ്ടി മാത്രമായിരുന്നിരിക്കണം എനിക്കരികിലൂടെ വചനം വിതച്ചു നീ കടന്നു പോയിട്ടും ഞാൻ നിന്നെ ശ്രവിക്കാതെ പോയത്…”
അനന്തരം അവരിരുവർക്കും നടുവിലായി അവർ ക്രിസ്തുവിനെയും കുരിശിലേറ്റി .
‘എ ലോയ് എ ലോയ് ലാമ സബക് ഥാനീ…’ എന്നവൻ ഉച്ചത്തിൽ അലറുന്നതു കേട്ട് കെപ്ലയോസിനു ചിരിപൊട്ടി
“നീ ദൈവമെങ്കിൽ നിനക്കു നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിച്ചു കൂടെ…!”
സക്കറിയാ കെപ്ലയോസിനെ ശകാരിച്ചു:
“നീ ദൈവത്തെ ഭയപ്പെടുന്നില്ലേ ! നീയും അതേ ശിക്ഷാ വിധിയിൽ തന്നെയാണല്ലോ…”
സക്കറിയാ യേശുവിനെ ഭക്ത്യാദരപൂർവ്വം നോക്കി തുടർന്നു:
“യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ…!”
യേശു അവനോടരുളിചെയ്തു:
“സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു. നീ ഇന്ന് എന്നോടു കൂടെ പറുദീസയിൽ ആയിരിക്കും…”
അപ്പോൾ ഏകദേശം ആറാം മണിക്കൂർ ആയിരുന്നു .
“പിതാവേ അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു..”
ഇത് പറഞ്ഞവൻ ജീവൻ വെടിഞ്ഞു .
സക്കറിയായുടെ കണ്ണുകളിൽ നിന്നും അനുതാപത്തിൻറെ രക്തം കിനിഞ്ഞിറങ്ങി. അവിടുത്തെ രക്ഷാകര പദ്ധതിയിൽ പങ്കാളിയാകാൻ തിരഞ്ഞെടുത്ത സക്കറിയായുടെ കുടുംബം കുരിശിൻ ചുവട്ടിലിരുന്നുദൈവത്തെ സ്തുതിച്ചു. അത്ഭുതമെന്നു പറയട്ടെ ഇനിയും മരിച്ചിട്ടില്ലാത്ത സക്കറിയായെ താഴെയിറക്കാൻ ഇഥിമോസിന്റെ ശുപാർശപ്രകാരമുള്ള രാജകല്പനയിറങ്ങി:
“കർത്താവെ നീ തിരഞ്ഞെടുക്കുന്നവർ എത്ര ഭാഗ്യവാന്മാർ. നിന്റെ തിരഞ്ഞെടുപ്പിൽ എന്നെയുമൊരിക്കൽ നീ പങ്കാളിയാക്കേണമേ …”