Lead NewsNEWS

ഷാഫി പറമ്പിലിന്റെ എതിരാളി സന്ദീപ് വാര്യർ?

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഷാഫി പറമ്പിലിന്റെ എതിരാളിയായി സന്ദീപ് വാര്യരെ മത്സരിപ്പിക്കാൻ ബിജെപി ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വം ഇക്കാര്യം ആലോചിക്കുന്നത്. പാലക്കാട് നഗരസഭയിൽ ബിജെപി തുടർഭരണം നേടിയിരുന്നു. സമീപ പഞ്ചായത്തുകളിൽ ബിജെപിക്ക് വോട്ട് വർധനയും ഉണ്ടായിരുന്നു. ഇതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ തുണയാകും എന്നാണ് ബിജെപി കരുതുന്നത്.

ഏറെക്കാലമായി ബിജെപി പാലക്കാടിനു വേണ്ടി പൊരുതുന്നു. കഴിഞ്ഞ തവണ മത്സരിച്ച ശോഭാസുരേന്ദ്രൻ രണ്ടാം സ്ഥാനത്തു വന്നിരുന്നു.

2011 ലാണ് പാലക്കാട് മണ്ഡലം ഷാഫി പറമ്പിൽ ഇടതുപക്ഷത്തു നിന്ന് പിടിക്കുന്നത്. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം കൂട്ടി.

സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാൻ ആയിരുന്നു ബിജെപിയുടെ ആലോചന. എന്നാൽ മലമ്പുഴയാണ് കൃഷ്ണകുമാർ ആഗ്രഹിക്കുന്ന മണ്ഡലം. അതുകൊണ്ട് സന്ദീപ് വാര്യരെ പാലക്കാട്‌ മത്സരിപ്പിക്കാമെന്നാണ് ഇപ്പോൾ ബിജെപി കരുതുന്നത്.

യുഡിഎഫും ബിജെപിയും തമ്മിൽ 6000 വോട്ടിന്റെ വ്യത്യാസം ആണ് ഇപ്പോൾ പാലക്കാട് മണ്ഡലത്തിൽ ഉള്ളത്. സന്ദീപ് വാര്യർ വരുന്നതോട് കൂടി ഇത് മറികടക്കാൻ ആകും എന്നാണ് ബിജെപി കരുതുന്നത്.

Back to top button
error: