ആലപ്പുഴ: പൊലീസുകാര്‍ക്ക് കഥയെഴുതാന്‍ പാടില്ലെന്ന് സര്‍വീസ് ചട്ടങ്ങളില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, അപ്പോള്‍ കാക്കിക്കുള്ളിലെ കലാവാസനയ്ക്ക് പ്രോത്സാഹനമൊക്കെ ഉണ്ടല്ലേ, മ്മ് പിന്നേ… മൂന്ന് വര്‍ഷത്തേക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് മാത്രം. സംഭവത്തിലേക്ക് വരാം, ആലപ്പുഴയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഒരു ആക്ഷേപഹാസ്യ കഥയെഴുതി. അതുകഴിഞ്ഞ് അതിന് ‘കോണകവാല്’ എന്ന് പേരിട്ട് ‘പുലിവാല്’ പിടിച്ചു.
ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഗ്രേഡ് എഎസ്ഐ: എം കൃഷ്ണകുമാറാണ് കഥയെഴുതി പണി വാങ്ങിയത്. സഹപ്രവര്‍ത്തകനായ തന്നെ അപമാനിക്കുന്നതാണ് കഥയെന്ന ആരോപണവും പരാതിയുമായി ഇതേ സ്റ്റേഷനിലെ എസ്ഐ മനോജ് രംഗത്ത് വന്നു. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഥയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ശരിയല്ലെന്നാണ് മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിലെ കണ്ടെത്തല്‍.
കഥയിലെ ഭാഷ അതിരുകടന്നതും പ്രാകൃതവും ആണെന്ന കണ്ടെത്തലിനൊടുവില്‍ കൃഷ്ണകുമാറിന്റെ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവയ്ക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. കഥയുടെ പേര് അശ്ലീലമല്ലെന്നു സ്ഥാപിക്കാന്‍ കഥയെഴുതിയ എഎസ്ഐ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. അച്ചടക്ക സേനയില്‍ ഏറെ നാളായി ജോലി ചെയ്യുന്നയാള്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കഥയുടെ പേര് സേനയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതാണെന്നു കണ്ടെത്തി. കൃഷ്ണകുമാറിന്റെ വിശദീകരണം തൃപ്തികരമായതുമില്ല.
2023ല്‍ ആണ് ഈ സംഭവികാസങ്ങള്‍ നടക്കുന്നതും അന്നത്തെ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ ശമ്പള വര്‍ദ്ധന തടഞ്ഞുള്ള ഉത്തരവ് പുറത്തിറക്കിയതും. കോണകവാല് എന്ന ഒറ്റ പ്രയോഗത്തിനുള്ള അര്‍ഥം ശബ്ദതാരാവലിയിലോ കേരള ഭാഷാ നിഘണ്ടുവിലോ പരാമര്‍ശിക്കുന്നില്ല. രണ്ടിലും കോണകം, വാല് എന്നിവയുടെ വെവ്വേറെ അര്‍ത്ഥങ്ങളാണുള്ളത്. ഒരു വാക്കിന്റെ അര്‍ഥം നിര്‍ണയിക്കുന്നത് സന്ദര്‍ഭം കൂടി കണക്കിലെടുത്താണ്. ഏതു സന്ദര്‍ഭത്തിലാണ് പ്രയോഗിക്കുന്നത് എന്നറിഞ്ഞാലേ അര്‍ഥം പറയാന്‍ കഴിയൂ. ഇതായിരുന്നു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറുപടി.