കൊടുങ്ങല്ലൂരിൽ കൂട്ടുകാരൊടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 17കാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചത് ഇന്നലെയാണ്.
കൊടുങ്ങല്ലൂർ പനങ്ങാട് ഹയർ സെക്കൻഡറി സ്കുളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തിരുവള്ളൂർ
കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ ആണ് മരിച്ചത്. മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയ ജിസുൻ മാത്രമാണ് അപകടത്തിൽ പെട്ടത്.
കാസർകോട് ജില്ലയെ കഴിഞ്ഞ ദിവസം കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു സഹോദരങ്ങളുടെ മുങ്ങിമരണം. കുമ്പള അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ നവാല്‍ റഹ്മാന്‍ (22), അനുജന്‍ നാസില്‍ (15) എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. ആ ഞെട്ടല്‍ മാറുംമുമ്പ് കാഞ്ഞങ്ങാട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരന്‍ മിദ്ലാജ് (13) എന്ന കുട്ടിയുടെ മുങ്ങി മരണവും നടുക്കത്തോടെയാണ് കേട്ടത്.
സംസ്ഥാനത്ത് മുങ്ങിമരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021 വരെ ആയിരത്തിൽ താഴെയാണ് മുങ്ങിമരണ നിരക്ക്. കഴിഞ്ഞ വർഷം 1200 പേർ സംസ്ഥാനത്ത് മുങ്ങിമരിച്ചതായി ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്കുകളിൽ പറയുന്നു. റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്.
ഈയിടെയായി എന്തുകൊണ്ടാണ് മുങ്ങി മരണം ഇങ്ങനെ തുടര്‍ക്കഥയാകുന്നത്…? കഴുത്തുവരെയുള്ള ജലാശയത്തില്‍ പോലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല. എന്താണ് ഇതിന്റെ ശാസ്ത്രീയവശം, തീര്‍ച്ചയായും പഠനവിധേയമാക്കേണ്ടതാണ്. കൈ വളരുന്നോ, കാലു വളരുന്നോ എന്ന് കണ്ണിലെണ്ണയൊഴിച്ച് പോറ്റി വളര്‍ത്തി, ഭാവിയിൽ രക്ഷിതാക്കൾക്ക് ആശ്രയം നല്‍കേണ്ട മക്കള്‍ ജീവനറ്റ് കിടക്കുന്ന കാഴ്ച ഏതൊരു മാതാപിതാക്കളാണ് സഹിക്കുക.
പക്ഷേ വിധിയെ പഴിക്കാതെ നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്.
1980 കള്‍ വരെ നീന്തലും, മരം കയറ്റവും, സൈക്കിള്‍ റൈഡും കുട്ടികളില്‍ ഉള്‍ച്ചേര്‍ന്ന നൈസര്‍ഗ്ഗീഗ വാസനയായിരുന്നു, അവര്‍ സമപ്രയാക്കാരിലൂടെയും കൂട്ടുകാരിലൂടെയും നിഷ്പ്രയാസം സ്വായത്തമാക്കുന്ന പ്രക്രിയ, അതിനായി പ്രത്യേക പരിശീലം കൊടുക്കുക പതിവുണ്ടായിരുന്നില്ല. സമകാലീന കുട്ടികള്‍ വിരല്‍ത്തുമ്പിലെ വിസ്മയത്തില്‍ ഭ്രമിച്ചുകഴിയുമ്പോള്‍ ക്രിയാത്മകമായി ചെയ്യേണ്ടതും, പാരമ്പര്യവും പൈതൃകവുമായ ജന്മസിദ്ധികള്‍ പരിപോഷിപ്പിക്കുന്നതിലും വളരെ പിന്നിലായിപ്പോകുന്നു എന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്.
ഫലമോ ശാരീരിക- മാനസീക ആരോരോഗ്യനില താളം തെറ്റുകയും ഡയബറ്റിക്‌സ്, പൊണ്ണത്തടി, കാഴ്ചക്കുറവ് എന്നീ രോഗങ്ങള്‍ ഗ്രസിച്ച് അവരെ മന്ദതയും ഉത്സാഹക്കുറവുള്ള ഒരു തലമുറയായി പരിവര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്നത്തെ തലമുറ ഓട്ടവും, ചാട്ടവും, നീന്തലും എല്ലാം ‘ഗെയിമിലൂടെ’ ആസ്വദിച്ചു നിര്‍വൃതിയടയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്, അവരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഏറിയ പങ്കും രക്ഷിതാക്കളാണ് കുറ്റക്കാര്‍ എന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
സംസ്ഥാനത്ത് മുങ്ങിമരണം കൂടുന്ന സാഹചര്യത്തിൽ കുളത്തിലെ നീന്തിക്കുളിക്ക് ആറ് മാർഗനിർദേശങ്ങൾ വെച്ചിരിക്കയാണ് കണ്ണൂർ പെലീസ്.
കുളങ്ങൾ പരിപാലിക്കുന്ന കമ്മിറ്റികൾക്കും വ്യക്തികൾക്കും നിർദേശങ്ങൾ നൽകിയതായി കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ജനമൈത്രി പൊലീസ് നൽകുന്ന നിർദേശങ്ങൾ നീന്തൽക്കുളത്തിന് സമീപം ബോർഡിൽ പ്രദർശിപ്പിക്കണം.
കുളക്കരയിൽ പ്രദർശിപ്പിക്കേണ്ട നിർദ്ദേശങ്ങൾ
◾കുളത്തിൽ കുളിക്കാനുള്ള സമയം രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ
◾ ചുറ്റുമതിൽ, മരക്കൊമ്പുകൾ, കെട്ടിടങ്ങൾ എന്നിവയുടെ മുകളിൽ കയറി കുളത്തിലേക്ക് ചാടരുത്
◾ ലഹരിവസ്തുക്കൾ ഉപയോഗിച്ച് കുളത്തിൽ ഇറങ്ങരുത്
◾ പ്രവൃത്തിദിവസം രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ മാത്രം
◾ നാട്ടുകാരല്ലാത്തവരെ നീന്താൻ അനുവദിക്കില്ല
◾ ഒരുമണിക്കൂറിൽ കൂടുതൽ സമയം കുളത്തിൽ ചെലവഴിക്കാൻ പാടില്ല.