വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്.പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്.രാമക്കൽമേടിന്റെ ഉച്ചിയിൽ നിന്ന് താഴേക്ക് നോക്കിയാൽ തമിഴ്നാടിന്റെ സൗന്ദര്യം ആസ്വദിക്കാം.
തേക്കടിയില്‍ നിന്നു വടക്കു കിഴക്കായി, കുമളി – മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്.തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പം താഴ്വരയെ നോക്കി നില്ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്.
ഏലത്തോട്ടങ്ങള്‍ക്കും ചായത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് കിഴക്കു നോക്കി നില്ക്കുന്ന ഈ പാറക്കെട്ടുകള്‍.ഇതിലൊരു പാറയില്‍ വലിയൊരു കാല്‍പ്പാദത്തിന്റെ പാടു കാണാം. സീതാന്വേഷണ കാലത്ത് ഭഗവാന് രാമന് ചവിട്ടിയ പാടാണെന്ന വിശ്വാസത്തില്‍ ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്നും പേരു വീണു. ഈ കുന്നിന് മുകളില്‍ എപ്പോഴും കാറ്റ് ആഞ്ഞു വീശുന്നതിനാല്‍ കേരള സര്‍ക്കാരിന്റെ കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്.
എപ്പോഴും വീശിയടിക്കുന്ന കുളിർകാറ്റും തമിഴ്നാടിന്റെ വിദൂരക്കാഴ്ചയുമൊക്കെയായി അതിമനോഹരമായ അനുഭവം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടമാണ് രാമക്കൽമേട്. കുറവൻകുറത്തി പ്രതിമയും മഴമുഴക്കി വേഴാമ്പലിന്റെ രൂപത്തിലുള്ള വാച്ച് ടവറുമെല്ലാം കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും രാമക്കൽമേട്ടിലെത്തുന്നത്.