IndiaNEWS

മാണ്ഡ്യയില്‍ വീണ്ടും മത്സരിക്കാനില്ല; ബി.ജെ.പിയില്‍ ചേരുമെന്ന് സുമലത

ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ സീറ്റിനെച്ചൊല്ലി എന്‍.ഡി.എയിലുള്ള തര്‍ക്കങ്ങള്‍ക്ക് വിരാമം. സിറ്റിങ് എം.പി സുമലത അംബരീഷ് ഇത്തവണ മത്സരിക്കില്ലെന്ന് അറിയിച്ചു. കൂടാതെ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ ഇത്തവണ ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

2019ല്‍ സ്വതന്ത്രയായി മത്സരിച്ച സുമലതയെ ബി.ജെ.പി പിന്തുണക്കുകയായിരുന്നു. അന്ന് കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ആണ് അവര്‍ പരാജയപ്പെടുത്തിയത്. ഇത്തവണയും സുമലത ഇവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, സീറ്റ് ജെ.ഡി.എസിന് നല്‍കുകയായിരുന്നു. മാര്‍ച്ച് 31ന് കുമാരസ്വാമി പിന്തുണ ആവശ്യപ്പെട്ട് സുമലതയെ കണ്ടിരുന്നു. ബി.ജെ.പി സുമലതക്ക് മറ്റു സീറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും അവര്‍ നിഷേധിച്ചു.

Signature-ad

മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. കഴിഞ്ഞതവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി മത്സരിച്ചതും ബി.ജെ.പി പിന്തുണയോടെ വിജയിച്ചതും.

വൊക്കലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. ഇവര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള പാര്‍ട്ടി കൂടിയാണ് ജെ.ഡി.എസ്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വലിയ രീതിയില്‍ വോട്ട് നേടാന്‍ സാധിച്ചിരുന്നില്ല.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും വൊക്കലിഗ സമുദായാംഗമാണ്. അതിനാല്‍ തന്നെ വോട്ടുബാങ്കിന്റെ വലിയൊരു ശതമാനം ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇത് തിരിച്ചുകൊണ്ടുവരിക കൂടിയാണ് എച്ച്.ഡി. കുമാരസ്വാമിയുടെ സ്ഥാനാര്‍ഥിത്തത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. സ്റ്റാര്‍ ചന്ദ്രു എന്നറിയപ്പെടുന്ന വെങ്കടരമണ ഗൗഡയാണ് മാണ്ഡ്യയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

 

Back to top button
error: