KeralaNEWS

ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ ബന്ധം; നിര്‍ബന്ധിത അവധി നല്‍കി സിപിഎം

ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിര്‍ബന്ധിത അവധി നല്‍കി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല.

ഷീദിന് എസ്ഡിപിഐ നേതാവുമായി ബിസിനസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഹോട്ടല്‍ സംരംഭത്തില്‍ ഷീദ് എസ്ഡിപിഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാര്‍ട്ടിക്ക് ഷീദ് വിശദീകരണം നല്‍കിയിരുന്നത്.

Signature-ad

ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷീദിനെതിരെ നടപടി വേണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. നടപടി വൈകിയതിനെ തുടര്‍ന്ന് ചെറിയനാട് ലോക്കല്‍ സൌത്ത് കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങള്‍ എട്ടുമാസം മുമ്പ് ഒരുമിച്ച് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഈ പ്രതിഷേധത്തിന് ശേഷവും പാര്‍ട്ടി ഷീദിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് 90 ഓളം അംഗങ്ങളും രാജിവെച്ചു.

ഇത്തരത്തില്‍ എട്ട് മാസത്തിനിടെ രാജിവെച്ച 120 ഓളം പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ ഇതുവരെ ചേര്‍ന്നിട്ടില്ല. ഇവരെ തിരികെയത്തിക്കാനുള്ള ശ്രമത്തിലാണ് ചെങ്ങന്നൂരിലെ പാര്‍ട്ടി നേതൃത്വം. ഇതിനെ തുടര്‍ന്നാണ് ഷിദിനെ നിര്‍ബന്ധിത അവധിയിലേക്ക് വിടുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പനി ആയതിനാല്‍ അവധി വേണമെന്നാണ് ഇയാള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് മന്ത്രിയെ ക്ഷണിച്ചത് എന്നാണ് സൂചന. ചടങ്ങില്‍ എസ്ഡിപിഐ നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

Back to top button
error: