KeralaNEWS

ജി20 രണ്ടാം ഷെർപ്പ യോഗം: കേരള തനിമയിൽ അണിഞ്ഞൊരുങ്ങി വിദേശപ്രതിനിധികൾ; സായാഹ്ന കായല്‍ സൗന്ദര്യം നുകര്‍ന്നു ഹൗസ് ബോട്ടിൽ ചായസൽക്കാരവും ചർച്ചയും

കോട്ടയം: കുമരകത്ത് നടക്കുന്ന ഷെർപ്പ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികൾ കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയത് കൗതുകമുണർത്തി. കശവ് മുണ്ടും നേരിയതുമൊക്കെ അണിഞ്ഞ് പുരുഷ പ്രതിനിധികൾ ഒരുങ്ങിയപ്പോൾ വനിതാ പ്രതിനിധികൾ കശവ് പാവാടയും നേരിയതുമൊക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും കെ.എ.എസ്. ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ ഒരുക്കിയത്. മുണ്ടും നേരിയതുമൊക്കെ അണിയിച്ചുവെങ്കിലും ഷെര്‍പ്പകള്‍ക്കും പ്രതിനിധികള്‍ക്കും ആശങ്ക, നടക്കുമ്പോള്‍ മുണ്ടഴിഞ്ഞു വീഴുമോ? ഒടുവിൽ ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ ഒന്നു കൂടി മുണ്ട് മുറുക്കിയെടുത്ത് എല്ലാവരും നടന്ന് ഹൗസ്‌ബോട്ടിലേക്ക് നീങ്ങി.

ഇന്ന് വൈകിട്ട് ഹൗസ്‌ബോട്ടില്‍ നടന്ന ‘കായൽ സംഭാഷണ’ങ്ങളിലും (കായലിലെ ചായസൽക്കാരം) ചർച്ചയിലും പങ്കെടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു കേരളീയ വേശത്തിലെ മേക്ക് ഓവർ. തുടര്‍ന്നു കുമരകത്തിന്റെ സായാഹ്ന കായല്‍ സൗന്ദര്യം നുകര്‍ന്നു ചര്‍ച്ച നയിച്ചു. അസ്തമയം കണ്ട ശേഷം തിരികെയെത്തിയത്. ജി20 കാര്യപരിപാടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും സമാന ആശങ്കകളിൽ സഹകരണവും ധാരണയും വർധിപ്പിക്കുന്നതിനുമുള്ള അനൗപചാരിക ക്രമീകരണ മാർഗങ്ങളാണ് ‘കായൽ സംഭാഷണ’ത്തിൽ (കായലിലെ ചായസൽക്കാരം) ചർച്ച ചെയ്തത്. ഇന്ത്യൻ ജി20 ഷെർപ്പ അമിതാഭ് കാന്ത് മറ്റിടങ്ങളിൽ നിന്നുള്ള ഷെർപ്പകളുമായി ദിവസം മുഴുവൻ ഫലപ്രദമായ ഉഭയകക്ഷി ചർച്ചകളും നടത്തി.

‘ചർച്ചയും ആഹാരവും’ എന്നുപേരിട്ട സാംസ്കാരിക സായാഹ്നവും അത്താഴവിരുന്നുമായാണു യോഗത്തിന്റെ ആദ്യ ഔപചാരിക ദിനം സമാപിച്ചത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ജില്ല കളക്ടർ പി.കെ. ജയശ്രീ തുടങ്ങിയവരും അത്താഴവിരുന്നിൽ പങ്കെടുത്തു. വടക്കൻ പാട്ടിന്റെ (കേരളത്തിന്റെ പരമ്പരാഗത നാടോടിക്കഥകൾ) അടിസ്ഥാനമാക്കിയുള്ള ‘ഓതിരം മോഹിതം’ എന്ന നാടകത്തിന്റെ അവതരണത്തിനും കേരളത്തിന്റെ സമ്പന്നമായ പൈതൃകം വെളിവാക്കുന്ന വിവിധ നൃത്തരൂപങ്ങൾക്കും വിശിഷ്ടാതിഥികളും ജി20 പ്രതിനിധികളും സാക്ഷ്യം വഹിച്ചു.

Back to top button
error: