ഡല്‍ഹി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കും. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇഡിക്ക് പരമാധികാരം നല്‍കുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമത്തില്‍ ഇഡിക്ക് വിശാല അധികാരങ്ങള്‍ നല്കിയത് സുപ്രീം കോടതി ശരിവച്ചിരുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍, ജാമ്യത്തിനായുള്ള കര്‍ശനവ്യവസ്ഥകള്‍ തുടങ്ങിയവ കോടതി ശരിവെച്ചു. ഇഡി പൊലീസ് അല്ലെന്നും ഇസിഐആര്‍ രഹസ്യരേഖയായി കാണക്കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം ധനകാര്യബില്ലിലൂടെ നിയമ ഭേദഗതി നടപ്പാക്കിയതിലെ തീര്‍പ്പ് എഴംഗ ബെഞ്ചിന് വിട്ടു
ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശാല അധികാരങ്ങള്‍ നല്‍കുന്ന നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബഞ്ചിന്റെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെയായിരുന്നു.
- പിഎംഎൽഎ നിയമപ്രകാരം ഇഡിക്ക് അറസ്റ്റിനും പരിശോധനയ്ക്കും അധികാരമുണ്ട്.
- സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം ഭരണഘടനാ വിരുദ്ധമല്ല.
- ഇഡിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് ( ECIR) പ്രതിക്ക് നൽകേണ്ടതില്ല ഇത് രഹസ്യരേഖയായി കണക്കാക്കാം.
- അറസ്റ്റിലായാൽ പ്രതിക്ക് കോടതി വഴി രേഖ ആവശ്യപ്പെടാം.
- ഇഡി പൊലീസ് അല്ല, ഇസിഐആര്‍ എഫ്ഐറിന് തുല്യമല്ല
എഫ്ആർ ഇല്ലാത്തതു കൊണ്ട് അറസ്റ്റു പാടില്ല എന്ന വാദം കോടതി തള്ളി.കള്ളപ്പണ കേസുകളിൽ ജാമ്യത്തിനുള്ള കടുത്ത ഉപാധികൾ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. സമന്‍സ് നല്‍കി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതില്ലെന്നും എന്നാൽ അറസ്റ്റിന്റെ സമയത്ത് എന്തുകൊണ്ടാണ് അറസ്റ്റ് എന്ന് കുറ്റാരോപിതനോട് വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ മുൻവിധിയിൽ പറഞ്ഞിരുന്നു.