യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് കേസുകള്‍ കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ങ്കിപോക്സ് വൈറസിനെ കുറിച്ച് ഇതിനോടകം തന്നെ നാമെല്ലാവരും കേട്ടുകഴിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ രോഗം കണ്ടെത്തപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും മുപ്പതിലധികം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യത്തും ആരോഗ്യമേഖലയില്‍ ഇതിനെതിരായ ജാഗ്രത ശക്തമാണ്. ഇപ്പോഴിതാ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്സ് കേസുകള്‍ വ്യാപകമായതോടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകളും ബന്ധപ്പെട്ട അധികൃതരും രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

‘അടിയന്തരമായും ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം രോഗവ്യാപനത്തിന്‍റെ തോതും ഏരിയയും വലുതായിക്കൊണ്ടിരിക്കും. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതിരിക്കണമെങ്കില്‍ നിലവില്‍ ജാഗ്രത കൂടിയേ തീരൂ…’- ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല ഡയറക്ടര്‍ ഹാന്‍സ് ഹെന്‍റി ക്ലൂഗ് പറഞ്ഞു.

മെയ് ആദ്യം മുതല്‍ക്കാണ് മങ്കിപോക്സ് കേസുകള്‍ വ്യാപകമായിത്തുടങ്ങിയത്. 1970കള്‍ മുതല്‍ തന്നെ ആഫ്രിക്കൻ രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട മങ്കിപോക്സ് ഇടവേളകളിലായി പലയിടങ്ങളിലും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇക്കുറി പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് ശക്തമായി വരികയായിരുന്നു. നിലവില്‍ 4,500ഓളം മങ്കിപോക്സ് കേസുകളാണ് യൂറോപ്പില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുപ്പത്തിയൊന്ന് രാജ്യങ്ങളില്‍ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

നിലവില്‍ ആഗോളതലത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ടതിന്‍റെ ആവശ്യകതയാണ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇപ്പോള്‍ കൂടുതലും മങ്കിപോക്സ്  ബാധിച്ചവര്‍ പുരുഷന്മാരാണ്. അതില്‍ തന്നെ സ്വവര്‍ഗരതിക്കാരുടെ എണ്ണവും കൂടുതലാണ്. ഇക്കാരണം കൊണ്ട് തന്നെ മങ്കിപോക്സ് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന വിലയിരുത്തലില്‍ തന്നെയാണ് ഇപ്പോഴും ലോകാരോഗ്യ സംഘടന. എന്നാലിതിനെ ലൈംഗിക രോഗമായി പ്രഖ്യാപിച്ചിട്ടില്ല. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ പകരുന്നു എന്ന രീതിയില്‍ തന്നെയാണ് കണക്കാക്കപ്പെടുന്നത്.

കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്നതാണ് മങ്കിപോക്സ് വൈറല്. ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ പനിയും ദേഹം മുഴുവന്‍ ചെറിയ കുമിളകളും വന്നുനിറയുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ജീവന് ഭീഷണിയാകുന്ന രീതിയിലേക്ക് മങ്കിപോക്സ് അങ്ങനെ തീവ്രമാകാറില്ല. എങ്കിലും ജാഗ്രത നിര്‍ബന്ധം തന്നെ.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version