3 കമ്പനികള്‍ കൂടി വിപണിയിലേക്ക്; ഐപിഒയ്ക്ക് സെബി അനുമതി

ഫാര്‍മ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി. ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് എന്നിവയാണ് ഐപിഒയുടെ അനുമതി നേടിയ മറ്റ് കമ്പനികള്‍. 2021 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയിലാണ് ഈ കമ്പനികള്‍ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചത്.

ഡ്രാഫ്റ്റ് പേപ്പറുകള്‍ പ്രകാരം, മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും. പ്രൊമോട്ടര്‍മാരുടെ 6.05 കോടി ഓഹരികളാണ് ഏകദേശം 5,000 കോടി രൂപ വലുപ്പമുള്ള ഐപിഒയിലൂടെ മക്ലിയോഡ്സ് ഫാര്‍മ കൈമാറുന്നത്. ആന്റി-ഇന്‍ഫെക്റ്റീവ്സ്, കാര്‍ഡിയോവാസ്‌കുലാര്‍, ആന്റി ഡയബറ്റിക്, ഡെര്‍മറ്റോളജി, ഹോര്‍മോണ്‍ ചികിത്സ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ചികിത്സാ മേഖലകളില്‍ വിപുലമായ ഫോര്‍മുലേഷനുകള്‍ വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലുമാണ് മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്.

ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക് അതിന്റെ ഐപിഒയിലൂടെ 2,100 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 900 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും 1,200 കോടിയുടെ ഓഫര്‍ ഫോര്‍ സെയ്ലും ഉള്‍പ്പെടെയാണിത്. സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് ഐപിഒ വഴി 500 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയായിരിക്കും ഇത്. 1986 മുതല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി, സൗത്ത് സെന്‍ട്രല്‍ മുംബൈ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ മൂന്ന് കമ്പനികളുടെയും ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version