ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കാം

രുചിയ്ക്ക് പേരുകേട്ടവയാണ് ചെട്ടിനാട് വിഭവങ്ങൾ.ദേശങ്ങൾ താണ്ടി പോലും ചെട്ടിനാട് വിഭവങ്ങൾക്ക് ആരാധകർ ഏറെയുണ്ട്.പ്രശസ്തമായ ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഒരു കിലോ കോഴിയിറച്ചി
ഒരു വലിയ കഷണം ഇഞ്ചി
പത്ത് അല്ലി വെളുത്തുള്ളി
രണ്ട് തക്കാളി
മൂന്നു സവാള
രണ്ടു തണ്ട് കറിവേപ്പില
രണ്ടു ടീസ്പൂൺ മുളകുപൊടി
അര ടീസ്പൂൺ മഞ്ഞൾപൊടി
രണ്ടു ടീസ്പൂൺ നാരങ്ങാ നീര്

ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് എണ്ണ

 

വറുത്തു പൊടിക്കാൻ


അരമുറി തേങ്ങാ തിരുമ്മിയത്
അര ടീസ്പൂൺ ജീരകം
മുക്കാൽ ടീസ്പൂൺ പെരുംജീരകം
ഒന്നര ടേബിൾ സ്പൂൺ ഉണക്കമല്ലി
കാൽ ടീസ്പൂൺ കശകശ
രണ്ടു ചെറിയ കഷണം കറുവാപ്പട്ട

നാല് ഗ്രാമ്പൂ

നാല് ഏലയ്ക്ക
എട്ട് ഉണക്കമുളക്

 

തയ്യാറാക്കുന്ന വിധം


കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം തോരാൻ വയ്ക്കുക.ഇറച്ചിയിൽ നിന്നും വെള്ളം നന്നായി തോർന്ന ശേഷം അൽപം മഞ്ഞൾപൊടിയും ഉപ്പും നാരങ്ങാ നീരും  പുരട്ടി അര മണിക്കൂർ വയ്ക്കുക.

ഇനി തക്കാളിയും സവാളയും അരിഞ്ഞും ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കിയും വയ്ക്കുക.ശേഷം ”വറുത്തു പൊടിക്കാൻ ” ഉള്ള സാധനങ്ങളും തേങ്ങയും വറുത്തെടുക്കുക.ഇത് ചൂട് മാറിയ ശേഷം കല്ലിലോ മിക്സിയിലോ നന്നായി അരച്ചെടുക്കുക.

 

ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച് സവാള അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും കൂടി വഴറ്റുക.നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേർത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് ചൂടാക്കുക.

 

ഇനി കോഴിയിറച്ചി കൂടി ചേർത്തിളക്കി അൽപം ഉപ്പു കൂടി ചേർക്കുക.ഇറച്ചിയിൽ നന്നായി മസാല പിടിച്ച ശേഷം അൽപം ചൂടു വെള്ളം ഒഴിക്കുക.ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേർത്ത് വീണ്ടും ഇളക്കുക.

 

ഇനി അടച്ചു വെച്ച് വേവിയ്ക്കുക.അടുപ്പിൽ നിന്നും വാങ്ങാറാവുമ്പോഴേക്കും നാരങ്ങാ നീരും കൂടി ചേർത്തിളക്കുക.അടുപ്പിൽ നിന്നും വാങ്ങിക്കഴിഞ്ഞാൽ കറിയ്ക്കു മുകളിലായി കറിവേപ്പിലയോ മല്ലിയിലയോ വിതറി അലങ്കരിക്കാം.ചെട്ടിനാട് കോഴിക്കറി തയ്യാർ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version