റഷ്യ-യുക്രൈന്‍ യുദ്ധം: ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു; എണ്ണയുടെ വില കുതിച്ചുയരുന്നു

മുംബൈ: റഷ്യ യുക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു. മുംബൈ സൂചികയായ സെന്‍സെക്‌സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി. ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ.

സെന്‍സെക്‌സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറിനു മുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version