NEWS

ഡോക്ടർമാർ മോന്‍സണ്‍ൻ്റെ സ്വന്തം ആളുകളെന്ന് പീഡനത്തിനിരയായ പെൺകുട്ടി, പെണ്‍കുട്ടിയുടെ വൈദ്യപരിശോധന പോലീസ് തടഞ്ഞെന്ന് ഡോക്ടർമാർ

മോൻസൺന്റെ മകൻ പഠിക്കുന്ന കളമശേരി മെഡിക്കൽ കോളജിലാണ് പോക്സോ കേസിലെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത്. തന്നെ ലേബർ റൂമിൽ പൂട്ടിയിടുകയും ഡോക്ടർമാർ മോൻസണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പരാതിപ്പെടുന്നു. വനിതാ പോലീസ് പരിശോധന പൂർത്തിയാക്കാൻ അനുവദിക്കാതെ പെൺകുട്ടിയെ കൊണ്ടുപോയെന്ന് ഡോക്ടർമാർ ആരോപിക്കുന്നു

കൊ

ച്ചി: മോൻസൺ പ്രതിയായ പോക്സോ കേസിലെ പെൺകുട്ടിയുടെ പരിശോധന തടസപ്പെടുത്തിയത് വനിതാപോലീസെന്ന് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റ് സെക്രട്ടറി ഡോ. കെ.എസ് ഫൈസൽ അലി.

പെൺകുട്ടിയുടെ വൈദ്യ പരിശോധന നടക്കുന്നതിനിടെ വനിതാ പോലീസ് മുറിക്കുള്ളിലേക്ക് ചെല്ലുകയും പരിശോധന പൂർത്തിയാക്കാൻ അനുവദിക്കാതെ പെൺകുട്ടിയെ അവിടെ നിന്ന് കൊണ്ടുപോകുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം വൈദ്യപരിശോധനയ്ക്ക് എത്തിയ പെൺകുട്ടിയെ ലേബർ റൂമിൽ പൂട്ടിയിടുകയും ഡോക്ടർമാർ മോൻസണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നുമാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ ഈ പരാതി അടിസ്ഥാന രഹിതമാണെന്നാണ് കെ.ജി.എം.സി.ടി.എയുടെ ആരോപണം. അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേ കേസെടുക്കുകയും ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ 27ന് ഉച്ചക്കാണ് പോക്സോ കേസുമായി ബന്ധപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആലുവ ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്കു കൊണ്ടുവരുന്നത്. ഒപി വിഭാഗത്തിലെ രേഖകൾ പ്രകാരം ഉച്ചയ്ക്ക് 1.30 മണിയോടെയാണ് പൊലീസ് ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവിയുടെ നിർദേശപ്രകാരം അന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസി.പ്രഫസർ ഈ പെൺകുട്ടിയെ പരിശോധിച്ചു.

ലൈംഗികാതിക്രമ കേസുകളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായി അതിക്രമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെപ്പറ്റി വിശദമായ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും അത് പോക്സോ കേസുമായി ബന്ധപ്പെട്ടു നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുകയും ചെയ്യേണ്ടതുണ്ട്. തുടർന്ന് ഉച്ചയ്ക്കു രണ്ട് മണിയോടെ തുടങ്ങിയ പരിശോധനയുടെ ഭാഗമായുള്ള വിശദമായ അന്വേഷണത്തിനിടയിൽ ഏകദേശം മൂന്നു മണിയോടെ പൊലീസ് പെൺകുട്ടിയെ പരിശോധന പൂർത്തിയാക്കാൻ സമ്മതിക്കാതെ നിർബന്ധമായി ആശുപത്രിയിൽനിന്ന് കൊണ്ടുപോവുകയായിരുന്നു.

പരിശോധന പൂർത്തിയാക്കാൻ കഴിയാതിരുന്ന ഈ സാഹചര്യത്തിൽ ഇക്കാര്യം വ്യക്തമാക്കി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അന്നുതന്നെ മെഡിക്കൽ കോളജ് അധികൃതർക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താവുന്നതാണെന്നും ഡോ. ഫൈസൽ അലി വ്യക്തമാക്കി.

പെൺകുട്ടിയുടെ ആരോപണങ്ങളെ നിഷേധിക്കുകയാണ് കെ.ജി.എം.സി.ടി.എ.
പരിശോധിച്ച ഡോക്ടർ, മോൻസണ് അനുകൂലമായി സംസാരിച്ചുവെന്നു പറയുന്നത് ശരിയല്ല. മോൻസൺന്റെ മകൻ കോളജിൽ പഠിക്കുന്നുണ്ട് എന്ന് ഡോക്ടർ അറിയുന്നത് ഈ സംഭവത്തിന് ശേഷമാണ്. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരേ ഇപ്പോൾ ഇരയായ പെൺകുട്ടി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും പോലീസോ മോൻസണുമായി ബന്ധമുള്ള മറ്റ് ഉന്നതരോ കുട്ടിയെ ഭീഷണിപ്പെടുത്തിയായിരിക്കാം ഇത്തരത്തിലൊരു പരാതി നൽകിയതെന്നും ഡോ. ഫൈസൽ അലി ആരോപിക്കുന്നു.

Back to top button
error: