KeralaNEWS

പെട്രോൾ പമ്പിലെ കളക്ഷൻ തുക കൊള്ളയടിച്ച രണ്ട്പേർ അറസ്റ്റിൽ

കളക്ഷൻ തുക ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകവെ പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.

ആലപ്പുഴ: കലവൂരിലെ പെട്രോൾ പമ്പിൽ നിന്നും കളക്ഷൻ തുക കൊള്ളയടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് കുന്നേപ്പാടം വീട്ടിൽ രണവൽ, കഞ്ഞിക്കുഴി 11-ാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക് എന്നിവരെയാണ് ആലപ്പുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ഏപ്രിൽ 26ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കളക്ഷൻ തുകയായ 13,63000 രൂപ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോകവെ പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.
അന്വേഷണത്തിൻ്റെ തുടക്കത്തിൽ യാതൊരു തെളിവും ലഭിച്ചിരുന്നില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി 500ഓളം സി. സി. ടി. വി ദൃശ്യങ്ങൾ പരിശോധിക്കുകയും ആയിരത്തോളം ബൈക്കുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ അവ്യക്തമായിരുന്നതും മോഷ്ടാക്കൾ ഹെൽമറ്റിനൊപ്പം മാസ്ക്ക് ധരിച്ചിരുന്നതും അന്വേഷണം സങ്കീർണ്ണമാക്കി.

ജില്ലയ്ക്കകത്തും പുറത്തും സമാനരീതിയിൽ കുറ്റകൃത്യം നടത്തിയവരെ നിരീക്ഷിച്ചും ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചുമാണ് പ്രതികളിലേയ്ക്ക് എത്തിയത്. പിടിയിലായവർ മുമ്പ് മയക്കുമരുന്ന്,പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.
മോഷ്ടിക്കുന്ന പണം മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ചെലവഴിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker