KeralaNEWS

പാനൂര്‍ കേസ് പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്‌‌

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. മാത്രമല്ല രതീഷിന്റെ ആന്തരികാവയവങ്ങളില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. ഇത് മല്‍പ്പിടുത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് നിഗമനം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.മരണം ആത്മഹത്യയല്ല എന്ന സൂചന നല്‍കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട ചെക്യാട് അരൂണ്ടയില്‍ പോലീസിന്റെ വിദഗ്ധപരിശോധന നടത്തി. വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുഴമ്പ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. രതീഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker