സംസ്ഥാനത്ത്‌ കോവിഡ്‌ പരിശോധന വ്യാപകമാക്കും

ലദോഷപ്പനി, ശ്വസനപ്രശ്‌നം എന്നിവയുമായി ‌ ആശുപത്രിയിലെത്തുന്നവരെ ഉടൻ കോവിഡ്‌ പരിശോധന നടത്തും. ചെറുലക്ഷണം ഉള്ളവർക്ക്‌ ആന്റിജൻ പരിശോധനയും മറ്റുള്ളവർക്ക്‌ ആർടി പിസിആർ പരിശോധനയുമാണ്‌ നടത്തുക‌. സെപ്‌തംബറിൽ ദിവസം ഇരുപതിനായിരം രോഗികൾ ഉണ്ടാകുമെന്ന നിഗമനത്തെ തുടർന്നാണ്‌ പരിശോധന വ്യാപകമാക്കുന്നത്‌.

പനി വന്ന്‌ അഞ്ചാംദിനം ആന്റിജൻ പരിശോധനയും ശ്വസനപ്രശ്‌നമുള്ളവർക്ക്‌ ഉടൻ ആർടി പിസിആറും നടത്തണമെന്ന്‌ ആരോഗ്യ വകുപ്പിന്റെ പുതുക്കിയ പരിശോധനാ മാനദണ്ഡം‌ പറയുന്നു. അതിവ്യാപന മേഖലയിലെ (ക്ലസ്‌റ്റർ) ജലദോഷപ്പനി ഉള്ളവർ, കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽനിന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ, കോവിഡ്‌ രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ള രോഗലക്ഷണം ഇല്ലാത്തവർ, തടവുകാർ എന്നിവർക്കും ആന്റിജൻ പരിശോധന നടത്തും. ക്ലസ്‌റ്ററുകളിലെ ഉയർന്ന റിസ്ക്‌ വിഭാഗക്കാരെ ലക്ഷണമില്ലെങ്കിലും പരിശോധിക്കും.

സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തുന്നവർക്ക്‌ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടാൽ ആർടിപിസിആർ പരിശോധന നടത്തും. ആരോഗ്യ പ്രവർത്തകർ, പൊലീസ്‌, ഫീൽഡിൽ പ്രവർത്തിക്കുന്നവർ‌ എന്നിവർക്ക്‌ ലക്ഷണം കണ്ടാലും കോവിഡ്‌ ഭേദമായശേഷം പനി ഉണ്ടായാലും പിസിആർ പരിശോധന നടത്തും. നിശ്‌ചയിച്ച ശസ്ത്രക്രിയക്കുമുമ്പ്‌ ട്രൂ നാറ്റ്‌, പൂൾഡ്‌ ആർടി പിസിആർ പരിശോധനയും അടിയന്തര ശസ്ത്രക്രിയക്കുമുമ്പ്‌ ട്രൂ നാറ്റ്‌ പരിശോധനയും നടത്തും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version