NEWS

എസ് ആർ പിയും ചെന്നിത്തലയും ആർ എസ് എസും

കോൺഗ്രസിനുള്ളിൽ ഒരു ആർഎസ്എസ് ശാഖ ഉണ്ടെന്നും അതിന്റെ സർസംഘ ചാലക് രമേശ് ചെന്നിത്തലയാണെന്നും പറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആണ് ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ മറ്റൊരു ഉഗ്ര ബോംബുമായാണ് സംഘ പരിവാർ മറുപടി നൽകിയത് സിപിഐഎമ്മിന്റെ തല മുതിർന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രൻ പിള്ള ആർ എസ് എസ് പ്രവർത്തകൻ ആയിരുന്നു എന്നതായിരുന്നു ആ ബോംബ്. എസ് ആർ പി മാന്യൻ ആണെന്നും അതിനു കാരണം അദ്ദേഹത്തിന്റെ ആർ എസ് എസ് സംസ്കാരം ആണെന്നും ജന്മഭൂമി പറഞ്ഞു വെച്ചു. എന്നാൽ രമേശ് ചെന്നിത്തലക്ക് ആർഎസ്എസ് ബന്ധം ഇല്ലെന്നും അദ്ദേഹത്തിന്റെ അച്ഛന് ആർ എസ് എസ് ബന്ധം ഉണ്ടെന്നും ജന്മഭൂമി എഴുതി.

ഇപ്പോൾ ആർക്കാണ് ആർഎസ്എസ് ബന്ധം എന്നത് സംബന്ധിച്ചാണ് തർക്കം. ജന്മം മുതൽ ഇങ്ങോട്ട് ആർഎസ്എസുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പാർട്ടിയാണ് കോൺഗ്രസ്‌ എന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ ആർഎസ്എസ് അവകാശവാദം ഉന്നയിക്കുന്ന സർദാർ വല്ലഭായി പട്ടേൽ ആണ് ആദ്യം ആർഎസ്എസിനെ നിരോധിച്ചത്. 1948 ഫെബ്രുവരിയിൽ അദ്ദേഹം ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ആണ് ആദ്യം ആർഎസ്എസ് നിരോധിക്കപ്പെടുന്നത്. ഗാന്ധി വധം ആയിരുന്നു പശ്ചാത്തലം. 1949 ജൂലായിൽ നിരോധനം പിൻവലിക്കുകയും ചെയ്തു.

1975ൽ ഇന്ദിരാഗാന്ധിയാണ്‌ ആർഎസ്എസിനെ വീണ്ടും നിരോധിച്ചത്. അന്ന് ആർഎസ്എസ് തലവൻ ദേവറസ് നിരോധനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. എന്നാൽ ആ കത്തിൽ അടിയന്തരാവസ്ഥയെ കുറിച്ച് പരാമർശം ഇല്ലാതിരുന്നത് ഏറെ വിവാദത്തിനും കാരണമായി. 1992 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ആയിരുന്നു മൂന്നാം നിരോധനം.

ഒരർത്ഥത്തിൽ ഇന്ന് ഇന്ത്യയുടെ പ്രധാന പദവികളിലൊക്കെ ആർഎസ്എസ് ശാഖയിൽ പയറ്റിതെളിഞ്ഞവർ ഉണ്ട്. വാസ്തവത്തിൽ ആർഎസ്എസിന് ഒരു മേൽവിലാസം കൊടുത്തത് ജയപ്രകാശ് നാരായൺ എന്ന ജെപി ആണെന്ന് പറയാം. അടിയന്തരാവസ്ഥക്കാലത്ത് ജെപിക്ക് ശക്തമായ സംഘടനാബലം ആവശ്യം ഉണ്ടായിരുന്നു. അതിനായി ജനസംഘത്തെയും ആർഎസ്എസിനെയും കൂടെ കൂട്ടി. പിന്നീട് ജനതാ പാർട്ടിയിലും ജനസംഘത്തെ ജെപി കൂട്ടിയപ്പോൾ ആർഎസ്എസ് ബാന്ധവം ഉപേക്ഷിക്കണം എന്നൊരു ഉപാധിവെച്ചു. ജെപിക്ക് വാജ്‌പേയിയും അദ്വാനിയും ദേവറസും നൽകിയ ഉറപ്പ് ആർഎസ്എസ് -ജനസംഘം ബാന്ധവം ഉണ്ടാകില്ല എന്നായിരുന്നുവെന്നു പിന്നീട് ചരിത്രകാരന്മാർ രേഖപ്പെടുത്തി.

ജനതാ മന്ത്രിസഭയിൽ മന്ത്രിമാർ ആയിരുന്നു വാജ്‌പേയിയും അദ്വാനിയും പക്ഷെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല ജനതാ സർക്കാർ താഴെ വീഴുകയും ചെയ്തു. ജെപിയുടെ തകർച്ച മുതലാക്കിയത് 1980ൽ രൂപം കൊണ്ട ബിജെപിക്കാണ്. 1984ൽ ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചു. അതോടെ കോൺഗ്രസ്‌ ദുർബലമാകാൻ തുടങ്ങി. ഈ ഘട്ടത്തിൽ ആണ് ഹിന്ദുത്വം മുന്നോട്ട് വച്ച് ബിജെപി കുതിക്കാൻ തുടങ്ങിയത് . ആ രഥത്തിന്റെ കുതിപ്പിന്റെ ബാക്കിപത്രമാണ് ഇന്നത്തെ നരേന്ദ്രമോഡി സർക്കാർ.

ഇന്നിപ്പോൾ ആരൊക്കെ ആർഎസ്എസുകാർ എന്ന വിവാദം വെറുതെ ഉണ്ടായതല്ല. 1984ൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലോക്സഭയിൽ ഉണ്ടായിരുന്നത് രണ്ടിൽ നിന്ന് 303 ലേക്കുള്ള പ്രയാണം വളരെ ആസൂത്രിതമായി നടപ്പാക്കിയതായിരുന്നു.

ബിജെപിക്ക് കേരളത്തിൽ ഇന്നിപ്പോൾ ഒരു നിയമസഭാ സീറ്റ് ആണുള്ളത്. 80കളിലെ കുതിപ്പ് ബിജെപി കേരളത്തിലും സ്വപ്നം കാണുന്നുണ്ട്. ആർ ശങ്കറും എസ്ആർപിയും രമേശ് ചെന്നിത്തലയുമൊക്കെ ഏതെങ്കിലും തരത്തിൽ ആർഎസ്എസ് ബന്ധം ഉള്ളവർ ആയിരുന്നുവെന്നു പറഞ്ഞു വെക്കുമ്പോൾ തീർച്ചയായും കേരളത്തിൽ ബിജെപി വിടർത്താൻ ഉദ്ദേശിക്കുന്ന ചിറകുകളെ കുറിച്ചാണ് ഓർമ്മപ്പെടുത്തൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker