കെ.എസ്.ഇ.ബി 100 ദിവസത്തിൽ സമ്പൂർണ ഡിജിറ്റൽ, വൈദ്യുതി ബിൽ എസ്.എം.എസ് ആയി ലഭിക്കും; ഉപഭോക്താവിനുള്ള സേവനങ്ങളോ…?
ഉപഭോക്താവിനു ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ചോ വൈദ്യുതി ആഫീസുകളിലെ കെടുകാര്യസ്ഥതയെക്കുറിച്ചോ കെ.എസ്.ഇ.ബിക്ക് കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള 2,117 കോടി രൂപയെക്കുറിച്ചോ ഏമാന്മാർക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നതാണ് നികുതിദായകരായ ജനങ്ങൾക്ക് അറിയാനുള്ളത്.
വൈദ്യുതിബോർഡിൽ വൻ നവീകരണങ്ങളാണ് വരുന്നത്. കടലാസ് ബില്ലുകളോടു വിട പറഞ്ഞു കൊണ്ട് ഇലക്ട്രിസിറ്റി ബില്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ഇനി മുതൽ എസ്.എം.എസ് സന്ദേശമായി വരും. 100 ദിവസം കൊണ്ട് വൈദ്യുത ബോർഡിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആകും. കാര്‍ഷിക കണക്ഷന്, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നു.
100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ ഒരു ശതമാനം കാഷ് ഹാന്റ്ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള ബി.പി.എല്‍, കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെയുള്ള അപേക്ഷകള്‍ക്ക് 10 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കും.
കണ്‍സ്യൂമര്‍ നമ്പര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണമായ ഇ-പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം.
എല്ലാം ഉഷാറായി. ആനന്ദലബ്ലിക്കിനി എന്തു വേണം…? പക്ഷേ ഉപഭോക്താവിനു ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ചോ വൈദ്യുതി ആഫീസുകളിലെ കെടുകാര്യസ്ഥതയെക്കുറിച്ചോ കെ.എസ്.ഇ.ബിക്ക് കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള 2,117 കോടി രൂപയെക്കുറിച്ചോ ഏമാന്മാർക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നതാണ് നികുതിദായകരായ ജനങ്ങൾക്ക് അറിയാനുള്ളത്.