കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയതിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്ത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാറിലായിരുന്നു കാരാട്ടിന്‍െ വിമര്‍ശനം. കോണ്‍ഗ്രസ് വിലക്കിയിരുന്നില്ലെങ്കില്‍ ശശി തരൂര്‍ പങ്കെടുക്കേണ്ട സെമിനാറാണിതെന്ന് കാരാട്ട് ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യം ഇത് ഉയര്‍ത്തുന്നുവെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ ബി ജെ പിയെയും കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. ഹിജാബ്, ഭക്ഷണ അവകാശം എന്നിവ ചോദ്യം ചെയ്യുന്ന നിയമം ചില സംസ്ഥാനങ്ങളില്‍ ബി ജെ പി കൊണ്ടുവന്നു. ബി ജെ പി ചെയ്യുന്നതില്‍ പലതും രാജ്യത്തെ മത നിരപേക്ഷതയ്ക്ക് എതിരാണെന്നും കാരാട്ട് ചൂണ്ടികാട്ടി. ഹിന്ദു രാഷ്ട്ര നിര്‍മ്മാണമാണ് ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മതേതരത്തെ തകര്‍ക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഹിന്ദു ആരാധനാലയങ്ങളെ ബി ജെ പി സഹായിക്കുന്നു. ന്യൂന പക്ഷങ്ങളെ ബി ജെ പി രണ്ടാം പൗരനാക്കുന്നുവെന്നും ഇത് മത നിരപേക്ഷതയ്ക്ക് എതിരാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. ഡി രാജ, എം വി ജയരാജന്‍ എന്നിവരും ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാറില്‍ പങ്കെടുത്തു.
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലക്ക് ലംഘിച്ച് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ വി തോമസിനെതിരായ നടപടി കെ പി സി സി തീരുമാനിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടരി താരീഖ് അന്‍വര്‍ വ്യക്തമാക്കി. കെ പി സി സിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെ പി സി സിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍, കെ പി സി സിയുടെ നിര്‍ദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അന്‍വന്‍ കൂട്ടിച്ചേര്‍ത്തു. എ ഐ സി സി അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍.