BusinessNEWS

മികച്ച വരുമാനത്തിന് ആടുകൃഷി; ആടു വളർത്തലിൽ ശ്രദ്ധിക്കേണ്ടത്

രുമാനം മുൻനിർത്തി പാവപ്പെട്ടവന്റെ ആന എന്നാണ് ആടിനേപ്പറ്റി പണ്ടുള്ളവർ പറഞ്ഞിരുന്നത്.ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്.
ഇതിൽ ‍ ആട്ടിൻ കുട്ടികളുടെ വില്‍പ്പനയാണ് പ്രധാന വരുമാനമാര്‍ഗ്ഗമായി വരുന്നത്.അതിനാൽത്തന്നെ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.പേരിലെ ഗുമ്മിക് ഒഴികെ വിദേശ ജനുസ്സുകൾ ഒന്നുംതന്നെ നമ്മുടെ കാലാവസ്ഥയ്ക്ക് ചേരുന്നതല്ല.വിജയിക്കുന്നവർ ഇല്ലെന്നല്ല.പക്ഷെ കൂടുതൽ പേരും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മാംസാവശ്യത്തിനുള്ള വില്‍പ്പന കൂടി ഉദ്ദേശിച്ചാണെങ്കില്‍ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേർക്കാം ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല.
ഇനി പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍. കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായം വരെയുള്ളവയെ വാങ്ങണം. ശരീരത്തിന്‍റെ പുറകുവശത്തൊഴികെ മറ്റുഭാഗങ്ങളില്‍ രോമം വളരെ നീണ്ടുവളര്‍ന്ന ആടുകളെ ഒഴിവാക്കണം.ആട്ടിന്‍കുട്ടികളെയാണ് വാങ്ങുന്നതെങ്കില്‍ 3 മുതല്‍ 4 മാസംവരെ പ്രായമുള്ളവയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള പെണ്ണാട്ടിന്‍കുട്ടികളെ മാത്രം തെരഞ്ഞെടുക്കുക.
പാലുല്‍പ്പാദനം പ്രധാന ലക്ഷ്യമല്ലാത്തതിനാല്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നതുപോലെയുള്ള ഊര്‍ജ്ജം കൂടിയ തീറ്റകള്‍ ആടുകള്‍ക്ക് ആവശ്യമില്ല. കാലിത്തീറ്റ തുടര്‍ച്ചയായി നല്‍കുന്നത് നിരവധി ആടുകളില്‍ വിട്ടുമാറാത്ത വയറിളക്കത്തിന് കാരണമാകുന്നതായി കണ്ടിട്ടുണ്ട്. സ്വന്തമായി തീറ്റ തയ്യാറാക്കാന്‍ സന്നദ്ധതയുള്ളവര്‍ പിണ്ണാക്ക്, തവിട്, അരി/കൊള്ളിപ്പൊടി (കപ്പ/മരച്ചീനി) എന്നിവ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന തീറ്റ 200 മുതല്‍ 250 ഗ്രാം വരെ ഒരു ദിവസം നല്‍കിയാല്‍ മതി. തീറ്റയില്‍ നാരിന്‍റെയും മാംസ്യത്തിന്‍റെയും അനുപാതം വ്യത്യാസപ്പെടുന്നതനുസരിച്ച്  ഭക്ഷണം സ്വയം ക്രമീകരിക്കാന്‍ കഴിവുള്ള ഒരേയൊരു വളര്‍ത്തുമൃഗമാണ്‌ ആട്.

സുരക്ഷിതത്വവും നല്ല വായുസഞ്ചാരവുമുള്ള കൂടുകളാണ് ആടിന് ആവശ്യം . ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളില്‍ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കില്‍ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവന്‍ സമയവും കൂട്ടില്‍ നിര്‍ത്തുന്നവയ്ക്ക് ഒന്നിന് 15 ചതുരശ്ര അടിയുമാണ് സ്ഥലം വേണ്ടത്. നിലത്തുനിന്നും നാലടി പൊക്കത്തില്‍ പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് തറ പണിയേണ്ടത്.

 

Signature-ad

തറ നിര്‍മിക്കാന്‍ വേണ്ട മുള, പനമ്പട്ട, മരം എന്നിവയ്ക്ക് പകരമായി ഫെറോസിമന്‍റ് സ്ലാബുകളും കട്ടികൂടിയ പിവിസി സ്ലാബുകളും ഉപയോഗിക്കാം. ഇവ ആദായകരവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നവയുമാണ്. വശങ്ങളില്‍ കമ്പിവലയും മേല്‍ക്കൂരയില്‍ ടിന്‍ ഷീറ്റും ഉപയോഗിക്കാം. ഓലമേഞ്ഞ് പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് പൊതിഞ്ഞും ഉപയോഗിക്കാം.അഴിച്ചുവിട്ട് തീറ്റാൻ സൗകര്യമുള്ളവർക്ക് ആടുകൃഷിയോളം ലാഭം മറ്റൊന്നില്ല.മികച്ച ഒരു ജൈവവളം എന്ന നിലയിൽ ആട്ടിൻകാഷ്ഠത്തിനും ഇന്ന് വൻ ഡിമാന്റാണ് എന്നോർക്കുക.

Back to top button
error: