ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിയത് 311 ഡ്രോണുകള്‍. പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ വഴി ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ മയക്കുമരുന്നും ആയുധങ്ങളും എത്തുന്നതായി ബിഎസ്ഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഡിസംബര്‍ 23 വരെ 311 ഡ്രോണുകളാണ് അതിര്‍ത്തി കടന്ന് എത്തിയത്. മയക്കുമരുന്ന്–ആയുധ കടത്തുകള്‍ക്കാണ് ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ല്‍ 104 ഉം 2020ല്‍ 77 ഉം ഡ്രോണുകളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അതിര്‍ത്തി കടന്നെത്തിയത്. അമൃത്സറില് 164, ഗുരുദാസ്പൂരില്‍ 96, ഫിറോസ്പൂരില്‍ 84, അബോഹര്‍ ജില്ലകളില്‍ 25 എന്നിങ്ങനെയാണ് പാക് ഡ്രോണുകള്‍ നിരീക്ഷണത്തിനായി എത്തിയത് . ജമ്മു അതിര്‍ത്തിയില്‍ ഇന്ദ്രേശ്വര്‍ നഗറില്‍ 35 ഉം ജമ്മുവില്‍ 29 ഉം സുന്ദര്‍ബാനിയില്‍ 11 ഉം ഡ്രോണുകള്‍ നിരീക്ഷിച്ചു.
പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നുകളും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എഎന്‍ഐയോട് പറഞ്ഞു. ഒക്ടോബറില്‍ ശ്രീനഗറില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ അതിര്‍ത്തിയില്‍ വര്‍ധിച്ച ഡ്രോണ്‍ പ്രവര്‍ത്തനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.