IndiaNEWS

വാതിലുകള്‍ അടഞ്ഞിട്ടില്ല; ബംഗാളില്‍ തൃണമൂലുമായി സഖ്യത്തിന് സാധ്യത തുടരുന്നു: ജയറാം രമേശ്

ഗ്വാളിയോര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് നേരത്തെ മുഖ്യമന്ത്രിയും ടി.എം.സി നേതാവുമായ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, തങ്ങള്‍ ഇപ്പോഴും പ്രതീക്ഷയിലാണെന്ന് പട്നയില്‍ നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി ജയറാം രമേശ് വ്യക്തമാക്കി. തങ്ങള്‍ ഇന്‍ഡ്യ സഖ്യത്തിനൊപ്പമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് മുന്‍ഗണനയെന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ അത് അവരുടെ മുന്‍ഗണനയുടെയും ലക്ഷ്യത്തിന്റെയും പ്രസ്താവനയായി കാണുന്നുവെന്നും ജയറാം രമേശ് വ്യക്തമാക്കി.

തങ്ങള്‍ വാതിലുകളൊന്നും അടച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കുമെന്ന് അവര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. അത് അവരുടെ പ്രഖ്യാപനമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വാതിലുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. അതുവരെ അവസാന വാക്ക് പറയുന്നില്ല -രമേശ് ജയറാം പറഞ്ഞു.

ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കുന്ന സംയുക്ത പ്രതിക്ഷ റാലി വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ റാലിയാണ്. ഇത് ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യത്തെ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കാന്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇടവേള നല്‍കിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

 

Back to top button
error: